Skip to main content

കാക്കൂര്‍ കാളവയലിനെ ഉത്തരവാദിത്ത ടൂറിസവുമായി ബന്ധിപ്പിക്കുന്നത് പരിശോധിക്കും: മന്ത്രി പി.എ. മുഹമ്മദ് റിയാസ്

കാര്‍ഷിക സംസ്‌കാരം അനുഭവിച്ചറിയാന്‍ സാധിക്കുന്ന വിധത്തില്‍ കാക്കൂര്‍ കാളവയലിനെ ഉത്തരവാദിത്ത ടൂറിസവുമായി ബന്ധിപ്പിക്കുന്നത് പരിശോധിക്കുമെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കാക്കൂര്‍ കാളവയല്‍ കാര്‍ഷിക മേളയോടനുബന്ധിച്ച് കര്‍ഷകരെ ആദരിക്കുന്ന ചടങ്ങും കന്നുകാലി പ്രദര്‍ശനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കൃഷി ഉള്‍പ്പടെയുള്ള അനുഭവവേദ്യ ടൂറിസത്തെ സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടതാക്കി മാറ്റിത്തീര്‍ക്കാനുള്ള ജനകീയ ടൂറിസം നയത്തിന്റെ ഭാഗമായി നിലവിലുള്ളതാണ് ഉത്തരവാദിത്ത ടൂറിസം. കാര്‍ഷിക മേഖലയില്‍ ഫാം ടൂറിസത്തെ സാധ്യതകളെയും ഉപയോഗപ്പെടുത്തിയാണ് സംസ്ഥാനം മുന്നോട്ട്‌പോകുന്നത്. സഞ്ചാരികളെ ആകര്‍ഷിക്കുന്ന രീതിയില്‍ കാക്കൂര്‍ കാളവയലിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ മാറ്റുന്നത് പരിശോധിക്കണം.

ദക്ഷിണേന്ത്യയിലെ പ്രധാന കാര്‍ഷിക വാണിഭ കേന്ദ്രമായി ഇവിടം മാറുകയാണ്.
ഒന്നര പതിറ്റാണ്ട് മുന്‍പാരംഭിച്ചതാണ് കാളവയല്‍. നമ്മുടെ നാടിന്റെ സംസ്‌കൃതിയുടെ മുഖമുദ്ര കൃഷിയാണ്. സംസ്ഥാനത്തെ ആഘോഷങ്ങളില്‍ അധികവും കൃഷിയുമായി ബന്ധപ്പെട്ടതാണ്. കാലത്തിനനുസരിച്ച് മാറ്റം വന്നിട്ടുണ്ടെങ്കിലും കാര്‍ഷിക സംസ്‌കൃതിയുടെ ആഘോഷങ്ങള്‍ ഇവിടെ അന്യം നിന്നു പോകുന്നില്ലെന്നത് സന്തോഷകരമാണെന്നും മന്ത്രി പറഞ്ഞു.

ലോകത്ത് നിര്‍ബന്ധമായും കണ്ടിരിക്കേണ്ട 52 ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് ഇടം നേടിയ ഏക സംസ്ഥാനം കേരളമാണ്. ടൈം മാഗസിന്‍ പട്ടികയിലും കേരളമുണ്ട്. കോവിഡിനു ശേഷമുള്ള ടൂറിസം വളര്‍ച്ചയുടെ കാര്യത്തില്‍ ഇന്ത്യ ടുഡേയുടെ റാങ്കിംഗിലും കേരളം ഒന്നാം സ്ഥാനത്താണ്. 2022 ല്‍ ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തില്‍ കേരളം സര്‍വകാല റെക്കോഡിലെത്തി. ഒരു കോടി 88 ലക്ഷം സഞ്ചാരികളാണ് എത്തിയത്. പ്രകൃതി രമണീയമായ സ്ഥലങ്ങളും ചരിത്രപരമായ പ്രത്യേകതയും കേരളത്തിലെ ജനങ്ങളുടെ ആതിഥേയ മര്യാദയും മതസൗഹാര്‍ദ അന്തരീക്ഷവുമാണിതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.

അനൂപ് ജേക്കബ് എം.എല്‍.എ. അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആലീസ് ഷാജു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സന്ധ്യാമോള്‍ പ്രകാശ്, വൈസ് പ്രസിഡന്റ് എം.എം. ജോര്‍ജ്, സ്ഥിരം സമിതി അധ്യക്ഷന്മാരായ സാജു ജോണ്‍, രമ എം. കൈമള്‍, സഹകരണ ബാങ്ക് പ്രസിഡന്റ് അനില്‍ ചെറിയാന്‍, കാക്കൂര്‍ കാളവയല്‍ ആഘോഷ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ കെ.കെ. രാജ്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date