Skip to main content
ഭിന്നശേഷിക്കാർക്കുള്ള ലേണേഴ്‌സ് ലൈസൻസ് വിതരണം മന്ത്രി ആന്റണി രാജു നിർവഹിക്കുന്നു

'കൈ കോർക്കാം, ചേർത്ത് നിർത്താം' :  25 ഭിന്നശേഷിക്കാർക്ക് ലേണേഴ്സ് ലൈസൻസ് 

 

ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേകമായി ലേണേഴ്സ്, ഡ്രൈവിംഗ് ടെസ്റ്റുകള്‍ നടത്തും : മന്ത്രി ആന്റണി രാജു

മോട്ടോർ വാഹന വകുപ്പ് ഭിന്നശേഷിക്കാരായ വ്യക്തികൾക്ക് ലേണേഴ്സ് ലൈസൻസ് ലഭ്യമാക്കുന്ന 'കൈ കോർക്കാം, ചേർത്ത് നിർത്താം' പരിപാടിക്ക് ജില്ലയിൽ തുടക്കം. ദർശന സർവീസ് സൊസൈറ്റിയുമായി ചേർന്ന് നടത്തുന്ന ഡ്രൈവിംഗ് ലൈസൻസ് വിതരണോദ്‌ഘാടനം മുണ്ടൂർ നിർമ്മല ജ്യോതി സ്കൂളിൽ ഗതാഗത മന്ത്രി ആന്റണി രാജു നിർവഹിച്ചു. 

ഭിന്നശേഷി വിഭാഗത്തെ സമൂഹത്തിന്റെ വിശാല വീഥിയിലേയ്ക്ക് നയിക്കാനുള്ള വലിയ പരിശ്രമത്തിന്റെ തുടക്കമാണിതെന്ന് മന്ത്രി പറഞ്ഞു. അപേക്ഷകരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ നിശ്ചിത ഇടങ്ങളിൽ ഇവർക്കായി ടെസ്റ്റുകൾ നടത്താൻ മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. 

ഭിന്നശേഷിക്കാരായ അപേക്ഷകരുടെ ലേണേഴ്സ് ടെസ്റ്റും, ഡ്രൈവിംഗ് ടെസ്റ്റും ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ അവര്‍ക്ക് കൂടി സൗകര്യപ്പെടുന്ന സ്ഥലത്ത് വച്ച് പ്രത്യേകമായി നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്. അല്ലാത്തപക്ഷം ഭിന്നശേഷിക്കാരായ അപേക്ഷകരുടെ അടുത്തേയ്ക്ക് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി നടപടികൾ  പൂര്‍ത്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ഭിന്നശേഷിക്കാരുടെ ഡ്രൈവിംഗ് ലൈസന്‍സ് നടപടികള്‍ക്കായി പ്രത്യേക സൗകര്യമൊരുക്കാനുള്ള നടപടികൾ വേഗത്തിലാക്കാനും സമയബന്ധിതമായി ദിവസങ്ങൾക്കുള്ളിൽ ഔദ്യോഗിക ഉത്തരവ് പുറത്തിറക്കാനും സർക്കാരിനായി. 
മറ്റു പൊതു അപേക്ഷകര്‍ക്ക് ലേണേഴ്സ് ടെസ്റ്റ് നടക്കുന്ന ഇടങ്ങളില്‍ എത്തിച്ചേരാനും അഡാപ്റ്റഡ് വാഹനങ്ങളുമായി ഭിന്നശേഷിക്കാര്‍ക്ക് ഡ്രൈവിംഗ് ടെസ്റ്റില്‍ പങ്കെടുക്കാനുമുള്ള പ്രയാസം മനസിലാക്കിയാണ് ഈ നടപടി സ്വീകരിച്ചത്. പതിറ്റാണ്ടുകളായി ഭിന്നശേഷി സമൂഹം നേരിടുന്ന പ്രശ്നത്തിന് പരിഹാരം കാണാനായത് ഏറെ സന്തോഷകരമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. 

'കൈ കോർക്കാം, ചേർത്ത് നിർത്താം' പരിപാടിയുടെ ഭാഗമായി 25 ഭിന്നശേഷി ക്കാർക്കുള്ള ലേണേഴ്സ് ലൈസൻസ്  മന്ത്രി വിതരണം ചെയ്തു. സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ അധ്യക്ഷത വഹിച്ച ചടങ്ങിൽ അഡീഷണൽ ട്രാൻസ്പോർട്ട് കമ്മീഷണർ പ്രമോജ് ശങ്കർ പി എസ്, ഗതാഗത വകുപ്പ് സെക്രട്ടറി ബിജു പ്രഭാകർ, ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മിഷണർ എം പി ജെയിംസ്, ദർശന സർവീസ് സൊസൈറ്റി പ്രസിഡന്റ് ഫാ. സോളമൻ കടമ്പാട്ടുപറമ്പിൽ, കൈപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് ഉഷ, ആൻസി പോൾ എസ്എച്ച്, റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ ബിജു ജെയിംസ് തുടങ്ങിയവർ പങ്കെടുത്തു.

date