Skip to main content

മെഴുവേലി കൃഷി ഭവന്‍ സ്മാര്‍ട്ട് കൃഷി ഭവനാകുന്നു: മന്ത്രി വീണാ ജോര്‍ജ്

ആറന്മുള നിയോജക മണ്ഡലത്തിലെ മെഴുവേലി പഞ്ചായത്ത് സ്മാര്‍ട്ട് കൃഷി ഭവനാക്കി മാറ്റുന്നതിന് ഭരണാനുമതി ലഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. വിവര സാങ്കേതിക വിദ്യയുടെ കൂടുതല്‍ സേവനങ്ങള്‍ കർഷകർക്ക് ഏറ്റവും വേഗത്തില്‍ ലഭ്യമാക്കുക എന്നതാണ് സ്മാര്‍ട്ട് കൃഷിഭവനിലൂടെ ലക്ഷ്യം വയ്ക്കുന്നത്. കൃഷിഭവനുകളെ കടലാസ് രഹിത അത്യാധുനിക ഓഫീസുകളാക്കി മാറ്റുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്നും മന്ത്രി പറഞ്ഞു.

 

കാര്യക്ഷമമായും സുതാര്യമായും കര്‍ഷകരുടെ വിരല്‍ത്തുമ്പില്‍ വകുപ്പിന്റെ സേവനങ്ങള്‍ എത്തിക്കുന്നതിനാണ് സ്മാര്‍ട്ട് കൃഷിഭവന്‍ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. കര്‍ഷക സമൂഹത്തിന്റെ എല്ലാ ആവശ്യങ്ങളും ഏകജാലക സംവിധാനത്തില്‍ നിറവേറ്റുന്നതിനായാണ് കൃഷിഭവനെ സ്മാര്‍ട്ട് കൃഷിഭവനാക്കി മാറ്റുന്നത്. സര്‍വീസ് ഡെലിവറി, അടിസ്ഥാന സൗകര്യങ്ങള്‍, ഇന്‍ഫര്‍മേഷന്‍ സിസ്റ്റം എന്നിങ്ങനെ മൂന്ന് മേഖലകളില്‍ കൃഷിഭവനുകളെ മികച്ചതാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

 

പഞ്ചായത്തിന്റെ വിഭവ ഭൂപടം തയാറാക്കുകയും അടിസ്ഥാന വിവരങ്ങളെ കമ്പ്യൂട്ടര്‍ വല്‍ക്കരിക്കുകയും ചെയ്യുക, വിള ആരോഗ്യ ക്ലിനിക്കും ബയോ ഫാര്‍മസിയും, കൃഷിഭവനുകളില്‍ ഐടി അനുബന്ധ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുക, കൃഷിഭവനുകളെ കടലാസ് രഹിത അത്യാധുനിക ഓഫീസുകളാക്കി മാറ്റുക, സ്മാര്‍ട്ട് കാര്‍ഡ് സംവിധാനം, കൃഷിഭവനുകളില്‍ ആധുനിക സജ്ജീകരണങ്ങളോടെ ഫ്രണ്ട് ഓഫീസ്, ഇന്‍ഫര്‍മേഷന്‍ സെന്റര്‍ സ്ഥാപിക്കുക, കൃഷിഭവനുകളുടെ നവീകരണം, വിവിധ ഉത്പാദനോപധികളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനുള്ള ഐടി സംവിധാനം, കൃഷിഭവനുകളില്‍ ഡിജിറ്റല്‍ മീഡിയ ലൈബ്രറി ആരംഭിക്കുക, ഓണ്‍ലൈന്‍ ഓഡിറ്റിംഗ് സംവിധാനം, ആധുനിക വിപണന സംഭരണ സംവിധാനം, കാര്‍ഷിക കര്‍മ്മ സേന / അഗ്രോ സര്‍വീസ് സെന്റര്‍ എന്നിവയാണ് സ്മാര്‍ട്ട് കൃഷിഭവന്‍ പദ്ധതിയുടെ പ്രധാന ഘടകങ്ങള്‍.

date