Skip to main content

നിലമ്പൂരില്‍ മില്‍മ ഫോഡര്‍ ഹബ്ബും വ്യാപാര സമുച്ചയവും യാഥാര്‍ത്ഥ്യമായി ക്ഷീര സദനം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും പി.വി. അന്‍വര്‍ എംഎല്‍എ നിര്‍വഹിച്ചു

മില്‍മ നിലമ്പൂരില്‍ ആരംഭിച്ച ഫോഡര്‍ ഹബ്ബ്, വ്യാപാര സമുച്ചയം എന്നിവയുടെ ഉദ്ഘാടനം പി.വി. അന്‍വര്‍ എംഎല്‍എ നിര്‍വഹിച്ചു. നിര്‍ധനരായ ക്ഷീര കര്‍ഷകര്‍ക്ക് വീടു വച്ചു നല്‍കുന്ന പദ്ധതിയായ ക്ഷീര സദനം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും എംഎല്‍എ നിര്‍വഹിച്ചു. നിലമ്പൂര്‍ ടൗണിലാണ് മില്‍മയുടെ വ്യപാര സമുച്ചയം പ്രവര്‍ത്തനമാരംഭിച്ചിട്ടുള്ളത്. മില്‍മ ഷോപ്പിയും മില്‍മ പാര്‍ലറും സമുച്ചയത്തിലുണ്ട്. റീബില്‍ഡ് കേരള ഇനീഷ്യേറ്റീവ് പദ്ധതിയുടെ ഭാഗമായാണ് ഫോഡര്‍ ഹബ്ബുകള്‍ സ്ഥാപിക്കുന്നത്. ക്ഷാമ കാലത്ത് കര്‍ഷകര്‍ക്ക് ന്യായ വിലയ്ക്ക് തീറ്റപ്പുല്‍ ലഭ്യമാക്കുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്.

പരിപാടിയില്‍ മില്‍മ ചെയര്‍മാന്‍ കെ.എസ് മണി അധ്യക്ഷത വഹിച്ചു. കഴിഞ്ഞ വര്‍ഷം ക്ഷീര കര്‍ഷകര്‍ക്ക് അധിക പാല്‍വിലയായി ഒമ്പത് കോടിയിലേറെ രൂപയാണ് മലബാര്‍ മില്‍മ നല്‍കിയതെന്ന് അദ്ദേഹം പറഞ്ഞു. പാല്‍പ്പൊടി നിര്‍മാണത്തില്‍ സംസ്ഥാനത്തെ സ്വയംപര്യപ്തമാക്കുന്ന പദ്ധതിയായ മൂര്‍ക്കനാട്ടെ മില്‍മ പാല്‍പ്പൊടി നിര്‍മാണ യൂണിറ്റ് മെയ് മാസത്തോടെ ഉദ്ഘാടനം സജ്ജമാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ക്ഷീര കര്‍ഷകര്‍ക്ക് മില്‍മ നടപ്പാക്കുന്ന എല്‍.ഐ.സി സാമൂഹ്യ സുരക്ഷ ഇന്‍ഷ്വറന്‍സ് പദ്ധതിയുടെ ധനസഹായ വിതരണം നിലമ്പൂര്‍ നഗരസഭ അധ്യക്ഷന്‍ മാട്ടുമ്മല്‍ സലീം നിര്‍വഹിച്ചു. നിലമ്പൂര്‍ നഗരസഭാ കൗണ്‍സിലര്‍ സജി സ്‌കറിയ കിണാത്തോപ്പില്‍, എം.ആര്‍.ഡി.എഫ് സിഇഒ ജോര്‍ജ്ജുകുട്ടി ജേക്കബ് എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. മില്‍മ ഡയറക്ടര്‍ ബോര്‍ഡ് അംഗം ടി.പി. ഉസ്മാന്‍ സ്വാഗതവും മില്‍മ മാനെജിംഗ് ഡയറക്ടര്‍ ഡോ. പി.മുരളി നന്ദിയും പറഞ്ഞു.

date