Skip to main content

മോട്ടോര്‍ വാഹന വകുപ്പ് പരാതി പരിഹാര അദാലത്ത് വാഹനീയം ഇന്ന് ടൗണ്‍ഹാളില്‍ നടക്കും

മന്ത്രി അഡ്വ.ആന്റണി രാജു ഉദ്ഘാടനം ചെയ്യും

ജില്ലയില്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ കീഴിലുള്ള ഓഫീസുകളില്‍ തീര്‍പ്പാക്കാതെയുള്ള അപേക്ഷകളിലും പരാതികളിലും ഉടനടി നടപടി സ്വീകരിക്കുന്നതിനായി  ജില്ലാതല പരാതി പരിഹാര അദാലത്ത് 'വാഹനീയം' ഇന്ന് ( ഓഗസ്റ്റ് 27) നടക്കും. മലപ്പുറം മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ രാവിലെ 10ന് നടക്കുന്ന പരിപാടി ഗതാഗത വകുപ്പ് മന്ത്രി അഡ്വ. ആന്റണി രാജു ഉദ്ഘാടനം ചെയ്യും. കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ അധ്യക്ഷനാകും. എംപിമാരായ എം.പി അബ്ദുസമദാനി എം.പി, ഇ.ടി മുഹമ്മദ് ബഷീര്‍, പി.വി അബ്ദുല്‍ വഹാബ് എന്നിവര്‍ മുഖ്യാതിഥികളാകും. പി. ഉബൈദുള്ള എം.എല്‍.എ ആമുഖ പ്രഭാഷണം നടത്തും. ജില്ലയിലെ എല്ലാ എം.എല്‍.എമാരും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ, മലപ്പുറം നഗരസഭാ ചെയര്‍മാന്‍ മുജീബ് കാടേരി, ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എസ്.ശ്രീജിത്ത്, അഡീഷനല്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ പി.എസ് പ്രമോജ് ശങ്കര്‍  തുടങ്ങിയവര്‍ പങ്കെടുക്കും. അദാലത്തില്‍ ഗതാഗത വകുപ്പ് മന്ത്രി വിവിധ വിഷയങ്ങളില്‍ അപേക്ഷകരുമായി നേരിട്ട് സംവദിക്കും. ജില്ലയിലെ മോട്ടോര്‍ വാഹന വകുപ്പിന് കീഴിലുള്ള വിവിധ ഓഫീസുകളില്‍ തീര്‍പ്പാകാത്ത ഫയലുകളില്‍ വേഗത്തില്‍ പരിഹാരം കാണുന്നതിനാണ്  പരിപാടി സംഘടിപ്പിക്കുന്നത്.

 ദീര്‍ഘനാളായി തീര്‍പ്പാകാതെ കിടക്കുന്ന അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിനും മേല്‍ വിലാസക്കാരന്‍ സ്ഥലത്തില്ലാത്തതിനാല്‍ കൈപ്പറ്റാതെ തിരിച്ചു വന്ന ആര്‍.സി, ലൈസന്‍സ് എന്നിവ അദാലത്തില്‍ നേരിട്ട് ഉടമസ്ഥന് കൈപ്പറ്റാം. തീര്‍പ്പാവാത്ത ചെക്ക് റിപ്പോര്‍ട്ടുകള്‍ ഈ അദാലത്തില്‍ അനുവദിക്കാവുന്ന ഇളവുകള്‍ നല്‍കി തീര്‍പ്പാക്കും. രേഖകളുടെ അഭാവത്തില്‍  ദീര്‍ഘകാലമായി തീരുമാനമാകാത്ത അപേക്ഷകളില്‍ തല്‍സമയം പരിഹാരം കാണുന്നതിന് ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് മലപ്പുറം ആര്‍ടിഒ അറിയിച്ചു.

date