Skip to main content

ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ മിഷന്‍: രജിസ്‌ട്രേഷന്‍ ഉടന്‍ പൂര്‍ത്തിയാക്കണം

ആലപ്പുഴ: സാര്‍വത്രിക ആരോഗ്യ പരിരക്ഷ ലക്ഷ്യമിടുന്ന ആയുഷ്മാന്‍ ഡിജിറ്റല്‍ മിഷന്റെ ഭാഗമായുളള ജില്ലാതല കമ്മിറ്റിയുടെ ആദ്യ യോഗം എ.ഡി.എം. എസ്. സന്തോഷ്‌കുമാറിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്നു. ജില്ലയിലെ മോഡേണ്‍ മെഡിസിന്‍, ആയുര്‍വേദം, ദന്തചികിത്സ, ഹോമിയോ തുടങ്ങിയ വിവിധ ചികിത്സാ വിഭാഗങ്ങളുടെ സര്‍ക്കാര്‍/സ്വകാര്യ ആശുപത്രികളിലെ ഡോക്ടറന്മാരും നേഴ്‌സുമാരും ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ മിഷനുമായി ബന്ധപ്പെട്ട രജിസ്‌ട്രേഷന്‍ നടപടികള്‍ ഫെബ്രുവരി 28-നകം പൂര്‍ത്തിയാക്കണമെന്ന് യോഗത്തില്‍ തീരുമാനമായി. 

ഹെല്‍ത്ത് പ്രൊഫഷണല്‍ രജിസ്ട്രി (എച്ച്.പി.ആര്‍.) പൂര്‍ത്തിയാക്കാനായി അതാത് മെഡിക്കല്‍/ഡെന്റല്‍/നഴ്‌സിംഗ് കൗണ്‍സിലുകളുമായി ബന്ധപ്പെട്ട രജിസ്‌ട്രേഷന്‍ രേഖകള്‍ ഉള്‍പ്പെടെയുളള വിവരങ്ങള്‍ ആവശ്യമാണ്. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുന്ന പ്രൊഫഷണലുകള്‍ക്ക് എച്ച്.പി.ആര്‍. ഐഡിറ്റിറ്റി ലഭിക്കും. ആശുപത്രി മേധാവികള്‍ തങ്ങളുടെ എച്ച്.പി.ആര്‍. ഐ.ഡി. ഉപയോഗിച്ച് സ്ഥാപനങ്ങളിലെ ആരോഗ്യ സംവിധാനങ്ങളുടെ വിവരങ്ങള്‍ നല്‍കി ഇന്‍സ്റ്റിറ്റിയൂഷന്‍ ഹെല്‍ത്ത് ഫെസിലിറ്റി രജിസ്ട്രി (എച്ച്.എഫ്.ആര്‍) പൂര്‍ത്തിയാക്കണം. ഡോക്ടറന്മാര്‍, നേഴ്‌സുമാര്‍ തുടങ്ങിയ ആരോഗ്യ മേഖലയിലെ പ്രൊഫഷണലുകളുടെ എച്ച്.പി.ആര്‍. പരിശോധിച്ച് ബന്ധപ്പെട്ട കൗണ്‍സിലുകള്‍ അംഗീകാരം നല്‍കും. അതാത് ചികിത്സാ വിഭാഗത്തിന്റെ ജില്ലാ മെഡിക്കല്‍ ഓഫീസിലെ നിയുക്ത ഓഫീസറന്മാരാണ് ആശുപത്രികളുടെ എച്ച്.എഫ്.ആര്‍. അംഗീകരിക്കുന്നത്. 

യോഗത്തില്‍ ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസറും(ആരോഗ്യം) മിഷന്‍ നോഡല്‍ ഓഫീസറുമായ ഡോ. എ.ആര്‍. ശ്രീഹരി, ജില്ല മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ) ഡോ.ജെ. ബോബന്‍, ആയുര്‍വേദ ചികിത്സാ വകുപ്പ് ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ.എസ്. ഷീബ, ഗവണ്‍മെന്റ് ദന്തല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ജില്‍സ.കെ.വാസുണ്ണി, ഡോ.കൃഷ്ണന്‍, ഡോ.ഷമീന ഐ.എച്ച്.കെ. പ്രതിനിധി, തുടങ്ങിയവര്‍ പങ്കെടുത്തു.

രാജ്യത്തെ ആരോഗ്യ സംവിധാനങ്ങളുടെയും സേവനങ്ങളുടെയും ലഭ്യത, ഫലപ്രാപ്തി, കാര്യക്ഷമത, സുതാര്യത എന്നിവയുറപ്പാക്കുന്ന രീതിയില്‍ സാര്‍വത്രിക ആരോഗ്യ പരിരക്ഷ സാധ്യമാക്കുന്നതിന് ഡിജിറ്റല്‍ സംവിധാനം രൂപപ്പെടുത്തുകയാണ് ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ മിഷനിലൂടെ ലക്ഷ്യമിടുന്നത്.

date