Skip to main content

ഇ.പി.എഫ് പരാതികള്‍ പരിഹരിക്കാന്‍ നേരിട്ട് ഗുണഭോക്താക്കളിലേക്ക്

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിന്റെ  സേവനങ്ങള്‍ ഗുണഭോക്താക്കളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി  കോഴിക്കോട് റീജിയണല്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍  മലപ്പുറം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍  'നിധി ആപ്കെ നികട്'  എന്ന പേരില്‍ ബോധവത്കരണ ക്യാമ്പും ജനസമ്പര്‍ക്ക പരിപാടിയും സംഘടിപ്പിച്ചു.  ജില്ലയിലെ ഇ.പി.എഫ്  അംഗങ്ങള്‍, പെന്‍ഷന്‍കാര്‍, തൊഴില്‍ദാതാക്കള്‍ എന്നിവര്‍ക്ക് വിവരങ്ങള്‍ കൈമാറുന്നതിനും പരാതികള്‍ പരിഹരിക്കുന്നതിനും അവസരം നല്‍കുന്ന വിധത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
 തൊഴിലാളികളുടെയും തൊഴിലുടമകളുടെയും  പരാതികള്‍ പരിഹരിക്കുന്നതിന് മാതൃകാപരമായ പ്രവര്‍ത്തനമാണ് 'നിധി ആപ്കെ നികട്' എന്ന പരിപാടിയിലൂടെ പ്രൊവിഡന്റ് ഫണ്ട് അധികൃതര്‍ നടത്തുന്നതെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത ജില്ലാ കളക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ പറഞ്ഞു.  കോഴിക്കോട് റീജിയണല്‍ ഓഫീസ് ഇ.പി.എഫ്.ഒ അസിസ്റ്റന്റ് പി.എഫ് കമ്മീഷണര്‍ പി മുരളീധരന്‍ അധ്യക്ഷത വഹിച്ചു. ഇ.പി.എഫ്.ഒ എന്‍ഫോഴ്സ്മെന്റ് ഓഫീസര്‍ കെ.അപര്‍ണ മേനോന്‍, ജില്ലാ വ്യവസായ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ എ.കെ റഹ്മത്ത് അലി, ജില്ലാ ലേബര്‍ ഓഫീസര്‍ ഇ.പി ശിവരാമന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് അസിസ്റ്റന്റ് എഡിറ്റര്‍ ഐ.ആര്‍ പ്രസാദ്, ഇ.പി.എഫ് കോഴിക്കോട് സെക്ഷന്‍ സൂപ്പര്‍വൈസര്‍ എം. ബിശാന്ത്ലാല്‍ എന്നിവര്‍ പങ്കെടുത്തു.

date