Skip to main content

ഭക്ഷ്യ സംസ്‌കരണം: സംരംഭകർക്കായി ടെക്നോളജി ക്ലിനിക്ക് തുടങ്ങി

വ്യവസായ വാണിജ്യ വകുപ്പിന്റെയും ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ ജില്ലയിലെ സംരംഭകർക്കായുള്ള ദ്വിദിന ടെക്നോളജി ക്ലിനിക്ക് ആരംഭിച്ചു. കാർഷിക-ഭക്ഷ്യ സംസ്‌കരണ മേഖലയിൽ മൂല്യ വർധിത ഉത്പന്നങ്ങളുടെ ഉത്പാദനവും വിപണി സാധ്യതകളും സംബന്ധിച്ചാണ് ടെക്നോളജി ക്ലിനിക്ക്. കണ്ണൂർ പോലീസ് സൊസൈറ്റി ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. പി. ദിവ്യ ഉദ്ഘാടനം ചെയ്തു. കോർപ്പറേഷൻ  വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ സുരേഷ് ബാബു എളയാവൂർ  അധ്യക്ഷത വഹിച്ചു. ജില്ലാ വ്യവസായ കേന്ദ്രം ഡെപ്യൂട്ടി ഡയറക്ടർ എസ് കെ  ഷമ്മി, ജില്ലാ വ്യവസായ കേന്ദ്രം മാനേജർമാരായ വി. കെ ശ്രീജൻ, ഇ ആർ നിധിൻ എന്നിവർ സംസാരിച്ചു. 75 ലേറെ സംരംഭകർ പങ്കെടുത്ത ക്ലിനിക്കിൽ മൂല്യ വർധിത  ഉത്പന്നങ്ങളും, സാധ്യതകളും എന്ന വിഷയത്തിൽ കാസർകോട്് സി പി സി ആർ ഐ ശാസ്ത്രജ്ഞൻ ആർ. പാണ്ടിസെൽവം, പഴം പച്ചക്കറി സംസ്‌കരണം എന്ന വിഷയത്തിൽ കൃഷി വിജ്ഞാൻ കേന്ദ്രം അസിസ്റ്റന്റ് പ്രൊഫസർ എലിസബത്ത് ജോസഫ് എന്നിവർ ക്ലാസെടുത്തു.
28ന് രാവിലെ 10 മണിക്ക് പാക്കേജിങ്ങ് സംബന്ധിച്ച് ജിത്തു (ജെം -പാക്ക് ), ഫുഡ് സേഫ്റ്റി ട്രെയിനിങ് ആന്റ് സർട്ടിഫിക്കേഷൻ  എന്ന വിഷയത്തിൽ ജില്ലാ ഫുഡ് സേഫ്റ്റി വകുപ്പ് ട്രെയിനർ ജാഫർ എന്നിവർ ക്ലാസെടുക്കും. വ്യവസായ വകുപ്പിന്റെ പദ്ധതികളും സേവനങ്ങളും സംബന്ധിച്ചും ക്ലാസ് ഉണ്ടാകും.

date