Skip to main content

മുരിയാട് സംഭവം: സമാധാനം പാലിക്കാന്‍ സര്‍വകക്ഷി യോഗത്തില്‍ തീരുമാനം 

 

മുരിയാട് സിയോണ്‍ ധ്യാന കേന്ദ്രത്തില്‍ ഈ മാസം 30ന് നടക്കുന്ന പ്രാര്‍ത്ഥന പരിപാടി തികച്ചും സമാധാനപൂര്‍വമായി നടത്താന്‍ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് എഡിഎം റെജി പി ജോസഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തിലാണ് തീരുമാനം. പ്രദേശത്ത് അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കുന്നതിന് പൊലീസ് അതീവ ജാഗ്രത പുലര്‍ത്തണം. മുരിയാട് എംപറര്‍ ഇമ്മാനുവല്‍ ചര്‍ച്ച് (സിയോണ്‍ ധ്യാന കേന്ദ്രം) അന്തേവാസികളും പ്രസ്തുത സഭയില്‍ നിന്ന് പുറത്തുവന്നവരും തമ്മിലുണ്ടായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലായിരുന്നു യോഗം.
  
സിയോണ്‍ ധ്യാനകേന്ദ്രത്തില്‍ നടക്കുന്ന പരിപാടികള്‍ പൊലീസിനെ നേരത്തെ അറിയിക്കണം. പരിപാടികള്‍ പൊതുജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യത്തിന് തടസമാകരുത്. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് സ്ഥാപനം ആവശ്യമായ പാര്‍ക്കിങ്ങ് സംവിധാനം ഒരുക്കണമെന്നും യോഗം നിര്‍ദ്ദേശിച്ചു. ധ്യാനകേന്ദ്രത്തിലെ പരിപാടികള്‍ക്ക്
അനുവദനീയമല്ലാത്ത വിധത്തില്‍ ശബ്ദസംവിധാനങ്ങള്‍ ഉപയോഗിക്കരുത്. എല്ലാ മതവിശ്വാസികളുമായും വിശ്വാസമില്ലാത്തവരുമായും ഒരുപോലെ സൗഹാര്‍ദ്ദം പുലര്‍ത്തുന്നതിന് അന്തേവാസികള്‍ക്ക് ആവശ്യമായ ഉദ്‌ബോധനം നല്‍കണം. അക്രമങ്ങള്‍ക്ക് മുതിരുന്നവര്‍ക്കെതിരെ പൊലീസ് നടപടി സ്വീകരിക്കും. 

സീയോണ്‍ സഭയിലെ അന്തേവാസികള്‍ക്കോ സഭ വിട്ട് പുറത്തുവന്നവര്‍ക്കോ ഏതെങ്കിലും തരത്തിലുള്ള പരാതികളുണ്ടെങ്കില്‍ പൊലീസിനെയോ പഞ്ചായത്ത് പ്രസിഡന്റ്, മെമ്പര്‍ എന്നിവരെയോ സമീപിക്കാം. നിയമം കൈയിലെടുക്കുന്ന രീതിയില്‍ ആരും പ്രവര്‍ത്തിക്കരുതെന്നും യോഗം നിര്‍ദ്ദേശം നല്‍കി. 

ഏതെങ്കിലും വിധത്തിലുള്ള അക്രമ സാധ്യതയോ അക്രമങ്ങളോ സംബന്ധിച്ച് പൊലീസിന് ഉടനെ വിവരം നല്‍കുന്നതിന് ഒരു ഫോണ്‍ നമ്പര്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കും. സംഘര്‍ഷങ്ങള്‍ക്ക് വഴിയൊരുക്കുന്ന തരത്തില്‍ സാമൂഹ്യമാധ്യമങ്ങള്‍ വഴി വീഡിയോകളും വാര്‍ത്തകളും മറ്റും പ്രചരിപ്പിക്കുന്നവരെ കണ്ടെത്തി അവര്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കുമെന്നും യോഗം അറിയിച്ചു. 

എഡിഎമ്മിന്റെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പിള്ളി, വൈസ് പ്രസിഡന്റ് സരിത സുരേഷ്, ജില്ലാ പഞ്ചായത്ത് അംഗം ലത ചന്ദ്രന്‍, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ വിപിന്‍ എം വി, മുരിയാട് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശ്രീജിത്ത് പട്ടത്ത്, കെയു വിജയന്‍, മുകുന്ദപുരം താലൂക്ക് തഹസില്‍ദാര്‍ കെ ശാന്തകുമാരി, ഇരിങ്ങാലക്കുട ഡിവൈഎസ്പി ബാബു കെ തോമസ്, മുരിയാട് വില്ലേജ് ഓഫീസര്‍ ജയശ്രീ എം ജി,  ഡെപ്യൂട്ടി സെന്‍ട്രല്‍ ഇന്റലിജന്‍സ് ഓഫീസര്‍മാരായ മനോഹര്‍, മധു തെക്കുട്ട്, പൊലീസ് ഇന്‍സ്‌പെക്ടര്‍ സിബിന്‍ എം ബി, എംപറര്‍ ഇമ്മാനുവല്‍ ചര്‍ച്ച് (സിയോൺ) സര്‍വീസ് ടീം പ്രതിനിധി  ഷാന്റോ പി പി, എംപറര്‍ ഇമ്മാനുവല്‍ ചര്‍ച്ച് (സിയോൺ) പ്രതിനിധി ഡയസ് അച്ചാണ്ടി, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date