Skip to main content

മലപ്പുറം സര്‍ക്കാര്‍ വനിതാ കോളേജ് കെട്ടിട നിര്‍മ്മാണം: സാങ്കേതിക അനുമതി ഉടന്‍ ലഭ്യമാക്കും

മലപ്പുറം സര്‍ക്കാര്‍ വനിതാ കോളേജിന് കിഫ്ബി ഫണ്ടില്‍ നിന്നും അനുവദിച്ച 13.85 കോടി രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റിന് അടുത്ത ആഴ്ചയിലെ ബോര്‍ഡ് യോഗത്തില്‍ അംഗീകാരം നല്‍കുവാനും ഫെബ്രുവരി അവസാനത്തോടെ സാങ്കേതിക അനുമതി ലഭ്യമാക്കി ടെണ്ടര്‍ നടപടികള്‍ സ്വീകരിക്കുവാനും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍.ബിന്ദുവിന്റെ അധ്യക്ഷതയില്‍ നിയമസഭ ചേംബറില്‍ ചേര്‍ന്ന പ്രത്യേക യോഗത്തില്‍ തീരുമാനിച്ചു.
സര്‍ക്കാര്‍ നിയോഗിച്ച എസ്.പി.വിയായ കിറ്റ്‌കോയുടെ ടെക്‌നിക്കല്‍ കമ്മിറ്റി ഇതുവരെ സാങ്കേതിക അനുമതി നല്‍കാത്തതു മൂലം  കെട്ടിട നിര്‍മ്മാണ ടെണ്ടര്‍ നടപടികള്‍ അനന്തമായി നീണ്ടുപോകുന്ന സാഹചര്യത്തില്‍  പി.ഉബൈദുള്ള എം.എല്‍.എയുടെ പ്രത്യേക അഭ്യര്‍ത്ഥന പ്രകാരമാണ് മന്ത്രി യോഗം വിളിച്ചു ചേര്‍ത്തത്.
2018 ഏപ്രില്‍ 28, 2020 ഫെബ്രുവരി 20 തിയ്യികളിലെ  ഭരണാനുമതി ഉത്തരവുകളുടെ അടിസ്ഥാനത്തില്‍ കിഫ്ബിയില്‍ ഉള്‍പ്പെടുത്തി   അക്കാദമിക് ബ്ലോക്കിന്റേയും കാന്റീന്‍ ബ്ലോക്കിന്റേയും നിര്‍മ്മാണ പ്രവര്‍ത്തിക്കാവശ്യമായ ഡി.പി.ആറും ഡിസൈനും തയ്യാറാക്കി  കിറ്റ്‌കോ സമര്‍പ്പിക്കുകയും ഇത് കിഫ്ബി പരിശോധിച്ച ശേഷം 2020 നവംബര്‍ 4 ലെ ഉത്തരവു പ്രകാരം 13,85,57,303/ രൂപയുടെ ധനാനുമതി നല്‍കുകയും ചെയ്തിരുന്നു. ഈ കെട്ടിടങ്ങളുടെ ആകെ വിസ്തീര്‍ണ്ണം 2500 മീറ്റര്‍ സ്‌ക്വയറില്‍ കൂടുതലായതിനാല്‍, കിഫ്ബി പുറപ്പെടുവിച്ച 2020 ഡിസംബര്‍ 8 ലെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍, ഗ്രിഹ 3 സ്റ്റാര്‍ സ്റ്റാന്‍ഡേര്‍ഡ്‌സ്, ഡി.എസ്.ആര്‍ 2018 എന്നിവ പ്രകാരം നിലവിലുള്ള ജി.എസ്.ടി ഉള്‍പ്പെടുത്തിക്കൊണ്ട് പുതുക്കിയ പദ്ധതി റിപ്പോര്‍ട്ട് കിറ്റ്‌കോ സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും നിലവിലെ ചട്ടങ്ങള്‍ക്കനുസൃതമായ രേഖകള്‍ ഈ റിപ്പോര്‍ട്ടില്‍ ലഭ്യമല്ലാത്തതിനാല്‍  കിഫ്ബി ബോര്‍ഡ് അംഗീകാരം നല്‍കിയിട്ടില്ലായിരുന്നു.
തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തില്‍ പി.ഉബൈദുള്ള എം.എല്‍.എ , ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പി. ഷാനവാസ്, അസി. പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പന്‍, കിഫ്ബി ജനറല്‍ മാനേജര്‍ ഷീല , കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ സുനില്‍ ജോണ്‍ , പ്ലാനിങ് വിഭാഗം സൂപ്രണ്ട് മിത്ര, കിറ്റ്‌കോ കണ്‍സള്‍ട്ടന്റ് പ്രതീഷ് , വനിതാ കോളേജ് പ്രിന്‍സിപ്പല്‍ ഇന്‍ - ചാര്‍ജ് അജിത് കുമാര്‍ , അഭിജിത് എന്നിവര്‍ പങ്കെടുത്തു

 

date