Skip to main content

കാലവര്‍ഷത്തില്‍ തകര്‍ന്ന വീട് : ഇന്‍ഷുറന്‍സ് തുകയും നഷ്ടപരിഹാരവും വിധിച്ച് ജില്ലാ ഉപഭോക്തൃ കമ്മീഷന്‍

കാലവര്‍ഷത്തില്‍ തകര്‍ന്ന വീട് പുനര്‍നിര്‍മ്മിക്കുന്നതിന് സര്‍വ്വേയര്‍ കണക്കാക്കിയ തുക നല്‍കാന്‍ ഇന്‍ഷുറന്‍സ് കമ്പനിയോട് നിര്‍ദ്ദേശിച്ച് ജില്ലാ ഉപഭോക്തൃ കമ്മീഷന്‍ വിധി. വീട് ഇന്‍ഷുര്‍ ചെയ്തിട്ടുള്ളത് വെള്ളപ്പൊക്കം മൂലമുള്ള നാശനഷ്ടങ്ങള്‍ക്കാണെന്നും മഴ മൂലമുള്ള നാശത്തിന് പരിരക്ഷ കിട്ടില്ലെന്നുള്ള ഇന്‍ഷുറന്‍സ് കമ്പനിയുടെ തീരുമാനത്തിനെതിരെയാണ് വിധി. ഇന്‍ഷുറന്‍സ് തുകയായി 4,98,167 രൂപ 9 ശതമാനം പലിശയോടെയും ഒരുലക്ഷം രൂപ നഷ്ടപരിഹാരവും ഹരജിക്കാര്‍ക്ക് നല്‍കണം.

നിലമ്പൂര്‍ സ്വദേശികളായ സഹോദരനും സഹോദരിയും ചേര്‍ന്ന് നിലമ്പൂര്‍ വിജയാ ബാങ്കില്‍ നിന്നും 10 ലക്ഷം രൂപ വീട് നിര്‍മ്മിക്കാന്‍ കടമെടുത്തിരുന്നു. കടമെടുത്തപ്പോള്‍ യുണൈറ്റഡ് ഇന്ത്യാ ഇന്‍ഷുറന്‍സ് കമ്പനിയുടെ യുണികോം കെയര്‍ ഇന്‍ഷുറന്‍സ് പോളിസി പ്രകാരം ഇന്‍ഷുര്‍ ചെയ്യുകയും ചെയ്തിരുന്നു. 2018 ആഗസ്റ്റ് മാസത്തിലെ കനത്ത കാലവര്‍ഷ കെടുതിയില്‍ വീട് തകര്‍ന്നു പോയി. വിവരം യഥാസമയം ബാങ്കിനേയും ഇന്‍ഷുറന്‍സ് കമ്പനിയേയും അറിയിച്ചു. ഇന്‍ഷുറന്‍സ് സര്‍വ്വേയര്‍ നാശനഷ്ടങ്ങള്‍ കണക്കാക്കി റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. എന്നാല്‍ വീട് തകര്‍ന്നത് മഴയിലാണെന്നും ഇന്‍ഷൂര്‍ ചെയ്തിരിക്കുന്നത് വെള്ളപ്പൊക്കം മുലമുണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്കാണെന്നും പരാതിക്കാരുടെ വീട് തകര്‍ന്ന കാര്യം ഇന്‍ഷുര്‍ പരിരക്ഷയില്‍ വരില്ലെന്നും വീട് നിര്‍മ്മാണ ഘട്ടത്തിലായിരുന്നെന്നും പറഞ്ഞാണ് കമ്പനി ആനുകുല്യം നിഷേധിച്ചത്. രേഖകള്‍ പരിശോധിച്ചതില്‍ സംഭവകാലത്ത് അപ്രതീക്ഷിതമായ മഴയും കാലവര്‍ഷ കെടുതിയും ദുരന്തവും ഉണ്ടായിരുന്നതായും മഴക്കെടുതിയും വെള്ളപ്പൊക്കത്തിന്റെ ഭാഗമായി കണക്കാക്കാവുന്നതാണെന്നും കണ്ടെത്തിയാണ് ഉപഭോക്തൃ കമ്മീഷന്റെ വിധി. ഹരജിക്കാര്‍ക്ക് ഇന്‍ഷുറന്‍സ് സര്‍വ്വേയര്‍ കണക്കാക്കിയ സംഖ്യയും പലിശയും നഷ്ടപരിഹാരവും കോടതി ചെലവായി പതിനായിരം രൂപയും ഒരു മാസത്തിനകം നല്‍കണമെന്നും അല്ലാത്ത പക്ഷം വിധിസംഖ്യ നല്‍കുന്നതുവരെ 12% പലിശ പ്രകാരം നല്‍കേണ്ടിവരുമെന്നും കെ. മോഹന്‍ദാസ് പ്രസിഡന്റും പ്രീതി ശിവരാമന്‍, സി.വി. മുഹമ്മദ് ഇസ്മായില്‍ എന്നിവര്‍ അംഗങ്ങളുമായ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ വിധിയില്‍ പറഞ്ഞു.

 

date