Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 06-08-2022

നഞ്ചിയമ്മയെ ഫോക്‌ലോര്‍ അക്കാദമി ആദരിക്കുന്നു

ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാവ് നഞ്ചിയമ്മയെ കേരള ഫോക്‌ലോര്‍ അക്കാദമി ആദരിക്കുന്നു. ആഗസ്റ്റ് 12 വെള്ളി വൈകിട്ട് 5ന് കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറിലാണ്(ആംഫി തീയേറ്റര്‍) പരിപാടി. ചടങ്ങില്‍ മേയര്‍ അഡ്വ. ടി ഒ മോഹനന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍, എം പിമാര്‍, എം എല്‍ എമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. നഞ്ചിയമ്മയും അതുല്‍ നറുകരയും സംഘവും അവതരിപ്പിക്കുന്ന നാടന്‍പാട്ടും അരങ്ങേറും. കേരള ഫോക്‌ലോര്‍ അക്കാമദി മുന്‍ അവാര്‍ഡ് ജേതാവ് കൂടിയാണ് നഞ്ചിയമ്മ.

കൂടിക്കാഴ്ച  10 ലേക്ക് മാറ്റി

കണ്ണൂര്‍ ഗവ പോളിടെക്നിക്ക് കോളേജില്‍ ആഗസ്റ്റ് ഒമ്പതിന് രാവിലെ പത്ത് മണിക്ക് നടത്താന്‍ തീരുമാനിച്ച ട്രേഡ് ഇന്‍സ്ട്രക്ടര്‍ താല്‍ക്കാലിക നിയമനത്തിനുള്ള  കൂടിക്കാഴ്ച ആഗസ്റ്റ് പത്തിന് രാവിലെ പത്ത്  മണിയിലേക്ക് മാറ്റിയതായി പ്രിന്‍സിപ്പല്‍ അറിയിച്ചു.

കര്‍ഷകകടാശ്വാസം : തുക അനുവദിച്ചു

കേരള കര്‍ഷക കടാശ്വാസ കമ്മീഷന്‍ ജില്ലയിലെ കര്‍ഷകര്‍ക്ക് നല്‍കാന്‍ ബാങ്കുകള്‍ക്ക് അനുവദിച്ച 80500/- രൂപ വിതരണം ചെയ്യാന്‍ ജില്ലാ സഹകരണസംഘം ജോയിന്റ് രജിസ്ട്രാര്‍ ഉത്തരവിട്ടു.  ജോസ് മഞ്ഞക്കലയില്‍ (കല്ല്യാട് സര്‍വ്വീസ് സഹകരണ ബാങ്ക് 11500/- രൂപ), വാസു ഉള്ളതാനിക്കല്‍ (ഉളിക്കല്‍ സര്‍വ്വീസ് സഹകരണ ബാങ്ക് 36000/- രൂപ),  പി കെ സുബൈദ കുന്നുമ്പ്രത്ത് (ഇരിക്കൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് 33000/- രൂപ) എന്നിവര്‍ക്കുള്ള തുകയാണ് ബാങ്കുകള്‍ക്ക് അനുവദിച്ചത്.

അണ്‍സ്‌കില്‍ഡ് പുരുഷ തൊഴിലാളികള്‍ക്ക്  വാക്ക് ഇന്‍ ഇന്റര്‍വ്യൂ

മത്സ്യഫെഡിന്റെ അഴീക്കല്‍ നെറ്റ് ഫാക്ടറിയില്‍ അണ്‍സ്‌കില്‍ഡ് പുരുഷ തൊഴിലാളികളുടെ ഒഴിവിലേക്ക് പത്താം തരം യോഗ്യതയുള്ളവരെ 179 ദിവസത്തേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു.  മത്സ്യത്തൊഴിലാളി സഹകരണസംഘത്തില്‍ അംഗത്വമുള്ള മത്സ്യത്തൊഴിലാളി കുടുംബത്തില്‍പ്പെട്ടവര്‍ക്ക് മുന്‍ഗണന.  താല്‍പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ആഗസ്റ്റ് 11 ന്  വ്യാഴം ഉച്ചക്ക് രണ്ട് മണിക്ക് അഴീക്കല്‍ മത്സ്യഫെഡ് നെറ്റ് ഫാക്ടറി ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാവണം.  ഫോണ്‍: 0497 2770119.

പോളിടെക്‌നിക്ക് ഡിപ്ലോമ ലാറ്ററല്‍ എന്‍ട്രി

ഈ അധ്യയന വര്‍ഷത്തെ രണ്ടാം വര്‍ഷ പോളിടെക്‌നിക് ഡിപ്ലോമയുടെ നേരിട്ടുള്ള ലാറ്ററല്‍ എന്‍ട്രി പ്രവേശനത്തിന്റെ അന്തിമ റാങ്ക് ലിസ്റ്റ് പ്രകാരം അപേക്ഷകര്‍ക്ക് ആഗസ്റ്റ് എട്ടു വരെ അഡ്മിഷന്‍ പോര്‍ട്ടലിലെ 'കൗണ്‍സലിങ്ങ് രജിസ്ട്രേഷന്‍' എന്ന ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യാം. രജിസ്റ്റര്‍ ചെയ്തവരെ മാത്രമേ കൗണ്‍സിലിംഗിന്
ഹാജരാകുവാന്‍ അനുവദിക്കൂ. റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ട സ്ഥാപനങ്ങളിലേക്കുള്ള കൗണ്‍സിലിംഗ് ജില്ലാതലത്തില്‍ ആഗസ്റ്റ് 16 മുതല്‍ 19 വരെ നോഡല്‍ പോളിടെക്‌നിക് കോളേജുകളില്‍ നടത്തും. ജില്ലകളില്‍ ഒരേ സമയം പ്രവേശനം നടക്കുന്നതിനാല്‍ ഓരോ ജില്ലകളുടെയും പ്രവേശന നടപടികളുടെ സമയക്രമം അഡ്മിഷന്‍ പോര്‍ട്ടലില്‍ പരിശോധിച്ച് ഹാജരാകുവാന്‍ ശ്രദ്ധിക്കണം. ഒന്നില്‍ കൂടുതല്‍ സ്ഥാപനങ്ങളില്‍ ഹാജരാകുവാന്‍ ആഗ്രഹിക്കുന്നവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും പ്രോക്‌സി ഫോമുമായി ഹാജരാകണം. ഒന്നില്‍ കൂടുതല്‍ സ്ഥാപനത്തില്‍ പ്രവേശനം നേടിയാല്‍ അവസാനം നേടിയ പ്രവേശനം മാത്രമേ നിലനില്‍ക്കുകയുള്ളൂ. മറ്റു പ്രവേശനങ്ങള്‍ സ്വമേധയാ റദ്ദാകും. വിശദ വിവരങ്ങള്‍ക്ക്: www.polyadmission.org/let.

ഗവ. സിറ്റി ഹയര്‍ സെക്കണ്ടറി സ്‌കൂൾ നൂറാം വാര്‍ഷികാഘോഷം; ക്യാപ്ഷനും ലോഗോയും ക്ഷണിച്ചു

ഗവ സിറ്റി ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ നൂറാം വാര്‍ഷികാഘോഷത്തിന്റെ പ്രചാരണത്തിന്  ക്യാപ്ഷനും ലോഗോയും ക്ഷണിച്ചു. സൃഷ്ടികള്‍ ആഗസ്റ്റ് പത്തിന് മുമ്പ് 9496357011 എന്ന വാട്‌സ് ആപ്പ് നമ്പറിലോ abooshiraz@gmail.com എന്ന മെയിലിലോ അയക്കണം. തെരഞ്ഞെടുക്കുന്ന സൃഷ്ടിക്ക്  ഉല്‍ഘാടന സമ്മേളനത്തില്‍ ആദരവ് നല്‍കും.

ലെവല്‍ക്രോസ് അടച്ചിടും

പള്ളിച്ചാല്‍-കാവിന്‍മുനമ്പ് റോഡില്‍ കണ്ണപുരം-പഴയങ്ങാടി സ്റ്റേഷനുകള്‍ക്കിടയിലുള്ള 254ാം നമ്പര്‍ ലെവല്‍ക്രോസ് ആഗസ്റ്റ് ഒമ്പത് ചൊവ്വ രാവിലെ എട്ട് മുതല്‍ ആഗസ്റ്റ് 13 ശനി രാത്രി എട്ട് മണി വരെ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടുമെന്ന് ദക്ഷിണ റെയില്‍വെ അസി ഡിവിഷണല്‍ എഞ്ചിനീയര്‍ അറിയിച്ചു.

വയര്‍മാര്‍ പ്രായോഗിക പരീക്ഷ 10, 11, 12 തീയതികളില്‍

സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിങ് ബോര്‍ഡിന്റെ വയര്‍മാന്‍ പ്രായോഗിക പരീക്ഷ ആഗസ്റ്റ് 10, 11,12 തീയതികളില്‍ തോട്ടട ഗവ ഐടിഐ യില്‍ നടത്തും.   ആഗസ്റ്റ് ഒമ്പത് പൊതു അവധി പ്രഖ്യാപിച്ചതിനാല്‍ അന്ന് നടത്താന്‍ നിശ്ചയിച്ച പരീക്ഷ 12ലേക്ക് മാറ്റി. പരീക്ഷയ്ക്ക് ഹാള്‍ടിക്കറ്റ് ലഭിക്കാത്ത യോഗ്യരായ പരീക്ഷാര്‍ഥികള്‍ ജില്ലാ കാര്യാലയവുമായി ബന്ധപ്പെടണം. ഫോണ്‍ : 04972999201.

മത്സ്യത്തൊഴിലാളികളുടെ  മക്കള്‍ക്ക് വിദ്യാഭ്യാസ അവാര്‍ഡ്

ഈ അധ്യയന വര്‍ഷം പത്താം ക്ലാസ്, പ്ലസ് ടു, വി എച്ച് എസ് സി പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ മത്സ്യത്തൊഴിലാളി  വികസന ക്ഷേമ സഹകരണ സംഘങ്ങളില്‍ അംഗങ്ങളായതും മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമുള്ളതുമായ മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് മികവ് വിദ്യാഭ്യാസ അവാര്‍ഡിന് അപേക്ഷകള്‍ ക്ഷണിച്ചു. പ്ലസ് ടു പരീക്ഷയില്‍ ഫിസിക്‌സ് സുവോളജി വിഷയങ്ങളില്‍ ഉയര്‍ന്ന മാര്‍ക്ക് ലഭിച്ച വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക അവാര്‍ഡ് നല്‍കും.  അര്‍ഹരായ വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ അപേക്ഷ, അര്‍ഹത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, രക്ഷിതാവിന്റെ സംഘാംഗത്വം തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ്, വിദ്യാര്‍ഥിയുടെ രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം മത്സ്യഫെഡ് ക്ലസ്റ്റര്‍ പ്രോജക്ട് ഓഫീസില്‍ ആഗസ്റ്റ് 15 ന് മുമ്പ് സമര്‍പ്പിക്കണം. ഫോണ്‍ : 0497 2731308.

വാഗമണ്‍, മൂന്നാര്‍ വിനോദസഞ്ചാര പാക്കേജുമായി കെ എസ് ആർ  ടി സി

സ്വാതന്ത്രദിനാഘോഷത്തിന്റെ ഭാഗമായി വിനോദസഞ്ചാര പാക്കേജുമായി കണ്ണൂര്‍ കെ എസ് ആർ  ടി സി. വാഗമണ്‍-കുമരകം, മൂന്നാര്‍-കാന്തലൂര്‍ എന്നിങ്ങനെ രണ്ട് പാക്കേജുകളാണുള്ളത്. വാഗമണ്‍-കുമരകം യാത്ര ആഗസ്റ്റ് 12ന് രാത്രി ഏഴ് മണിക്ക് പുറപ്പെട്ട് ആഗസ്റ്റ് 15ന് രാവിലെ ആറുമണിക്ക് തിരിച്ചെത്തും. താമസം, ഭക്ഷണം, ഓഫ് റോഡ് ജീപ്പ് സവാരി,  ഹൗസ് ബോട്ട് യാത്ര, ക്യാമ്പ് ഫയര്‍, മറൈന്‍ ഡ്രൈവ് എന്നിവ ഉള്‍പ്പടെ ഒരാള്‍ക്ക് 3900/- രൂപയാണ് ചെലവ്. മൂന്നാര്‍-കാന്തലൂര്‍ യാത്ര മൂന്ന് ദിവസത്തെ പാക്കേജാണ്.  ക്യാരവന്‍ രീതിയില്‍ സെറ്റ് ചെയ്തിട്ടുള്ള കെ എസ് ആര്‍ ടി സി ബസുകളിലെ താമസം മൂന്നാര്‍ പാക്കേജിന്റെ സവിശേഷതയാണ്. കൂടാതെ വാരാന്ത്യ വയനാട്, പൈതല്‍മല ട്രിപ്പുകളും പുനരാരംഭിക്കും. ബുക്കിങ്ങിനും കൂടുതല്‍ വിവരങ്ങള്‍ക്കും ഫോൺ : 9605372288, 8089463675, 9048298740

അപേക്ഷാ തീയ്യതി നീട്ടി

കയ്യൂര്‍ ഇ കെ നായനാര്‍ മെമ്മോറിയല്‍ ഗവ ഐ ടി ഐയിലെ 13  എന്‍ സി വി ടി ട്രേഡുകളിലേക്കുള്ള അപേക്ഷ സമര്‍പ്പിക്കുവാനുള്ള തീയ്യതി ആഗസ്റ്റ് പത്ത് വരെ നീട്ടി. അപേക്ഷ ഓണ്‍ലൈനായി www.itiadmissions.kerala.gov.in എന്ന വെബ് സൈറ്റ് മുഖേന സമര്‍പ്പിക്കണം. ഫോണ്‍ : 04672230980.

അറിയിപ്പ്

കലക്ടറേറ്റില്‍ ആഗസ്റ്റ് പത്താം തീയതി രാവിലെ 11 മണിക്ക് നിശ്ചയിച്ചിട്ടുള്ള ജില്ലാ പോലീസ് അതോറിറ്റി സിറ്റിംഗ് മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ചതായി സെക്രട്ടറി ആന്റ് ഹുസൂര്‍ ശിരസ്തദാര്‍ അറിയച്ചു.

സംരംഭകത്വ ശില്പശാല അവസാനിച്ചു

വിദേശ വിപണിയിലേക്ക് സംരംഭകരുടെ ഉത്പന്നങ്ങള്‍ എത്തിക്കുന്നതിന് ആവശ്യമായ നടപടിക്രമങ്ങള്‍,വിദേശ വ്യവസായ മേഖലയിലെ സാധ്യതകള്‍  എന്നിവയെ കുറിച്ചുള്ള സംരംഭകത്വ വര്‍ക്ക്‌ഷോപ്പിന്റെ  രണ്ടാം  ബാച്ച് വ്യവസായ  വാണിജ്യ വാകിപ്പിന്റെ സംരംഭകത്വ വികസന  സ്ഥാപനമായ  കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്‍ട്രപ്രണര്‍ഷിപ്പ് ഡവലപ്‌മെന്റ് ആഗസ്റ്റ് മൂന്ന് മുതല്‍ അഞ്ച് വരെ സംഘടിപ്പിച്ചു. കേരളത്തിന്റെ വിവിധ ജില്ലകളില്‍ നിന്നായി 33 സംരംഭകര്‍ പരിശീലനത്തില്‍ പങ്കെടുത്തു.പരിശീലനത്തില്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് ജോയിന്റ് ഡയറക്ടര്‍ കെ എം ഹരിലാല്‍, ഫെഡറേഷന്‍  ഓഫ് ഇന്ത്യന്‍ എക്‌സ്‌പോര്‍ട്ട് ഓര്‍ഗനൈസേഷന്‍  കേരള  ഹെഡ് എം സി രാജീവ്, കസ്റ്റംസ്  അസിസ്റ്റന്റ് കമ്മീഷണര്‍  ജി അനില്‍കുമാര്‍, മുന്‍ ഫെഡറല്‍  ബാങ്ക് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ എ മാധവന്‍, എക്‌സ്‌പോര്‍ട്ട് ഇന്‍സ്‌പെക്ഷന്‍ കൗണ്‍സില്‍  അസിസ്റ്റന്റ് ഡയറക്ടര്‍  യാദവ് മൂര്‍ത്തി, എക്‌സ്‌പോര്‍ട്ട് ക്രെഡിറ്റ് ഗ്യാരണ്ടീ കോപറേഷന്‍ മാനേജര്‍ പട്ടേല്‍ അഭിജിത്, , അഗ്രിക്കള്‍ചര്‍  ആന്‍ഡ് പ്രോസെസ്സഡ് ഫുഡ് പ്രോഡക്ടസ്  എക്‌സ്‌പോര്‍ട്ട് ഡെവലപ്പ്മന്റ് അതോറിറ്റി ബിസിനസ്സ് ഡവലപ്‌മെന്റ് മാനേജര്‍  ദീപന്‍ ചക്രവര്‍ത്തി, സ്‌പൈസ്സ് ബോര്‍ഡ് ഡെപ്യൂട്ടി ഡയറക്ടര്‍  മണികണ്ഠന്‍, ഷിപ്പിങ് ആന്റ് ലോജിസ്റ്റിക്‌സ് ട്രെയ്‌നര്‍ ബോണ്ണിഫേസ്  കോണോത്ത്, സിന്തൈറ്റ് ഇന്‍ഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ്  ഓപ്പറേഷന്‍ ഹെഡ് എല്‍ദോസ് പി കൗമ തുടങ്ങിയ  വിദഗ്ദ്ധര്‍ പരിശീലനത്തില്‍  ക്ലാസ്സുകള്‍ നയിച്ചു. ആഗസ്റ്റ് അഞ്ചി ന് പരിശീലനം വിജയകരമായി അവസാനിച്ചു. പരിശീലനത്തിന്റെ അടുത്ത ബാച്ച് സെപ്റ്റംബര്‍ 28,29,30 തീയതികളില്‍ നടക്കും.

കാണ്‍മാനില്ല

പെരിന്തട്ട കണ്ണങ്കൈ കോളനിയിലെ എം കാമരാജന്റെ മകന്‍ അപ്പു (15), ബന്ധു മഹേഷ് (16) എന്നിവരെ ജൂലൈ 19 ഉച്ച മുതല്‍ കാണാതായി.  സ്‌കൂള്‍ യൂണിഫോമായ കടും നീല പാന്റും ഇളം നീല, ഷര്‍ട്ടുമായിരുന്നു അപ്പുവിന്റെ വേഷം.  മലിഞ്ഞ ശരീരം, കറുപ്പ് നിറം, കുറഞ്ഞ ഉയരം.  ചുവന്ന ഷര്‍ട്ടും കറുത്ത പാന്റുമായിരുന്നു മഹേഷിന്റെ വേഷം.  നീണ്ട ശരീരം ഇരു നിറം. പെരിങ്ങോം പൊലീസ് കേസ് രജിസ്ടര്‍ ചെയ്ത് അന്വേഷണം തുടങ്ങി. കണ്ടു കിട്ടുന്നവര്‍ 04985236232, 9497947259, 9497980876 എന്ന നമ്പറില്‍ വിവരമറിയിക്കണം.

വൈദ്യുതി മുടങ്ങും

 

വളപട്ടണം ഇലക്ട്രിക്കല്‍ സെക്ഷനിലെ ആശാരി കമ്പനി, പട്ടേല്‍ റോഡ്, വിവേകാനന്ദ റോഡ്, കപ്പാലം എന്നിവിടങ്ങളില്‍ ആഗസ്റ്റ് ഏഴ് ഞായറാഴ്ച രാവിലെ 9.30 മുതല്‍ ഉച്ചക്ക് 2 മണി വരെ വൈദുതി മുടങ്ങും.
ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷനിലെ മാതൃഭൂമി സ്‌റ്റോപ്പ്, പെരിക്കാട്, പെരിങ്ങളായി, സത്രം റോഡ് എന്നീ സ്ഥലങ്ങളില്‍ ആഗസ്റ്റ് ഏഴ് ഞായര്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് മൂന്ന് മണി വരെ വൈദ്യുതി മുടങ്ങും.
 

 

 

https://prd.kerala.gov.in/

date