Skip to main content

പുഷ്പകൃഷിയിലൂടെ കാര്‍ഷിക സംരംഭകത്വത്തിന് മാതൃക സൃഷ്ടിച്ച് പരപ്പനങ്ങാടി നഗരസഭ

പുഷ്പ കൃഷിയിലൂടെ കാര്‍ഷിക സംരംഭകത്വത്തിന് മാതൃക സൃഷ്ടിച്ച് പരപ്പനങ്ങാടി നഗരസഭ. ജില്ലാ കൃഷി വിജ്ഞാനകേന്ദ്രം, കാര്‍ഷിക കര്‍മ്മ സേന പരപ്പനങ്ങാടി കൃഷിഭവന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ തുടങ്ങിയ ചെണ്ടുമല്ലി കൃഷി വിളവെടുത്തു. കൃഷി വിജ്ഞാന കേന്ദ്രം ശാസ്ത്രജ്ഞന്‍    പി.കെ അബ്ദുല്‍ ജബാര്‍, മേധാവി ഡോ. സി. ഇബ്രാഹിംകുട്ടി എന്നിവരുടെ നേതൃത്വത്തില്‍ വൈസ് ചെയര്‍പേഴ്‌സണ്‍ കെ.ഷഹര്‍ ബാനുവിന്റെ അധ്യക്ഷതയില്‍ നഗരസഭ ചെയര്‍മാന്‍  എ.ഉസ്മാന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കര്‍മ്മ സേന സൂപ്പര്‍വൈസര്‍ സയ്യിദ് ഫാഹിം, യുവകര്‍ഷകരായ കൃഷ്ണന്‍കുട്ടി, ഹരീഷ്, വിജീഷ്, ഷാജി, ഷിനോജ്, പ്രജീഷ്, രാധാകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലാണ് കൃഷി.
 ജൂലൈ 12ന്  നട്ട  തൈകള്‍ 45 ദിവസം കൊണ്ട് വിളവെടുപ്പിന് തയ്യാറായി. കൃഷി വിജ്ഞാന കേന്ദ്രം ശാസ്ത്രജ്ഞന്‍ പി.കെ അബ്ദുല്‍ ജബാര്‍, കൃഷി ഓഫീസര്‍ പി.സുമയ്യ എന്നിവരുടെ നേതൃത്വത്തില്‍ പത്ര പോഷണം അടക്കമുള്ള നൂതന വിദ്യകള്‍ കര്‍ഷകര്‍ക്കു പകര്‍ന്നു നല്‍കി. വരും വര്‍ഷങ്ങളില്‍ വിപണിക്കനുസരിച്ച് നേരത്തെ കൃഷി ഇറക്കാനും യുവ സംരംഭകര്‍ക്ക് തീര്‍ത്തും അനുയോജ്യമായ ഒരു ബിസിനസ് മോഡലായി ഇത് വളര്‍ത്തിയെടുക്കാനും ദേശീയ ഗവേഷണ രംഗത്തെ അര്‍ക്കാ അഗ്‌നി, അര്‍ക്കാ ബംഗാര എന്നീ ഇനങ്ങള്‍ ഈ കൂട്ടായ്മയിലൂടെ പരീക്ഷിക്കാനും ധാരണയായി. വികസന സ്ഥിരം സമിതി ചെയര്‍മാന്‍ പി.വി മുസ്തഫ സംസാരിച്ചു.

date