Skip to main content

ചാല എച്ച്.എസ്.എസിൽ ഇനി പെൺകുട്ടികളും

നാല് ദശാബ്ദത്തിന്റെ ഇടവേളക്ക് ശേഷം ചാല ബോയ്സ് ഹയർ സെക്കൻഡറി സ്‌കൂളിൽ പെൺകുട്ടികളും പഠിക്കാനെത്തുന്നു. പുതുതായി അഡ്മിഷൻ നേടിയ പെൺകുട്ടികളടക്കമുള്ള പ്ലസ് വൺ ബാച്ചിന്റെ പ്രവേശനോത്സവം ഇന്നു നടക്കും. രാവിലെ 9.30നു നടക്കുന്ന പരിപാടി ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും.
പെൺകുട്ടികൾക്ക് ഫല വൃക്ഷത്തൈകളും, ഉന്നത വിജയം നേടിയവർക്കുള്ള പുരസ്‌കാരവും ചടങ്ങിൽ വിതരണം ചെയ്യും. ചരിത്രപ്രാധാന്യമുള്ള വിദ്യാലയമാണ് ചാല ബോയ്സ് ഹയർ സെക്കൻഡറി സ്‌കൂൾ. ഒമ്പതാം നൂറ്റാണ്ടിനും പന്ത്രണ്ടാം നൂറ്റാണ്ടിനും ഇടയിൽ വലിയശാല കേന്ദ്രമായി പ്രവർത്തിച്ചിരുന്ന കാന്തല്ലൂർ ശാലയുടെ ഭാഗമായി പിന്നീട് ആരംഭിച്ചതാണ് ഈ സ്‌കൂൾ. മലയാളം, ഇംഗ്ലീഷ്, തമിഴ് മീഡിയങ്ങളിൽ പ്രവർത്തിച്ചിരുന്ന ഏക വിദ്യാലയമാണ് ഇത്. കുട്ടികളുടെ എണ്ണം ക്രമാതീതമായി കൂടിയപ്പോഴാണ് ഗേൾസ് സ്‌കൂൾ, തമിഴ് സ്‌കൂൾ, ബോയ്സ് സ്‌കൂൾ എന്നിങ്ങനെ മൂന്നായി തിരിച്ചത്. ഇതാണ് വർഷങ്ങൾക്ക് ശേഷം വീണ്ടും മിക്സഡ് സ്‌കൂൾ ആയി മാറിയിരിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആൺ- പെൺ വേർതിരിവ് പാടില്ല എന്ന് ബാലാവകാശ കമ്മീഷനും അടുത്തിടെ ഉത്തരവിറക്കിയിരുന്നു.
പി.എൻ.എക്സ്. 3922/2022

date