Skip to main content
മുക്കാട്ടുക്കര ഗവ എൽ പി സ്കൂൾ വർണ്ണശലഭങ്ങൾ മന്ത്രി ആർ ബിന്ദു ഉദ്ഘാടനം ചെയ്യുന്നു

മുക്കാട്ടുക്കര ഗവ: എൽ.പി.സ്കൂളിൽ ഇനി ശലഭോത്സവം

അന്താരാഷ്ട്ര നിലവാരമുള്ള പ്രൈമറി സ്കൂൾ തുറന്നു

 കുരുന്നുകളിൽ അറിവിന്റെ കൗതുകം നിറയ്ക്കാനും പഠനം ആഘോഷമാക്കാനുമായി മുക്കാട്ടുകര ഗവ. എൽപി സ്കൂളിൽ അന്താരാഷ്ട്ര നിലവാരമുള്ള വർണ്ണശലഭങ്ങൾ പ്രീ പ്രൈമറി സ്കൂൾ ഒരുങ്ങി. മുറ്റത്തെ വെള്ളം ചീറ്റുന്ന ആനയും കൂറ്റൻമരത്തിനകം തുരന്നുണ്ടാക്കിയ കവാടവും ചുവരിലെ ചിത്രങ്ങളും ജലാശയവും കുരുന്നുകളെ വരവേൽക്കും. പഠനം രസകരമാക്കാൻ രൂപങ്ങളായും ചിത്രങ്ങളായും ഒട്ടേറെ മാതൃകകൾ ഇവിടുണ്ട്. സ്റ്റാർസ് പദ്ധതിപ്രകാരം തൃശൂർ കോർപ്പറേഷനിൽ വർണ്ണശലഭങ്ങൾ പദ്ധതി നടപ്പാക്കിയ ആദ്യ വിദ്യാലയമാണ് മുക്കാട്ടുകര ഗവ. എൽപി സ്കൂൾ.

വീട്ടിനകത്ത് ലഭിക്കുന്ന അതേ സ്നേഹവും കരുതലും സ്കൂളിലും ലഭിച്ചാലേ കുരുന്നുകൾ ആത്മവിശ്വാസത്തോടെ വളരുകയുള്ളൂവെന്നും അത് സാധ്യമാക്കാനായാണ് അന്താരാഷ്ട്ര നിലവാരമുള്ള ഫ്രീ പ്രൈമറി സ്കൂൾ തുടങ്ങുന്നതെന്നും ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ആർ ബിന്ദു പറഞ്ഞു. മുക്കാട്ടുകര ഗവ എൽപി സ്കൂളിൽ വർണ്ണശലഭങ്ങൾ പ്രീപ്രൈമറി സ്കൂൾ, വാർഷികാഘോഷം, യാത്രയയപ്പ് സമ്മേളനം എന്നിവ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

 സമഗ്ര ശിക്ഷാ കേരളവും തൃശൂർ കോർപ്പറേഷനും അനുവദിച്ച തുക ഉപയോഗിച്ച് തൃശൂർ യുആർസിയുടെ നേതൃത്വത്തിൽ സ്റ്റാർസ് പദ്ധതി പ്രകാരമാണ്  അന്താരാഷ്ട്ര നിലവാരമുള്ള പ്രീ സ്കൂൾ ആരംഭിക്കുന്നത്. കളികളിലൂടെ സമഗ്രവികസനം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ 30 തീമുകളും 10 പ്രവർത്തന ഇടങ്ങളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.

തൃശൂർ കോർപ്പറേഷൻ മേയർ എം കെ വർഗ്ഗീസ് അധ്യക്ഷനായി. ഹെഡ്മിസ്ട്രസ് വനജ ടീച്ചർ, എൻ ആർ സന്തോഷ് കുമാർ, കൗൺസിലർമാരായ ശ്യാമള മുരളീധരൻ, രേഷ്മ ഹേമേജ്, സുബി സുകുമാരൻ, മുൻ കൗൺസിലർ സതീഷ് ചന്ദ്രൻ, ഡിപിഒ ജോളി വി ജി, ബിപിസി ജെയ്സൺ വി പി, മുൻ ഹെഡ്മിസ്ട്രസ് ടെസ്സി ഇ ഡി, പിടിഎ, എസ്എംസി, എസ്എസ്ജി അംഗങ്ങൾ, സ്കൂൾ ലീഡർ അയാൻ, വിരമിക്കുന്ന അധ്യാപിക ഉഷ ഒ വി തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.

date