Skip to main content

കാക്കുളിശ്ശേരി സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം  നവംബർ 14ന്

മുഖച്ഛായ മാറ്റി സ്മാർട്ടാവുന്ന കാക്കുളിശ്ശേരി വില്ലേജ് ഓഫീസ്  നവംബർ 14ന് നാടിന് സമർപ്പിക്കും. ആധുനിക സൗകര്യങ്ങളുളള പുതിയ കെട്ടിടത്തിൻറെ ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ നിർവ്വഹിക്കും. 

റീബിൽഡ് കേരള 2021 - 22 വില്ലേജ് ഓഫീസ് അടിസ്ഥാനസൗകര്യ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 44 ലക്ഷം രൂപ ചെലവഴിച്ചാണ് നിർമ്മാണം. 
 
 
കുഴൂർ പഞ്ചായത്തിലെ രണ്ട് വില്ലേജ് ഓഫീസുകളിലെ ആദ്യ സ്മാർട്ട് വില്ലേജ് ഓഫീസാണിത്. 1331 ചതുരശ്രയടി വിസ്തീർണത്തിൽ ഒറ്റനില കെട്ടിടമാണ് നിർമിച്ചത്. സിറ്റിംഗ് ഏരിയ, വില്ലേജ് ഓഫീസർ റൂം, സ്റ്റാഫ് റൂം, ഓഫീസ് റൂം, റെക്കോർഡ് റൂം, സ്റ്റോർ റൂം, മീറ്റിംഗ് റൂം, ഡൈനിങ് റൂം, വരാന്ത, ശുചിമുറി, അംഗപരിമിതർക്ക് വേണ്ടി പ്രത്യേക ശുചിമുറി സൗകര്യം എന്നിവയാണ് പുതിയ കെട്ടിടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഓഫീസ് പ്രവർത്തനങ്ങൾക്കാവശ്യമായ എല്ലാ പ്രവൃത്തികളും പൂർത്തീകരിച്ചു. ഭിന്നശേഷി സൗഹൃദ കെട്ടിടത്തിൽ വീൽചെയറുകൾക്കായി റാമ്പും ഒരുക്കിയിട്ടുണ്ട്.

ചാലക്കുടി താലൂക്കിൽ ഉൾപ്പെട്ട കാക്കുളിശ്ശേരി സ്മാർട്ട് വില്ലേജ് ഓഫീസിൻറെ നിർമ്മാണ ചുമതല സംസ്ഥാന നിർമിതി കേന്ദ്രത്തിനാണ്. 2022 ഫെബ്രുവരിയിലാണ് നിർമ്മാണ പ്രവൃത്തികൾ ആരംഭിച്ചത്. തിരുമുക്കുളം വില്ലേജ് ഓഫീസും മറ്റു കെട്ടിടങ്ങളും സ്ഥിതിചെയ്യുന്ന 62 സെന്റ് സ്ഥലത്ത് കാക്കുളിശ്ശേരി പഴയ വില്ലേജ് ഓഫീസ് കെട്ടിടം പൊളിച്ച് കൂടുതൽ സൗകര്യങ്ങളോടെ സ്മാർട്ട് വില്ലേജ് ഓഫീസ് നിർമ്മിക്കുകയായിരുന്നു. സംസ്ഥാനത്തെ വില്ലേജ് ഓഫീസുകൾ സ്മാർട്ട് ആക്കുക എന്ന സർക്കാരിൻ്റെ  ലക്ഷ്യത്തിൻ്റെ ഭാഗമായാണ് കാക്കുളിശ്ശേരി വില്ലേജ് ഓഫീസും സ്മാർട്ട് ആകുന്നത്.

14ന് ഉച്ചക്ക് 2ന് കാക്കുളിശ്ശേരി വില്ലേജ് ഓഫീസ് പരിസരത്ത് നടക്കുന്ന ചടങ്ങിൽ വി ആർ സുനിൽകുമാർ എംഎൽഎ അധ്യക്ഷനാകും. ബെന്നി ബെഹനാൻ എംപി മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി കെ ഡേവിസ് മാസ്റ്റർ, മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സന്ധ്യ നൈസൺ, കുഴൂർ പഞ്ചായത്ത് പ്രസിഡൻറ് സാജൻ കൊടിയൻ, വൈസ് ചെയർപേഴ്സൺ രജനി മനോജ്, കലക്ടർ ഹരിത വി കുമാർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർ, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും. സംസ്ഥാന നിർമിതി കേന്ദ്രം റീജണൽ എൻജിനീയർ റിപ്പോർട്ട് അവതരിപ്പിക്കും.

date