Skip to main content

വോട്ടര്‍ പട്ടിക പുതുക്കല്‍ അന്തിമഘട്ടത്തിലേക്ക്, പരാതികള്‍ സമര്‍പ്പിക്കാന്‍ ഡിസംബര്‍ എട്ടുവരെ അവസരം

തിരുവനന്തപുരം ജില്ലയിലെ പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍ നടപടികള്‍ അന്തിമഘട്ടത്തിലേക്ക്. ഇതിനോടകം പ്രസിദ്ധീകരിച്ച കരട് വോട്ടര്‍ പട്ടിക സംബന്ധിച്ച പരാതികളും നിര്‍ദ്ദേശങ്ങളും സമര്‍പ്പിക്കാന്‍ ഡിസംബര്‍ എട്ടുവരെ അവസരം. പരാതികള്‍ ഡിസംബര്‍ 26ന് മുമ്പ് തീര്‍പ്പാക്കി 2023 ജനുവരി അഞ്ചിന് അന്തിമ വോട്ടര്‍ പട്ടിക പുറത്തിറക്കും. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനുള്ള പുതിയ അപേക്ഷകള്‍ www.nvsp.com, eci.gov.in എന്നീ വെബ്‌സൈറ്റുകള്‍ വഴിയും വോട്ടേഴ്‌സ് ഹെല്‍പ്പ് ലൈന്‍ ആപ്പ് വഴിയും സമര്‍പ്പിക്കാവുന്നതാണ്. ഇതിന് കഴിയാത്തവര്‍ക്കായി ഡിസംബര്‍ മൂന്നിനും പന്ത്രണ്ടിനും താലൂക്ക് , വില്ലേജ്, ബൂത്ത് തലങ്ങളില്‍ പ്രത്യേക ക്യാമ്പുകള്‍ സംഘടിപ്പിക്കും. നിലവില്‍ 17 വയസ് പൂര്‍ത്തിയായവര്‍ക്കെല്ലാം വോട്ടര്‍ പട്ടികയില്‍ പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഇവര്‍ 18 വയസ് പൂര്‍ത്തിയാകുന്നതോടെ വോട്ടര്‍മാരായി മാറും.

ആരെയെങ്കിലും വോട്ടര്‍ പട്ടികയില്‍ ചട്ടപ്രകാരമല്ലാതെ പുറത്താക്കുകയോ കൂട്ടിച്ചേര്‍ക്കുകയോ ചെയ്യുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ പൊതുജനങ്ങള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഇക്കാര്യം തെരഞ്ഞെടുപ്പ് കമ്മിഷന്റെ ശ്രദ്ധയില്‍ പെടുത്താവുന്നതാണ്. വോട്ടര്‍ പട്ടിക ശുദ്ധീകരിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ ആധാര്‍ - വോട്ടര്‍ പട്ടിക ലിങ്ക് ചെയ്യല്‍ പ്രക്രിയ വേഗത്തിലാക്കും.  വോട്ടര്‍ പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ജില്ലയിലെ ഇലക്ടറല്‍ റോള്‍ ഒബ്‌സര്‍വര്‍ കെ.ബിജു, ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ കളക്ടറേറ്റില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗവും ചേര്‍ന്നിരുന്നു.

date