Skip to main content

ആളൂർ പഞ്ചായത്തിന്റെ കരുതലിൽ അഭിലാഷിന് പുതുജീവിതം

 

ആളൂർ പഞ്ചായത്തിന്റെ കരുതലിൽ വെല്ലുവിളികളെ അതിജീവിക്കുകയാണ് അഭിലാഷ്.  ഭിന്നശേഷിക്കാരനായ അഭിലാഷിന് യാത്രാ സൗകര്യത്തിന് മുച്ചക്ര വാഹനം നൽകിയാണ് പഞ്ചായത്ത് ആശ്വാസമായത്. ആളൂർ പഞ്ചായത്തിലെ  തിരുത്തിപറമ്പ് വാർഡിലെ കറുകപ്പിള്ളി ബേബിയുടെയും സാവിത്രിയുടെയും ഏക മകനാണ് 37 വയസുള്ള അഭിലാഷ്.

ശരീരത്തിന്റെ വലുതുഭാഗത്തിന് സ്വാധീനം കുറവാണ് അഭിലാഷിന്. ചികിത്സ നടത്തിയിട്ടും ഫലമുണ്ടായില്ല. ആളൂർ കറാപ്പാലത്തുളള അലുമിനിയം കമ്പനിയിലാണ് അഭിലാഷിന് ജോലി. കുടൽ രോഗത്തിന് ചികിത്സ തേടുന്ന അച്ഛനും കാൻസർ രോഗിയായ അമ്മയും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയം അഭിലാഷാണ്. എന്നാൽ സ്വന്തമായി വാഹനമില്ലാത്തതിനാൽ ജോലിക്ക് പോകുന്നത് ഉൾപ്പെടെ പ്രയാസമായിരുന്നു. കോവിഡ് കാലത്ത് പ്രതിസന്ധി വർധിച്ചു. തുടർന്നാണ് പഞ്ചായത്തിൽ മുച്ഛക്ര വാഹനത്തിന് അപേക്ഷ നൽകുന്നത്. 

2022-23 പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഭിന്നശേഷിക്കാർക്കുള്ള മുച്ചക്രവാഹനം വിതരണം ചെയ്തത്. 3.84 ലക്ഷം രൂപ വകയിരുത്തി പഞ്ചായത്തിലെ നാല് പേര്‍ക്ക് പദ്ധതി വഴി സേവനം ലഭിച്ചത്. ബസ് യാത്ര ബുദ്ധിമുട്ടായതിനാൽ ഇരുചക്ര വാഹനക്കാരോട് ലിഫ്റ്റ് ചോദിച്ചാണ് ജോലിക്ക് പോകാറ്. കോവിഡ് കാലത്ത് ഇത് സാധിച്ചില്ല. സ്വന്തമായി ചെറിയ സംരംഭം തുടങ്ങണമെന്നാണ് അഭിലാഷിന്റെ ആഗ്രഹം. രശ്മിയാണ്  ഭാര്യ. രണ്ട് വയസുള്ള കാർത്തികേയൻ മകനാണ്.

date