Skip to main content

തലയുയര്‍ത്തി അംബേദ്കര്‍ ഗ്രാമങ്ങള്‍

 

ഒരുവര്‍ഷം കൊണ്ട് തിളങ്ങിയത് 40 പട്ടികജാതി കോളനികൾ 

പട്ടികജാതി കോളനികളുടെ വികസനം ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന അംബേദ്കര്‍ ഗ്രാമം പദ്ധതി പ്രകാരം ജില്ലയില്‍ മുഖം മിനുക്കിയത് 40 കോളനികള്‍. സംസ്ഥാനത്ത് ഏറ്റവും അധികം അംബേദ്കര്‍ ഗ്രാമങ്ങള്‍ പൂര്‍ത്തീകരിച്ച അഭിമാനനേട്ടത്തിലാണ് തൃശൂര്‍. 

63 കോളനികളാണ് പദ്ധതി പ്രകാരം ഏറ്റെടുത്തത്. ഇതില്‍ 11 കോളനികളിലെ പ്രവൃത്തികള്‍ നേരത്തെ പൂര്‍ത്തിയായിരുന്നു. മിച്ചമുള്ള 52 പദ്ധതികളില്‍  40 കോളനികളിലെ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ പൂർത്തിയായി. ബാക്കിയുള്ള 12  കോളനികളിലെ പ്രവൃത്തികള്‍ ഡിസംബറിനകം പൂര്‍ത്തിയാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

ഓരോ നിയോജകമണ്ഡലത്തിലും അടിസ്ഥാനസൗകര്യ വികസനത്തിൽ പിന്നാക്കം നിൽക്കുന്ന പട്ടികജാതി കോളനികളെ തെരഞ്ഞെടുത്ത് വികസനപ്രവർത്തനങ്ങൾ നടത്തുകയാണ് അംബേദ്കർ ഗ്രാമം പദ്ധതിയിൽ. ഗുരുവായൂര്‍ നിയോജക മണ്ഡലത്തിലെ കമ്പനിപ്പടി കോളനി, ചേലക്കരയിലെ തേക്കിന്‍കാട് കോളനി, കൊടുങ്ങല്ലൂര്‍ - ചാപ്പാറ കോളനി, ഇരിങ്ങാലക്കുടയിലെ ആനുരുളി - പടന്ന കോളനി, പുതുക്കാട് - കഴുമ്പള്ളം അംബേദ്കര്‍ കോളനി, നാട്ടിക - ഇഞ്ചമുടി മാരിപ്പാടം കോളനി, മണലൂരിലെ ഇറിഗേഷന്‍ എസ് സി കോളനി, ഇരിങ്ങാലക്കുട കടുപ്പശ്ശേരി ഐഎച്ച്ഡിപി കോളനി, ഒല്ലൂര്‍ നെടുപുഴയിലെ എകെജി കോളനി തുടങ്ങിയവ പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച കോളനികളാണ്. 

ഇന്റേണല്‍ റോഡ്, കുടിവെള്ള പദ്ധതി, അഴുക്കുചാലുകൾ, വീടുകളിലേക്കുള്ള സോളാര്‍ വൈദ്യുതീകരണം, സോളാര്‍ തെരുവുവിളക്ക്, ഭവന പുനരുദ്ധാരണം, മാലിന്യനിര്‍മാര്‍ജനം, കമ്മ്യൂണിറ്റി ഹാള്‍, സാംസ്‌കാരിക നിലയം, സംരക്ഷണ ഭിത്തികള്‍ എന്നിവ ഉള്‍പ്പെയുള്ള വികസന പ്രവർത്തനങ്ങളാണ് ഈ കോളനികളില്‍ നടത്തിയത്. ജില്ലാ നിർമിതി കേന്ദ്രയുടെ നേതൃത്വത്തിലാണ് നിർമാണ പ്രവർത്തനങ്ങൾ നടത്തിയത്.

 2016-17 കാലയളവില്‍ ഒരു കോടി രൂപയാണ് അനുവദിച്ചിരുന്നത്. 2018-19ല്‍ പ്രളയം കൂടുതല്‍ ബാധിച്ച കോളനികളുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളാണ് ഏറ്റെടുത്തത്. 2019 - 20ല്‍ ഏറ്റെടുത്ത കോളനികള്‍ക്കായി 50 ലക്ഷം രൂപ വകയിരുത്തി. ഈ വർഷം 31 അംബേദ്കര്‍ ഗ്രാമങ്ങളിലെ പ്രവൃത്തികൾ ഏറ്റെടുക്കും.

date