Skip to main content

സിവില്‍ സ്റ്റേഷനിലെ ബി3 ബ്ലോക്കില്‍ തീപിടുത്തം

സിവില്‍ സ്റ്റേഷനിലെ ബി3 ബ്ലോക്കിലെ ജില്ലാ ഐ.ടി മിഷന്‍ ഓഫീസ് കെട്ടിടത്തിന്റെ പുറത്ത് സ്ഥാപിച്ച എ.സി ഔട്ട്‌ഡോര്‍ യൂണിറ്റിലേക്കുള്ള പവര്‍ സപ്ലൈ കേബിളിനാണ് ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണം തീ പിടിച്ചത്. ഇന്നലെ (സെപ്തംബര്‍ ഒന്ന് ) ഏകദേശം 11.30 ഓടെയാണ് കെട്ടിടത്തില്‍ തീ കണ്ടത്. കെട്ടിടത്തിന് പുറത്ത് അല്‍പ സമയം കൊണ്ട് തന്നെ പുക നിറഞ്ഞു. ഇതിനെത്തുടര്‍ന്ന് ജീവനക്കാര്‍ പരിഭ്രാന്തരായി. ഇതേ സമയം തൊട്ടടുത്ത പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചര്‍ ഓഫീസിലെ ജീവനക്കാരനായ സി. വിവീന്‍ ഫയര്‍ എക്സ്റ്റിംഗ്യൂഷര്‍ ഉപയോഗിച്ച് ഉടന്‍ തന്നെ തീ അണച്ചു.
വിവീന്റെ സമയോചിതമായ ഇടപെടല്‍ മൂലം വന്‍ അഗ്‌നിബാധയാണ് ഒഴിവായത്. മുന്‍പ് ഫയര്‍ഫോഴ്‌സ് ഓഫീസില്‍ ജോലി ചെയ്ത മുന്‍പരിചയമാണ് വിവീന് തീ അണക്കുന്നതിന് സഹായകരമായത്.

 കെട്ടിടത്തില്‍ സ്ഥാപിച്ച ഡ്രൈ കെമിക്കല്‍ ഫയര്‍ എക്സ്റ്റിംഗ്യൂഷര്‍ ഉപയോഗിച്ച് തീ അണക്കുകയായിരുന്നു. തീപടര്‍ന്ന വിവരം ഉടന്‍ തന്നെ ഫയര്‍ഫോഴ്‌സിനെ അറിയിച്ചതിനാല്‍ മലപ്പുറം യൂണിറ്റിലെ ഫയര്‍ ഫോഴ്‌സ് യൂണിറ്റും ഉടന്‍ തന്നെ സംഭവ സ്ഥലത്തെത്തി. സിവില്‍ സ്റ്റേഷനിലെ കലക്ടറേറ്റ് ഓഫീസിനോട് ചേര്‍ന്നാണ് ബി 3 ബ്ലോക്ക് സ്ഥിതി ചെയ്യുന്നത്. ഇതേ കെട്ടിടത്തിലാണ് ഡി.എം.ഒ ഫീസ് ഉള്‍പ്പെടെയുളള പല പ്രധാന ഓഫീസുകളും പ്രവര്‍ത്തിക്കുന്നത്.

തീപിടുത്തത്തിന്റെ പശ്ചാത്തലത്തില്‍ ഉടന്‍ തന്നെ ജില്ലാ കലക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ അഗ്‌നിബാധയുണ്ടായ ഓഫീസും കെട്ടിടവും സന്ദര്‍ശിച്ചു. ബി3 ബ്ലോക്കിലെ മുഴുവന്‍ ഓഫീസുകളിലെയും സുരക്ഷാ സംവിധാനങ്ങള്‍ പരിശോധിക്കാന്‍ പൊതുമരാമത്ത് കെട്ടിട വിഭാഗത്തിന് കലക്ടര്‍ നിര്‍ദേശം നല്‍കി. ഇതോടൊപ്പം കെട്ടിടത്തിന്റെ വിവിധ ഇടങ്ങളിലായി ആറ് ഫയര്‍ എക്സ്റ്റിംഗ്യൂഷര്‍ സ്ഥാപിക്കാനും നിര്‍ദേശം നല്‍കി. കലക്ടറോടൊപ്പം എ.ഡി എം എന്‍.എം മെഹ്‌റലി, ദുരന്ത നിവാരണം ഡെപ്യൂട്ടി കലക്ടര്‍ ടി. മുരളി തുടങ്ങിയവരും സംഭവ സ്ഥലം സന്ദര്‍ശിച്ചു. സമയോചിതമായ ഇടപെടലിലൂടെ വന്‍ അഗ്‌നിബാധ ഒഴിവാക്കിയ സി.വിവീനെ കലക്ടര്‍ അഭിനന്ദിച്ചു.

date