Skip to main content

കൺ നിറയെ കാണാൻ മൺ നിറവ്

 

 

മനുഷ്യന് മണ്ണിനെ അടുത്തറിയാൻ അവസരമൊരുക്കി കതിരൂർ ഗ്രാമപഞ്ചായത്ത്. ലോക മണ്ണ് ദിനാചരണത്തിന്റെ ഭാഗമായാണ് പഞ്ചായത്തും മണ്ണ് പര്യവേഷണ-മണ്ണ് സംരക്ഷണ വകുപ്പും ചേർന്ന് 'മൺ നിറവ്' പ്രദർശനം ആരംഭിച്ചത്.

കുടുംബശ്രീയുടെ സഹായത്തോടെ പഞ്ചായത്തിലെ 18 വാർഡുകളിൽ നിന്നും പ്രദർശനത്തിന് മണ്ണ് ശേഖരിച്ചിരുന്നു. ഇതിന് പുറമെ മണ്ണ് സംരക്ഷണ വകുപ്പ് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിച്ച വ്യത്യസ്ത മണ്ണിനങ്ങളും ഇവിടെയുണ്ട്. മണ്ണിനങ്ങൾ, അവയുടെ പ്രത്യേകത, അതിലടങ്ങിയ മൂലകങ്ങൾ, കൃഷിക്ക് അനുയോജ്യമായ മണ്ണ്, കൂടുതൽ വിളവിന് ചേർക്കേണ്ട ലവണങ്ങൾ തുടങ്ങിയ അറിവുകൾ പ്രദർശനത്തിന് എത്തുന്നവർക്ക് മനസിലാക്കാം. ഈ വിവരങ്ങൾ ഡിജിറ്റലൈസ് ചെയ്യുന്ന പ്രവർത്തനം പഞ്ചായത്തിൽ പുരോഗമിക്കുകയാണ്.

കതിരൂർ പഞ്ചായത്ത് ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച പ്രദർശനം ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ആർട്ട് ഗാലറിയിൽ ആരംഭിച്ച 'മണ്ണമൃത് ' ചിത്രകലാപ്രദർശനം ജില്ലാ പഞ്ചായത്തംഗം മുഹമ്മദ് അഫ്‌സൽ ഉദ്ഘാടനം ചെയ്തു. മണ്ണ്, ചുണ്ണാമ്പ്, ജലഛായം, അക്രിലിക്, ചാർക്കോൾ എന്നിവ ഉപയോഗിച്ച് വരച്ച ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്. പ്രദർശനം അഞ്ച് വരെ ഉണ്ടാവും.

രണ്ടിന് രാവിലെ പത്തിന് 'മണ്ണറിഞ്ഞ് വിത്തെറിയാം' കാർഷിക ശിൽപ്പശാല, മൂന്നിന് രാവിലെ 10.30ന് 'നീരുറവ് മണ്ണ് ജലസംരക്ഷണം' നീർത്തട വികസന സെമിനാർ, നാലിന് വിദ്യാർഥികൾക്ക് ഉപജില്ലാതല ക്ലേമോഡലിങ് മത്സരം എന്നിവ പഞ്ചായത്ത് ഹാളിൽ നടക്കും. മണ്ണ് ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം അഞ്ചിന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ കതിരൂരിൽ നിർവ്വഹിക്കും. 'മണ്ണ്-ഭക്ഷണം എവിടെ തുടങ്ങുന്നു' എന്ന മുദ്രാവാക്യമായി ആരോഗ്യമുള്ള മണ്ണിന്റെ പ്രാധാന്യം ജനങ്ങളിൽ എത്തിക്കുക, മണ്ണിലെ വിഭവങ്ങളുടെ സുസ്ഥിര പരിപാലനത്തിന് ബോധവത്കരണം നടത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് മണ്ണ് ദിനാചരണം നടത്തുന്നത്.

date