Skip to main content

മുകുന്ദപുരം താലൂക്ക് വികസന സമിതി യോഗം ചേർന്നു

 

പുതുക്കാട്  നിയോജകമണ്ഡലത്തിലെ റെയിൽവേ മേൽപ്പാലത്തിനുള്ള അനുമതി ലഭിച്ചിട്ടും പ്രവൃത്തി തുടങ്ങാത്തതിനാൽ സതേൺ റെയിൽവെ ഡെപ്യുട്ടി റീജിണൽ മാനേജരോട് പ്രവൃത്തി ആരംഭിക്കാൻ മുകുന്ദപുരം താലൂക്ക് വികസനസമിതി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പുതുക്കാട് എംഎൽഎയുടെ പ്രതിനിധി എ വി ചന്ദ്രനാണ് പ്രമേയം അവതരിപ്പിച്ചത്. നെല്ലായിക്കടവ് പാലത്തിന് അനുമതി ലഭ്യമാക്കുന്നതിന് നാഷണൽ ഹൈവേയോട് ആവശ്യപ്പെടാനുള്ള പ്രമേയവും അദ്ദേഹം അവതരിപ്പിച്ചു. 

തൃപ്രയാർ - കാട്ടൂർ ബസുകൾ ബസ് സ്റ്റാൻഡിൽ കയറുന്നില്ലെന്ന പരാതി ആർ ടി ഒ യുടെ പരിഗണനയിലുള്ള വിഷയമാണെന്നും ഉടൻ നടപടിയുണ്ടാകുമെന്നും ഉദ്യോഗസ്ഥർ യോഗത്തെ അറിയിച്ചു. എംപ്ലോയെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന വിവിധ പദ്ധതികൾക്ക് പ്രചാരണം കൊടുക്കാൻ തീരുമാനിച്ചു. വിധവകളും അവിവാഹിതരും ആയിട്ടുള്ളവർക്കുള്ള സ്വയം തൊഴിൽ പദ്ധതിയായ ശരണ്യ പദ്ധതി പ്രചരിപ്പിക്കും.  

അനധികൃത പാർക്കിംഗ് വിഷയം പരിഹരിക്കാൻ മുൻസിപ്പാലിറ്റി ഒരു ലക്ഷം രൂപയുടെ പ്രോജക്ട് വെച്ചതായി നഗരസഭ വൈസ് ചെയർമാൻ ടി വി ചാർളി യോഗത്തെ അറിയിച്ചു. ആവശ്യമായ പോലീസ് നടപടി എടുക്കണം എന്നും  അധ്യക്ഷ അഭിപ്രായപ്പെട്ടു.

മുകുന്ദപുരം താലൂക്ക് കോൺഫറൻസ് ഹാളിൽ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലൻ  അധ്യക്ഷയായി. നഗരസഭ ഉപാധ്യക്ഷൻ ടി വി ചാർളി, മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജോസ് ജെ ചിറ്റിലപ്പിള്ളി, പടിയൂർ പഞ്ചായത്ത് പ്രസിഡൻറ് ലത സഹദേവൻ, കാട്ടൂർ പഞ്ചായത്ത് പ്രസിഡൻറ് സീമ കെ നായർ, കാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷീജ പവിത്രൻ, മന്ത്രി ആർ ബിന്ദുവിന്റെ പ്രതിനിധി കൃഷ്ണപ്രസാദ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, ജനപ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. മുകുന്ദപുരം തഹസിൽദാർ ശാന്തകുമാരി സ്വാഗതം പറഞ്ഞു.

date