Skip to main content

സംസ്ഥാനതല ഭിന്നശേഷി സംഗമം ഇന്ന് തിരൂരില്‍ മന്ത്രി ഡോ.ആര്‍ ബിന്ദു ഉദ്ഘാടനം ചെയ്യും

ജില്ലാ കലോത്സവത്തിന് പിന്നാലെ തിരൂരിന്റെ കലാവേദികളെ ഉണര്‍ത്താന്‍ ഭിന്നശേഷിക്കാരുടെ ഉണര്‍വ് 2022 പരിപാടി. അന്താരാഷ്ട്ര ഭിന്നശേഷി ദിനാഘോഷത്തിന്റെ ഭാഗമായുള്ള സംസ്ഥാനതല പരിപാടികള്‍ക്കാണ് ഇത്തവണ തിരൂര്‍ ഗവ. ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വേദിയാകുന്നത്. സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന സംസ്ഥാനതല ഭിന്നശേഷി ദിനചാരണ പരിപാടികള്‍ ഇന്ന് (ഡിസംബര്‍ മൂന്ന്) വൈകീട്ട് മൂന്നിന് ഉന്നത വിദ്യാഭ്യാസ-സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്യും. ഫിഷറീസ്-കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ അധ്യക്ഷനാകും. ഭിന്നശേഷി സഹൃദയ സംഗമം, പുരസ്‌കാര വിതരണം, വിവിധ കലാപരിപാടികള്‍, പ്രദര്‍ശനം, സംഗീത വിരുന്ന് തുടങ്ങി വിവിധ പരിപാടികള്‍ ഇതോടനുബന്ധിച്ച് നടക്കും.

മലപ്പുറം റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ പ്രധാന വേദിയായ തിരൂര്‍ ഗവ. ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംസ്ഥാന ഭിന്നശേഷി ദിനാചാരണ പരിപാടികളും നടക്കുന്നത്. ഇതാദ്യമായാണ് സംസ്ഥാനതല പരിപാടികള്‍ക്ക് ജില്ല വേദിയാകുന്നത്. രാവിലെ 9.30ന് ഉജ്വല ബാല്യ പുരസ്‌കാര ജേതാവ് അമല്‍ ഇഖ്ബാല്‍ പതാക ഉയര്‍ത്തുന്നതോടെ പരിപാടികള്‍ക്ക് തുടക്കമാകും. ഭിന്നശേഷി കൂട്ടായ്മയായ വരത്തിന്റെ ആഭിമുഖ്യത്തിലാണ് കലാപരിപാടികള്‍ ഒരുക്കുന്നത്. രാത്രി ഒമ്പതിന് വീല്‍സ് ഓണ്‍ മ്യൂസിക് സംഗീത വിരുന്നോടെ പരിപാടികള്‍ അവസാനിക്കും.

പരിപാടിയില്‍ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ, തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാല വൈസ്ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോള്‍, സാമൂഹ്യ നീതി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ്, ഡയറക്ടര്‍ എം. അഞ്ജന, ഭിന്നശേഷി കമ്മീഷണര്‍ ജസ്റ്റിസ് എസ്. എച്ച് പഞ്ചാപകേഷന്‍, ജില്ലാകലക്ടര്‍ വി.ആര്‍ പ്രേംകുമാര്‍, സബ് കലക്ടര്‍ സച്ചിന്‍കുമാര്‍ യാദവ് തുടങ്ങി വിവിധ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.

date