Skip to main content
ഫോട്ടോ അടിക്കുറിപ്പ്: വടക്കാഞ്ചേരി ആർ ഓ ബി - ഓൾഡ് എസ് എച്ച് - മസ്ജിദ് ലിങ്ക് റോഡ് സേവ്യർ ചിറ്റിലപ്പിളളി എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

വടക്കാഞ്ചേരിയിലെ ഗതാഗതക്കുരുക്കിന് പരിഹാരം; ലിങ്ക് റോഡ് നാടിന് സമർപ്പിച്ചു

 

വടക്കാഞ്ചേരി നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി ആർ ഓ ബി - ഓൾഡ് എസ് എച്ച് - മസ്ജിദ് ലിങ്ക് റോഡ് സേവ്യർ ചിറ്റിലപ്പിളളി എം എൽ എ നാടിന് സമർപ്പിച്ചു. എം എൽ എയുടെ 2021 - 22 വർഷത്തെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 5.8 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് ഇൻ്റർലോക്ക് ടൈൽ വിരിച്ച് നവീകരിച്ചത്. വടക്കാഞ്ചേരി നഗരസഭയുടെയും എൽ എസ് ജി ഡി എൻജിനീയറിംഗ് വിങിൻ്റെയും നേതൃത്വത്തിൽ സമയബന്ധിതമായാണ് പ്രവൃത്തി പൂർത്തീകരിച്ചത്. 

ബസുകൾക്ക് ഉൾപ്പെടെ വലിയ വാഹനങ്ങൾക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയിൽ വീതി കൂട്ടിയാണ് റോഡ് നിർമ്മിച്ചത്. വടക്കാഞ്ചേരി ബസ് സ്റ്റാൻഡിന് പിൻവശത്ത് പഴയ ഹൈവേയിലൂടെ സഞ്ചരിച്ച് പി ഡബ്ല്യൂ ഡി റസ്റ്റ് ഹൗസിന് സമീപത്ത് ഹൈവേയിലേക്ക് കയറി പോകാൻ കഴിയുന്ന ലിങ്ക് റോഡാണ് പുനരുദ്ധരിച്ച് നാടിന് സമർപ്പിച്ചത്. വാഹനങ്ങൾ ഇതിലൂടെ പോകുന്നതോടെ ബസ് സ്റ്റാൻഡ് പരിസരത്തും ഹൈവേയിലും അനുഭവപ്പെടുന്ന തിരക്കിന് പരിഹാരവും പഴയ ഹൈവേ റോഡിൽ പ്രവർത്തിക്കുന്ന കച്ചവടക്കാർക്ക് ആശ്വാസവുമാണ്. 

ലിങ്ക് റോഡിൻ്റെ ഉദ്ഘാടനം നഗരസഭ ചെയർമാൻ പി എൻ സുരേന്ദ്രൻ്റെ അധ്യക്ഷതയിൽ സേവ്യർ ചിറ്റിലപ്പിളളി എം എൽ എ നിർവഹിച്ചു. മുനിസിപ്പൽ അസിസ്റ്റൻ്റ് എൻജിനീയർ മഹേന്ദ്ര പി എ റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭ ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി ആർ അരവിന്ദാക്ഷൻ, നഗരസഭ കൗൺസിലർ ജിജി സാംസൺ, വ്യാപാര വ്യവസായി സമിതി പ്രസിഡൻ്റ് അജിത്ത് മല്ലയ്യ, വടക്കാഞ്ചേരി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് എൻ ടി ബേബി തുടങ്ങിയവർ  സംസാരിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺ ഷീല മോഹനൻ സ്വാഗതവും പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ സ്വപ്ന ശശി നന്ദിയും പറഞ്ഞു.

date