Skip to main content

പത്താംതരം, ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്‌സ്: ആദ്യ അഞ്ഞൂറ് പേര്‍ക്ക് കോഴ്‌സ് ഫീസ് ജില്ലാ പഞ്ചായത്ത് നല്‍കും

ആലപ്പുഴ: പൊതുവിദ്യാഭ്യാസ വകുപ്പ് സംസ്ഥാന സാക്ഷരതാമിഷന്‍ വഴി നടത്തുന്ന പത്താംതരം, ഹയര്‍ സെക്കന്ററി തുല്യതാ കോഴ്‌സുകളിലേയ്ക്ക് രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന മതിയായ യോഗ്യതയുള്ള അഞ്ഞൂറ് പേര്‍ക്ക് കോഴ്‌സ് ഫീസ് ജില്ലാ പഞ്ചായത്ത് നല്‍കുമെന്ന് പ്രസിഡന്റ് കെ.ജി. രാജേശ്വരി അറിയിച്ചു. മറ്റുള്ളവര്‍ക്ക് വരും വര്‍ഷങ്ങളിലെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഫീസ് നല്‍കും.

പത്താംതരം തുല്യതാ കോഴ്‌സ് പാസാകുന്നവര്‍ക്ക് ഉന്നത പഠനത്തിനും പ്രൊമോഷനും പി.എസ്.സി. നിയമനത്തിനും അര്‍ഹതയുണ്ട്. ഏഴാം തരം പാസായ 17 വയസ് പൂര്‍ത്തിയായവര്‍ക്കും 2019 വരെ എസ്.എസ്.എല്‍.സി. പരീക്ഷ എഴുതി തോറ്റവര്‍ക്കും പത്താംതരം തുല്യതയ്ക്ക് ചേരാം. കോഴ്‌സ് നടത്തുന്നത് സംസ്ഥാന സാക്ഷരതാ മിഷനും പരീക്ഷ, മൂല്യനിര്‍ണയം, ഫലപ്രഖ്യാപനം, സര്‍ട്ടിഫിക്കറ്റ് വിതരണം എന്നിവ നടത്തുന്നത് സംസ്ഥാന പരീക്ഷാഭവനുമാണ്.

പത്താംതരം പാസായ 22 വയസ് പൂര്‍ത്തിയായവര്‍ക്കും പ്ലസ് ടൂ/പ്രീഡിഗ്രീ തോറ്റവര്‍ക്കും ഇടയ്ക്കുവെച്ച് പഠനം നിര്‍ത്തിയവര്‍ക്കും ഹയര്‍ സെക്കന്‍ഡറി കോഴ്‌സ് ഹ്യുമാനിറ്റീസ്, കൊമേഴ്സ് ഗ്രൂപ്പുകളിലേക്ക് അപേക്ഷിക്കാവുന്നതാണ്. 
 
പത്താംതരം തുല്യതയ്ക്ക് അപേക്ഷാഫീസും കോഴ്‌സ് ഫീസും ഉള്‍പ്പെടെ 1950 രൂപയും ഹയര്‍ സെക്കന്‍ഡറി തുല്യതയ്ക്ക് അപേക്ഷാഫീസും രജിസ്‌ട്രേഷന്‍ ഫീസും കോഴ്‌സ് ഫീസുമുള്‍പ്പെടെ 2600 രൂപയുമാണ്. എസ്.സി/എസ്.ടി. വിഭാഗക്കാര്‍ രജിസ്‌ട്രേഷന്‍ ഫീ മാത്രം നല്‍കിയാല്‍ മതി. 40 ശതമാനത്തില്‍ കൂടുതല്‍ അംഗവൈകല്യമുള്ളവരും ട്രാന്‍സ്ജന്‍ഡര്‍ വിഭാഗക്കാരും ഫീസ് നല്‍കേണ്ടതില്ല. നാലാംതരം, ഏഴാംതരം തുല്യതാ കോഴ്‌സുകളിലേക്കുള്ള രജിസ്‌ട്രേഷനും ആരംഭിച്ചിട്ടുണ്ട്. വിശദ വിവരങ്ങള്‍ക്ക് ജില്ലാ പഞ്ചായത്ത് ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സാക്ഷരതാ മിഷന്‍ ഓഫീസുമായോ വിവിധ ഗ്രാമ/ബ്ലോക്ക്/നഗരസഭകളില്‍ പ്രവര്‍ത്തിക്കുന്ന സാക്ഷരത തുടര്‍/ വികസനവിദ്യാകേന്ദ്രങ്ങളേയോ സമീപിക്കുക. http://www.literacymissionkerala.org എന്ന വെബ് സൈറ്റിലൂടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തണം. ഇതിനു ശേഷം അപേക്ഷയുടെ പ്രിന്റെടുത്ത് യോഗ്യതാസര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജില്ലാ സാക്ഷരതാ മിഷന്‍ ഓഫീസില്‍ നേരിട്ടെത്തി അപ്രൂവല്‍ വാങ്ങണം. അപേക്ഷിക്കാനുള്ള അവസാന തിയതി 2023 മാര്‍ച്ച് 15. വിവരങ്ങള്‍ക്ക് വിളിക്കുക: 0477 225 2095,  +91 70258 21315, 9947528616 

date