Skip to main content

ഭൂരഹിതരായ മുഴുവൻ ആദിവാസി കുടുംബങ്ങൾക്കും ഒരു വർഷത്തിനുള്ളിൽ ഭൂമി അനുവദിക്കും: മന്ത്രി കെ രാധാകൃഷ്ണൻ 

 

 

സംസ്ഥാനത്ത് ഭൂരഹിതരായ ആദിവാസി കുടുംബങ്ങൾക്ക് ഭൂമി നൽകുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും ഒരു വർഷത്തിനുള്ളിൽ ഭൂരഹിതരായ മുഴുവൻ കുടുംബങ്ങൾക്കും ഭൂമി അനുവദിക്കുമെന്നും പട്ടികജാതി പട്ടികവർഗ വികസന, ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. പയ്യാവൂർ ഗ്രാമപഞ്ചായത്തിൽ പുതുതായി നിർമിച്ച കരിമ്പക്കണ്ടി പാലം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. മുഴുവൻ ഭൂരഹിതർക്കും ഭൂമി നൽകുകയാണ് സംസ്ഥാന സർക്കാരിന്റെ  ലക്ഷ്യം. ഭൂമി ലഭ്യമാക്കുന്ന ക്രമത്തിൽ വാസയോഗ്യമായ പാർപ്പിടങ്ങൾ നിർമ്മിക്കുന്നതിനുള്ള പദ്ധതികളും നടപ്പാക്കും. ആദിവാസികൾക്ക് വീട് നിർമിച്ച് നൽകാൻ 140 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. പാർപ്പിട പ്രശ്നം ശാശ്വതമായി പരിഹരിക്കുന്നതിനോടൊപ്പം ഈ മേഖലയിലെ കുട്ടികൾക്ക് മെച്ചപ്പെട്ട  വിദ്യാഭ്യാസം സർക്കാർ ഉറപ്പുവരുത്തുമെന്നും മന്ത്രി പറഞ്ഞു.

പാലം നിർമ്മാണം പൂർത്തിയായതോടെ

പയ്യാവൂരിൽ നിന്ന് കരിമ്പക്കണ്ടി ആദിവാസി കോളനിയിലേക്ക് ആറ് കിലോമീറ്റർ ചുറ്റി സഞ്ചരിച്ചുകൊണ്ടിരുന്ന  കോളനി നിവാസികളുടെ ദീർഘകാലത്തെ ദുരിത യാത്രയ്ക്കാണ് വിരാമമായത്. പട്ടികവർഗ്ഗ വികസന വകുപ്പ് , കണ്ണൂർ ജില്ലാ പഞ്ചായത്ത്, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് എന്നിവർ സംയുക്തമായാണ്  നിർമാണ പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് അനുവദിച്ചത്.  കരിമ്പക്കണ്ടി പുഴയ്ക്ക് കുറുകെ 50 മീറ്റർ നീളത്തിലും, 2.5 മീറ്റർ വീതിയിലും, 6.5 മീറ്റർ ഉയരത്തിലുമാണ് പാലം നിർമ്മിച്ചത്. 66.62 ലക്ഷം രൂപ ചെലവിലാണ്  നിർമ്മാണം പൂർത്തീകരിച്ചത്. നടപ്പാതയാണെങ്കിലും അത്യാവശ്യഘട്ടത്തിൽ ചെറിയ ആംബുലൻസിന് സഞ്ചരിക്കാൻ സാധിക്കുന്ന വിധത്തിലാണ് പാലം നിർമ്മിച്ചത്. 

 

പരിപാടിയിൽ അഡ്വ സജീവ് ജോസഫ്  എംഎൽഎ  അധ്യക്ഷത വഹിച്ചു. ഇരിക്കൂർ ബ്ലോക്ക് അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർ ആർ മനോജ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.

ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് റോബർട്ട് ജോർജ്, ജില്ലാ പഞ്ചായത്ത് അംഗം എൻ പി ശ്രീധരൻ, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഒ എസ് ലിസി,  അംഗം ജെയിംസ് തുരുത്തേൽ,   പയ്യാവൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പ്രീതി സുരേഷ്, അംഗം ഇ എൻ രൂപേഷ്, ജില്ലാ പട്ടികവർഗ്ഗ വികസന ഓഫീസർ എസ് സന്തോഷ് കുമാർ, ഇരിക്കൂർ ബ്ലോക്ക് ബി ഡി ഒ ആർ അബു എന്നിവർ പങ്കെടുത്തു.

date