Skip to main content
നെടുപുഴ പോളിടെക്ക്നിക്ക് പുതിയ കെട്ടിടം ഉദ്ഘാടനം മന്ത്രി ആർ.ബിന്ദു നിർവഹിക്കുന്നു

പെൺകുട്ടികൾക്കായി പോളിടെക്നിക്കുകളിൽ സ്റ്റാർട്ടപ്പ് എൻവയോൺമെൻറ്: മന്ത്രി ആർ ബിന്ദു

 

സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് പെൺകുട്ടികളുടെ ഉന്നമനത്തിനായി സ്റ്റാർട്ടപ്പ് എൻവയോൺമെൻറ് എല്ലാ പോളിടെക്നിക് കോളേജിലും ഉണ്ടാക്കിയെടുക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു. നെടുപുഴ വനിത പോളിടെക്നിക്കിൽ പുതുതായി പണികഴിപ്പിച്ച യൂട്ടിലിലിറ്റി സെന്ററിന്റെയും നവീകരിച്ച ലേഡീസ് ഹോസറ്റലിന്റെയും ഉദ്ഘാടനവും ഇൻഡോർ സ്റ്റേഡിയത്തിന്റേയും കോളേജ് ചുറ്റുമതിലിന്റേയും നിർമ്മാണ ഉദ്ഘാടനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. 

2.28 കോടി രൂപ മുതൽമുടക്കിൽ പുതുതായി നിർമ്മിച്ച 8025 ചതുരശ്ര അടിയുള്ള യൂട്ടിലിറ്റി സെന്ററിൽ മൂന്നു നിലകളിലായി രണ്ട് ക്ലാസ്റൂമും ആറ് ലാബും ഉണ്ട്.  70 ലക്ഷം രൂപ മുടക്കിൽ ഇരുനിലകളുള്ള നവീകരിച്ച ഹോസ്റ്റൽ കെട്ടിടമാണ് പണി പൂർത്തിയായി വിദ്യാർഥിനികൾക്കായി സമർപ്പിച്ചത്. 30.32 ലക്ഷം രൂപ എസ്റ്റിമേറ്റ് തുകയിലാണ് ഷട്ടിൽ കോർട്ട് അടങ്ങിയ ഇഡോർ സ്റ്റേഡിയം നിർമ്മിക്കുന്നത്.

പോളിടെക്നിക് പോലെ പുരുഷ മേൽക്കൈയുള്ള മേഖലകളിൽ ഇന്ന് ഏറ്റവും കൂടുതൽ നേട്ടം കൈവരിക്കുന്നത് പെൺകുട്ടികളാണെന്ന് മന്ത്രി ആർ ബിന്ദു പറഞ്ഞു. അതുകൊണ്ടുതന്നെ സാങ്കേതികവിദ്യാഭ്യാസ രംഗത്ത് പെൺകുട്ടികളുടെ പങ്കാളിത്തം അനിവാര്യമാണെന്നും ഇതിനായി സർക്കാർ ഒപ്പമുണ്ടെന്നും മന്ത്രി പറഞ്ഞു. നവവൈജ്ഞാനിക സമൂഹമാക്കാൻ വിദ്യാർത്ഥിനികൾ തയ്യാറാകണം. വലിയ വികസന നേട്ടങ്ങളാണ് കഴിഞ്ഞ വർഷങ്ങളിലായി ഉന്നത വിദ്യാഭ്യാസ മേഖല കൈവരിച്ചത്. ഒരു സാമ്പത്തിക ബാധ്യതയും ഉന്നത വിദ്യാഭ്യാസ മേഖലയെ ബാധിക്കില്ലെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയതായും മന്ത്രി അറിയിച്ചു. 

കേരളത്തിൽനിന്ന് കുട്ടികൾ പുറത്തുപോയി പഠിക്കുന്ന അവസ്ഥയ്ക്ക് പകരം വിദേശ വിദ്യാർത്ഥികൾ കേരളത്തിലെ സ്ഥാപനങ്ങളിൽ അദ്ധ്യയനം നടത്തുന്ന വിധത്തിൽ സാങ്കേതിക വിദ്യാഭ്യാസ രംഗം മാറിക്കൊണ്ടിരിക്കുകയാണെന്ന് റവന്യൂ മന്ത്രി കെ രാജൻ അഭിപ്രായപെട്ടു. ചടങ്ങിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായയിരുന്നു അദ്ദേഹം.  വിദ്യാഭ്യാസത്തിനൊപ്പം വിദ്യാർത്ഥിനികളുടെ കായികപ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകിയുള്ള വികസന മാതൃകകളാണ് നെടുപുഴ പോളിടെക്നിക് കോളേജിൽ നടന്നുവരുന്നതെന്നും അദ്ദേഹം പറഞ്ഞു. 

കോളേജിന്റെ വജ്രജൂബിലി ഉദ്ഘാടനവും ലോഗോ പ്രകാശനവും തൃശൂർ മേയർ എം കെ വർഗ്ഗീസ് നിർവ്വഹിച്ചു. ചടങ്ങിൽ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ (ഇൻചാർജ്) ഡോക്ടർ ടി പി ബൈജു ഭായ്, തൃശൂർ കോർപ്പറേഷൻ കൗൺസിലർമാരായ വിനേഷ് തയ്യിൽ, എ ആർ രാഹുൽനാഥ് , എബി വർഗീസ്, കോളേജ് പ്രിൻസിപ്പൽ വി എ ജ്ഞാനാംബിക എന്നിവർ പങ്കെടുത്തു.

date