Skip to main content

ആന പ്രതിരോധ പദ്ധതി: അവലോകന യോഗം ചേര്‍ന്നു

കാറഡുക്ക ആന പ്രതിരോധ പദ്ധതിയുമായി ബന്ധപ്പെട്ട് അവലോകന യോഗം ചേര്‍ന്നു. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിജി മാത്യു അധ്യക്ഷത വഹിച്ചു. വെള്ളക്കാനം മുതല്‍ ചാമകൊച്ചി വരെയുള്ള എട്ടു മീറ്റര്‍ തൂക്കുവേലിയുടെ പ്രവര്‍ത്തി നവംബര്‍ 20നകം പൂര്‍ത്തീകരിച്ച് ചാര്‍ജ് ചെയ്യും. രണ്ടാംഘട്ട റീച്ചിന്റെ പ്രവര്‍ത്തിയുടെ ഭാഗമായി, വെള്ളക്കാനം മുതല്‍ തല്‍പ്പച്ചേരി വരെ 4 കിലോമീറ്ററും, പരപ്പ മുതല്‍ ബെള്ളിപാടി വരെ അഞ്ചു കിലോമീറ്റര്‍ തൂക്കുവേലിയുടെ നിര്‍മ്മാണ പ്രവര്‍ത്തനം ഡിസംബര്‍ ആദ്യവാരത്തില്‍ ആരംഭിക്കാനും യോഗത്തില്‍ തീരുമാനിച്ചു.

നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഒരു കോടി രൂപയയാണ് സൗരോര്‍ജ്ജ തൂക്കുവേലി പദ്ധതിക്കായി ജില്ലാ പഞ്ചായത്തും, കാറഡുക്ക ബ്ലോക്ക് പഞ്ചായത്തും, ഗ്രാമ പഞ്ചായത്തും ചേര്‍ന്ന് വകയിരുത്തിയിട്ടുള്ളത്. കാസര്‍കോട് വികസന പാക്കേജില്‍ ബാക്കി വരുന്ന തുക പദ്ധതിക്കായി ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു. സൗരോര്‍ജ് തൂക്കുവേലിയുടെ നിര്‍മ്മാണ പ്രവര്‍ത്തി ഈ വര്‍ഷം തന്നെ പൂര്‍ത്തീകരിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും യോഗം തീരുമാനിച്ചു. 29 കിലോമീറ്റര്‍ വേലി  21 കിലോമീറ്ററായി പുതുക്കിയതായും യോഗം അറിയിച്ചു. ഡി.എഫ്.ഒ പി.ബിജു, മുളിയാര്‍ പഞ്ചായത്ത്  പ്രസിഡന്റ് പി.വി.മിനി, ദേലംപാടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുള്ള കുഞ്ഞി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.രമണി, സ്ഥിരം സമിതി അംഗങ്ങളായ വി.കെ.നാരായണന്‍, പി.സവിത, കെ.നാസര്‍, ഫോറസ്റ്റ് ഓഫീസര്‍ എന്‍.വി.സത്യന്‍, ഡി.രാജു, പോലീസ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ഹംസ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

date