Skip to main content
നൂറനാട് ലെപ്രസി സാനറ്റോറിയത്തിലെ ആർട്ടിഫിഷ്യൽ ലിമ്പ് ഫിറ്റിം​ഗ് സെന്ററിൽ ആദ്യമായി നിർമിച്ച കൃത്രിമ കാലുകളുടെ വിതരണോദ്ഘാടനം എം.എസ്. അരുൺകുമാർ എം.എൽ.എ. നിർവഹിക്കുന്നു

നൂറനാട് ലെപ്രസി സാനറ്റോറിയത്തില്‍ വികസന സമിതി യോഗം ചേര്‍ന്നു

ആലപ്പുഴ: നൂറനാട് ലെപ്രസി സാനറ്റോറിയം പരിസരത്ത് നബാര്‍ഡ് ഫണ്ട് വിനിയോഗിച്ച് നിര്‍മിക്കുന്ന പുതിയ സൂപ്പര്‍ സ്‌പെഷ്യലാറ്റി കെട്ടിടത്തിന്റെ അവസാനവട്ട ജോലികള്‍ വേഗത്തിലാക്കാന്‍ ആശുപത്രി വികസന സമിതി യോഗം ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. സാനറ്റോറിയത്തിലെ ലൈബ്രറി കെട്ടിടം നവീകരിക്കുന്നതിനായി മണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിന്നും പണം കൈമാറുമെന്ന് എം.എസ്. അരുണ്‍കുമാര്‍ എം.എല്‍.എ. പറഞ്ഞു. പുതിയ കെട്ടിടത്തില്‍ വൈദ്യുതീകരണ ജോലികളും അഗ്‌നിശമന സംവിധാനങ്ങളുടെ ജോലികളുമാണ് ഇനി പൂര്‍ത്തിയാക്കാനുള്ളത്. ഇത് ഉടന്‍ പൂര്‍ത്തിയാക്കാനാണ് നിര്‍ദ്ദേശം നല്‍കിയത്. ആശുപത്രിയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ല കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജ അധ്യക്ഷത വഹിച്ചു. 
പുതിയ ആശുപത്രി കെട്ടിടം എം.എല്‍.എ.യും കളക്ടറും ചേര്‍ന്ന് സന്ദര്‍ശിച്ച ശേഷമാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി പൂര്‍ത്തിയാക്കുന്നതിനായുള്ള നിര്‍ദേശം നല്‍കിയത്. 

നിലവിലെ ആശുപത്രി കെട്ടിടത്തില്‍ പുരുഷന്മാരുടെ വാര്‍ഡിലെ ചോര്‍ച്ച പരിഹരിക്കാനായി അടിയന്തര നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തും. സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍ക്ക് ആനുപാതികമായി ഇവിടുത്തെ ദന്തല്‍ ആശുപത്രിയിലെ ചികിത്സ നിരക്ക് പുതുക്കി നിശ്ചയിക്കാനും തീരുമാനിച്ചു. ആശുപത്രിയില്‍ സി.സി.ടി.വി. ക്യാമറകള്‍ സ്ഥാപിക്കും. യോഗത്തില്‍ താമരക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. വേണു, അംഗം രജിത അളകനന്ദ, ലെപ്രസി സാനറ്റോറിയം സൂപ്രണ്ട് ഡോ.പി.വി. വിദ്യ, ആര്‍.എം.ഒ. ഡോ.എം.എ. സ്മിത, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, ജനറല്‍ ബോഡി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

കൃത്രിമ കാലുകളുടെ വിതരണോദ്ഘാടനം
നൂറനാട് ലെപ്രസി സാനറ്റോറിയത്തിലെ ആര്‍ട്ടിഫിഷ്യല്‍ ലിമ്പ് ഫിറ്റിംഗ് സെന്ററില്‍ ആദ്യമായി നിര്‍മിച്ച കൃത്രിമ കാലുകളുടെ വിതരണോദ്ഘാടനം എം.എസ്. അരുണ്‍കുമാര്‍ എം.എല്‍.എ., ജില്ല കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. ആദ്യമായി ഇവിടെ നിര്‍മിച്ച അഞ്ച് കൃത്രിമ കാലുകളാണ് വിതരണം ചെയ്തത്. സാനറ്റോറിയത്തിലെ അന്തേവാസികള്‍ക്കാണ് ഇവ നല്‍കിയത്. 

ആംബുലന്‍സ് ഫ്‌ലാഗ് ഓഫ് ചെയ്തു
എം.എസ്. അരുണ്‍കുമാര്‍ എം.എല്‍.എ.യുടെ 2021-22 വര്‍ഷത്തെ നിയോജക മണ്ഡല ആസ്തി വികസന ഫണ്ടില്‍ നിന്നും 20 ലക്ഷം രൂപ വിനിയോഗിച്ച് നൂറനാട് ലെപ്രസി സാനറ്റോറിയത്തിലേക്ക് വാങ്ങി നല്‍കിയ ആംബുലന്‍സിന്റെ ഫ്‌ലാഗ് ഓഫ് എം.എസ്. അരുണ്‍കുമാര്‍ എം.എല്‍.എ. നിര്‍വഹിച്ചു. സി ലെവല്‍ ആംബുലന്‍സാണ് ആശുപത്രിയിലേക്ക് വാങ്ങി നല്‍കിയത്. 

date