Skip to main content

തിരൂരിലെ ഉത്സവത്തിന് കൊടിയിറങ്ങുമ്പോള്‍

കലാകാരികളും കലാകാരന്മാരും കലാസ്വാദകരും ഭാഷാപിതാവിന്റെ മണ്ണില്‍ താളം പിടിച്ച അഞ്ച് ദിനരാത്രങ്ങള്‍ക്ക് സമാപനം. സംസ്ഥാന കലോത്സവ വേദികളിലേക്ക് വഴിയൊരുക്കിയ ജില്ലയിലേക്ക് തന്നെ കിരീടം കൊണ്ടുവരുമെന്ന പ്രതീക്ഷയോടെയാണ് ഓരോ മത്സരാര്‍ത്ഥിയും തിരൂരിനോട് വിട പറഞ്ഞത്. കൗമാര പ്രതിഭകള്‍ തിരൂര്‍ എന്ന അക്ഷര നഗരിയെ വിവിധ കലാപ്രകടനങ്ങള്‍ കൊണ്ട് സമ്പന്നമാക്കിയ ദിനങ്ങള്‍ക്കാണ് ഇതോടെ വിരാമമായത്. ബോയ്സ് സ്‌കൂളിന് മുന്നിലൂടെയുള്ള ചമ്രവട്ടം-തിരൂര്‍ പാതയുടെ ഇരുവശങ്ങളിലൂടെയും വേദികളില്‍ നിന്നും വേദികളിലേക്ക് പ്രതിഭകള്‍ ആടയാഭരണങ്ങളോടെയും വേഷ വിധാനങ്ങളുടെയും അകമ്പടിയോടെ നടക്കുന്ന കാഴ്ച അതിമനോഹരമായിരുന്നു. വെയിലും മഴയും കൊണ്ട് പ്രകൃതിയും അതിന്റെ വിവിധ ഭാവങ്ങള്‍ ഈ ദിനങ്ങളില്‍ പുറത്തെടുത്തുവെങ്കിലും സദസിന് യാതൊരു കൂസലുമുണ്ടായില്ല. കുച്ചിപ്പുടിയും ഒപ്പനയും തിരുവാതിരക്കളിയും നാടകവുമെല്ലാം നിറഞ്ഞ സദസ് ഏറ്റെടുത്തതോടെ കലാമേള ഏവരുടെയും ഓര്‍മകളുടെ പുസ്തകത്തില്‍ ഇടം നേടി.

date