Skip to main content

സൊഹയില്‍ നാട്ടിലെത്തും യു. പ്രതിഭ എം.എല്‍.എ.യുടെ വാട്‌സ്ആപ് റേഡിയോ തുണയായി

ആലപ്പുഴ: മരം മുറിക്കുന്നതിനിടയില്‍ മരം തലയില്‍ വീണ് ഗുരുതരാവസ്ഥയില്‍ കഴിയുന്ന അതിഥി തൊഴിലാളിയെ നാട്ടിലെത്തിക്കുവാന്‍ യു.പ്രതിഭ എം.എല്‍.എ.യുടെ വാട്‌സ്ആപ് റേഡിയോ തുണയായി. പശ്ചിമബംഗാള്‍ മാല്‍ഡ സ്വദേശിയായ 25 വയസ്സുകാരന്‍ ഷേക്ക് സൊഹയിലിനാണ് എം.എല്‍.എ.യുടെ സഹായമെത്തിയത്.  

കായംകുളത്തും പരിസരപ്രദേശങ്ങളിലും മരം മുറിപ്പണികള്‍ ചെയ്തുവന്നിരുന്ന ഇയാള്‍ കഴിഞ്ഞ നവംബര്‍ 16-ന് കായംകുളം ചക്കാല ജംഗ്ഷന് സമീപം ഒരു വീട്ടില്‍ മരം മുറിയ്ക്കവേയാണ് അപകടത്തില്‍പ്പെട്ടത്. മുറിച്ച മരം മറ്റൊരു മരത്തില്‍ തട്ടി ആ മരമൊടിഞ്ഞ് സൊഹയിലിന്റെ തലയില്‍ വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതരമായ പരിക്കേറ്റ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും തലയോട് ഇളക്കി അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുകയും ചെയ്തു. ഒന്നര മാസത്തോളം വെന്റിലേറ്ററില്‍ കഴിഞ്ഞു. ശേഷം ന്യൂറോ സര്‍ജിക്കല്‍ വാര്‍ഡിലേക്ക് മാറ്റി. ഇതുവരെയും ബോധം തിരികെ ലഭിച്ചിട്ടില്ല. ഭാര്യ ഹെന, മൂന്നു വയസ്സുകാരന്‍ മകന്‍ അഫ്രിന്‍ എന്നിവര്‍ ബംഗാളിലാണ്. 

ആശുപത്രിയില്‍ പരിചരണത്തിനായി കെട്ടിട നിര്‍മാണ തൊഴിലാളികളായ സഹോദരനും ഭാര്യാ സഹോദരനുമാണുള്ളത്. ഇതോടെ കുടുംബത്തിന്റെ വരുമാനവും നിലച്ചു. നാട്ടിലെത്തിച്ച് കാര്യമായ പരിചരണങ്ങള്‍ നല്‍കിയാല്‍ ഒരു പക്ഷേ ഇയാളെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാന്‍ കഴിയും എന്ന പ്രത്യാശ ഡോക്ടര്‍മാര്‍ അറിയിച്ചതോടെയാണ് നാട്ടിലെത്തിക്കാനുള്ള വഴികള്‍ കുടുംബം അന്വേഷിക്കുന്നത്. ഐ.സി.യു. സംവിധാനമുള്ള ആംബുലന്‍സിലോ എയര്‍ ആംബുലന്‍സിലോ മാത്രമേ നാട്ടിലേക്ക് കൊണ്ടുപോകാന്‍ കഴിയുകയുള്ളു. റോഡ് മാര്‍ഗ്ഗം ഒരു വശത്തേക്ക് 2800 കിലോമീറ്റര്‍ ദൂരം വരും. ഇതിന് ഭാരിച്ച തുകയാണ് വേണ്ടത്. 

ഈ സാഹചര്യത്തിലാണ് യു. പ്രതിഭ എം.എല്‍.എ.യുടെ പരാതി പരിഹാര സേവനങ്ങള്‍ക്കായുള്ള വാട്‌സ്ആപ്പ് റേഡിയോയെ കുറിച്ച് ഇവര്‍ക്ക് വിവരം ലഭിച്ചത്. ഹിന്ദിയില്‍ അപേക്ഷ തയ്യാറാക്കി മലയാളം ലിപിയിലേക്ക് മാറ്റി വാട്‌സ്ആപ്പ് റേഡിയോയിലേക്ക് അയക്കുന്നത് അങ്ങനെയാണ്. വിഷയം ശ്രദ്ധയില്‍പ്പെട്ട എം.എല്‍.എ. സൊഹയലിന്റെ ബന്ധുക്കളോട് സംസാരിച്ച് നാട്ടിലെത്തിക്കുന്നതിനുള്ള എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു.

പ്രവാസി വ്യവസായിയും ജീവകാരുണ്യ പ്രവര്‍ത്തകനുമായ പത്തിയൂര്‍ സ്വദേശി സജി ചെറിയാന്‍ എന്ന വ്യക്തിയോട് എം.എല്‍.എ. സഹായം അഭ്യര്‍ഥിക്കുകയും അദ്ദേഹം ഈ രോഗിയെ ബംഗാളില്‍ എത്തിക്കുന്നതിന് ആവശ്യമായ ആംബുലന്‍സ് സൗകര്യങ്ങള്‍ സജ്ജമാക്കി മെഡിക്കല്‍ കോളേജില്‍ നിന്ന് ബന്ധുക്കള്‍ക്കൊപ്പം അദ്ദേഹത്തെ നാട്ടിലേക്ക് അയച്ചു.

date