Skip to main content

ജൽജീവൻ  മിഷൻ: ചാലക്കുടിയിൽ 216.36 കോടി രൂപയുടെ പ്രവൃത്തികൾക്ക്   ഭരണാനുമതി

 

ജൽജീവൻ മിഷന്റെ ഭാഗമായി ചാലക്കുടി നിയോജകമണ്ഡലത്തിൽ 216.36 കോടി രൂപയുടെ നിർമ്മാണപ്രവൃത്തികൾക്ക്  ഭരണാനുമതി. കാടുകുറ്റി, പരിയാരം പഞ്ചായത്തുകളിലെ പ്രവൃത്തിയുടെ   ടെൻഡർ നടപടികൾ പൂർത്തീകരിച്ച് നിർമ്മാണപ്രവൃത്തികൾ ഉടൻ  ആരംഭിക്കാനും സനീഷ് കുമാർ ജോസഫ് എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു.

കൊരട്ടി, മേലൂർ പഞ്ചായത്തുകളിലെ ടെൻഡർ നടപടികൾ പൂർത്തിയായതായും നിയോജകമണ്ഡലത്തിലെ മറ്റു പഞ്ചായത്തുകളിലെ പദ്ധതിയുടെ നടപടികൾ  പുരോഗമിക്കുന്നതായും ഉദ്യോഗസ്ഥർ യോഗത്തെ അറിയിച്ചു.

2024ഓടെ എല്ലാ വീടുകളിലും ശുദ്ധജലം എത്തിയ്ക്കുവാൻ ലക്ഷ്യമിടുന്ന പദ്ധതി നടപ്പിലാക്കുന്നതിലൂടെ കാടുകുറ്റി പഞ്ചായത്തിൽ 3379 വീടുകളിലും കൊടകരയിലെ 4,549 വീടുകളിലും കോടശ്ശേരി പഞ്ചായത്തിലെ  8223 വീടുകളിലും കൊരട്ടി 1748, മേലൂർ 3188, പരിയാരം 3062, അതിരപ്പിള്ളിയിൽ 1011 വീടുകളിലും ഉൾപ്പടെ പുതുതായി 25160 കുടുംബങ്ങളിലാണ് ശുദ്ധജലമെത്തുക. അതിരപ്പിള്ളി പഞ്ചായത്തിലെ 12 ആദിവാസികോളനികളിലായി 555ഓളം പുതിയ കണക്ഷനുകളും പദ്ധതിയിൽ വിഭാവനം ചെയ്തിട്ടുണ്ട്. 

പദ്ധതിയുടെ ഭാഗമായി ചാലക്കുടി നിയോജകമണ്ഡലത്തിൽ മൂന്ന് പുതിയ ജല ശുദ്ധീകരണ പ്ലാന്റുകളാണ് നിർമ്മിയ്ക്കുന്നത്. ഇവയിൽ 12 ദശലക്ഷം ലിറ്റർ  വെള്ളം  പ്രതിദിനശേഷിയുള്ള അതിരപ്പിള്ളി പഞ്ചായത്തിലെ പിള്ളപ്പാറയിയിലുള്ള പ്ലാൻ്റിൻ്റെയും 6 ദശലക്ഷം പ്രതിദിന ശേഷിയുള്ള കൊരട്ടി പഞ്ചായത്തിലെ പാറക്കൂട്ടം പ്ലാന്റിന്റെയും നിർമ്മാണം അന്തിമഘട്ടത്തിലാണ്. ചാലക്കുടി നഗരസഭ പരിധിയിൽ  സ്ഥാപിയ്ക്കുന്ന  15  ദശലക്ഷം  ലിറ്റർ  ശേഷിയുള്ള  പ്ലാന്റിന്റെ നിർമ്മാണത്തിനാവശ്യമായ നടപടികളും പുരോഗമിക്കുകയാണ്.

കേരള ജലഅതോറിറ്റിയും , കിഫ്ബി നാട്ടിക  പ്രൊജക്റ്റ്  ഡിവിഷനുമാണ്  പ്രവർത്തികളുടെ  നിർവ്വഹണ  ചുമതല .
ടെഡർ   പൂർത്തീകരിച്ച പ്രവർത്തികളുടെ  തുടർനടപടികൾ വേഗത്തിലാക്കാൻ യോഗത്തിൽ  സനീഷ് കുമാർ ജോസഫ് എംഎൽഎ എം എൽ എ  ജല അതോറിറ്റിചീഫ് എഞ്ചിനിയർക്ക്  നിർദേശം നല്കി.
ഓരോ പഞ്ചായത്ത് പരിധികളിലെയും റോഡ് കട്ടിങ്ങ് സംബന്ധിച്ച വിശദമായ രൂപരേഖ തയ്യാറാക്കി ഭരണ സമിതികൾക്ക് കൈമാറാനും പഞ്ചായത്ത് തലത്തിൽ യോഗം വിളിക്കുവാനും ജല അതോറിറ്റിയ്ക്ക് യോഗം നിർദ്ദേശം നല്കി

 കോടശ്ശേരി  പഞ്ചായത്ത് പ്രസിഡൻ്റ് റിജു മാവേലിൽ ,  ആതിരപ്പിള്ളി പഞ്ചായത്ത് പ്രസിഡൻ്റ് കെ കെ  റിജേഷ് , കാടുകുറ്റി പഞ്ചായത്ത്  വൈസ് പ്രസിഡന്റ്  എ അയ്യപ്പൻ , കൊരട്ടി ഗ്രാമപഞ്ചായത്തംഗം  റെയ്‌മോൾ  ജോസ് , ജല  അതോറിറ്റി  അസിസ്റ്റന്റ്  എക്സിക്യൂട്ടീവ്  എഞ്ചിനിയർ 
കെ കെ വാസുദേവൻ,  അസിസ്റ്റന്റ്  എഞ്ചിനിയർമാരായ  സിന്ധു ദേവസ്സി,സി കെ,  ലിജി, വി കെ അനൂപ്  , പി.അരുൺ  
തുടങ്ങിയവർ  യോഗത്തിൽ  പങ്കെടുത്തു .

date