Skip to main content
പരൂര്‍ കുപ്രവള്ളി ഗവ.എല്‍ പി സ്‌കൂള്‍ പുതിയ കെട്ടിടം ഉദ്ഘാടനം സ്പീക്കർ എം.ബി രാജേഷ് നിർവഹിക്കുന്നു

പൊതുവിദ്യാലയങ്ങൾ അഭിമാന ഇടങ്ങളായി: സ്പീക്കർ എം.ബി രാജേഷ്

 

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾ ആത്മാഭിമാനം നൽകുന്ന ഇടങ്ങളായി മാറിയെന്ന് നിയമസഭ സ്പീക്കർ എം ബി രാജേഷ്. സർക്കാർ വിദ്യാലയത്തിലാണ് പഠനമെന്നത് ഇന്ന് അഭിമാനത്തോടെ പറയാനാകുന്നു എന്നും സ്പീക്കർ പറഞ്ഞു.  പരൂർ  കുപ്രവള്ളി ഗവണ്‍മെന്റ് എല്‍.പി സ്‌കൂൾ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. 

കുട്ടികളെ തേടി അധ്യാപകർ വീടുകളിലേയ്ക്ക് പോയിരുന്ന അവസ്ഥയിൽ നിന്ന് മാറി പൊതുവിദ്യാലയങ്ങളെ തേടി രക്ഷിതാക്കൾ എത്തുന്ന സാഹചര്യമാണുള്ളത്. പഠനരംഗത്തും പൊതുവിദ്യാലയങ്ങൾക്ക് ഉയർന്ന നേട്ടം കൈവരിക്കാൻ കഴിഞ്ഞെന്നതും അഭിമാനകരമാണെന്ന് സ്പീക്കർ കൂട്ടിച്ചേർത്തു.
 
ഒമ്പത് പതിറ്റാണ്ടിലേറെ പാരമ്പര്യമുള്ള വിദ്യാലയമാണ് പുന്നയൂർക്കുളം കുപ്രവള്ളി സ്കൂൾ. 1920 ല്‍ കാളത്തുപറമ്പില്‍ തീത്ത ഹജ്ജുമ്മ എന്ന അധ്യപികയുടെ നേതൃത്വത്തില്‍ ആരംഭിച്ച വിദ്യാലയത്തിന് 1927ലാണ് സര്‍ക്കാരിന്റെ അംഗീകാരം ലഭിക്കുന്നത്. കാലപ്പഴക്കത്താല്‍ കെട്ടിടം ജീര്‍ണാവസ്ഥയിലായതോടെ 2005-06ല്‍ പുന്നയൂര്‍ക്കുളം പഞ്ചായത്ത് ഭരണസമിതി സ്‌കൂള്‍ ഏറ്റെടുത്തു. തുടര്‍ന്ന് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായാണ് വിദ്യാലയത്തില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കിയത്. ഒന്ന് മുതല്‍ നാല് വരെയുള്ള ക്ലാസുകള്‍ കൂടാതെ പ്രീ പ്രൈമറി ക്ലാസുകളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.

സംസ്ഥാന സർക്കാരിന്റെയും ദേശീയ റര്‍ബണ്‍ മിഷന്റെയും സഹായത്തോടെ പഞ്ചായത്ത് 73.80 ലക്ഷം രൂപ വിനിയോഗിച്ചാണ്  പുതിയ  കെട്ടിടം പണിതുയര്‍ത്തിയത്. ഇരുനിലകളിലായി 3987 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണ്ണത്തിൽ പണിത  കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ 3 ക്ലാസ് മുറികളും താഴത്തെ നിലയില്‍ രണ്ട് ക്ലാസ് മുറികളുമുണ്ട്. കൂടാതെ സ്റ്റാഫ് റൂം, സ്റ്റെയര്‍ റൂം, ടോയ്ലറ്റ് ബ്ലോക്ക്, അടുക്കള എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.  കുടിവെള്ളത്തിന് 500 ലിറ്ററിന്റെ ടാങ്കും തയ്യാറാക്കിയിട്ടുണ്ട്. 

ചടങ്ങിൽ ഇന്ത്യ _നേപ്പാൾ ഇന്റർനാഷണൽ വുഷു ചാമ്പ്യൻഷിപ്പിൽ രാജ്യത്തിന് വേണ്ടി സ്വർണ്ണം നേടി പുന്നയൂർക്കുളം സ്വദേശി ഗാരിഷ് പ്രസാദിനെ സ്പീക്കർ പുരസ്കാരം നൽകി ആദരിച്ചു. എൻ കെ അക്ബർ എംഎൽഎ അധ്യക്ഷത വഹിച്ച ചടങ്ങിൽ നിർമ്മിതി കേന്ദ്രം പ്രോജക്ട് എൻജിനീയർ ടി ജി ശ്രീജിത്ത് റിപ്പോർട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിൻ ഷഹീർ , ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മന്ദലാംകുന്ന് മുഹമ്മദുണ്ണി, പുന്നയൂർക്കുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ കെ നിഷാർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ഫാത്തിമ ലീനസ്, പ്രേമ സിദ്ധാർത്ഥൻ, മൂസ ആലത്തിയിൽ, ബിന്ദു, വാർഡ് മെമ്പർ ഹാജറ കമറുദ്ദീൻ, പ്രധാന അധ്യാപിക എ ഒ ജസീന്ത, മറ്റ് അധ്യാപകർ, പഞ്ചായത്ത് അംഗങ്ങൾ, പിടിഎ  അംഗങ്ങൾ, വിദ്യാർത്ഥികൾ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

date