Skip to main content

കൊരട്ടി വ്യവസായ പാർക്കിൽ 33 വ്യവസായ സംരംഭങ്ങൾ പ്രവർത്തന സജ്ജം

തൃശ്ശൂര്‍ ജില്ലയിലെ കൊരട്ടിയില്‍ കിന്‍ഫ്ര 33.66 ഏക്കറില്‍ സ്ഥാപിച്ച വ്യവസായ പാര്‍ക്കില്‍ എല്ലാ അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിച്ച് 33 വ്യവസായ സംരംഭങ്ങള്‍ പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തന സജ്ജമാക്കിയെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. ജില്ലയിലെ വ്യവസായ വകുപ്പിന്റെ കൈവശമുള്ള ഭൂമി ഉപയോഗപ്പെടുത്തി വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുന്നത് സംബന്ധിച്ച് എ സി മൊയ്തീന്‍ എംഎല്‍എ ഉന്നയിച്ച സബ്മിഷന് മറുപടി നൽകുകയായിരുന്നു മന്ത്രി. കൊരട്ടി പാര്‍ക്കില്‍ തന്നെ 3 ബഹുനില ഫാക്ടറി കെട്ടിട സമുച്ചയം പൂര്‍ത്തീകരിച്ച് 19 സംരംഭങ്ങള്‍ പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തന സജ്ജമാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു .

 പുഴയ്ക്കല്‍ പാടത്ത് വ്യവസായ പാര്‍ക്ക് സ്ഥാപിക്കുന്നതിന് കിന്‍ഫ്രയ്ക്ക് 40 ഏക്കര്‍ ഭൂമി കൈമാറുകയും പിന്നീട് ഇതില്‍ 10 ഏക്കര്‍ ഭൂമി മൊബിലിറ്റി ഹബ്ബ് സ്ഥാപിക്കുന്നതിനായി ജില്ല ഭരണകൂടത്തിന് കൈമാറുകയും ചെയ്തു. പുഴയ്ക്കല്‍ പാടത്തെ ഭൂമി റവന്യൂ രേഖകളില്‍ നിലം എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഈ ഭൂമി വ്യാവസായികാവശ്യത്തിനായി ഏറ്റെടുത്തതിനാലും ഡാറ്റാബാങ്കില്‍ ഉള്‍പ്പെട്ടിട്ടില്ലാത്തതിനാലും പ്രസ്തുത ഭൂമിയില്‍ അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്കായുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ കിന്‍ഫ്ര ആരംഭിച്ചിരുന്നു.  എന്നാല്‍ 2017ല്‍ തൃശ്ശൂര്‍ ജില്ല കലക്ടര്‍ പ്രസ്തുത ഭൂമി തരം മാറ്റുന്നതിനായി സര്‍ക്കാരിന്റെ അനുമതി വാങ്ങണമെന്ന് അറിയിച്ചിരുന്നു. തുടര്‍ന്ന് കിന്‍ഫ്ര 2017 ജൂലൈ 31 ന് ജില്ല കളക്ടര്‍ക്ക് ഭൂമി തരംമാറ്റുന്നതിന് അപേക്ഷ നൽകി. പുഴയ്ക്കല്‍ പാടത്തെ ഭൂമി തരംതിരിച്ച് നല്‍കുന്നതിനുള്ള അനുമതി ലഭിച്ചാല്‍ മാത്രമേ കിന്‍ഫ്രയ്ക്ക് വ്യവസായ വികസനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് തുടര്‍ നടപടികള്‍ സ്വീകരിക്കാൻ സാധിക്കൂ. ഇക്കാര്യത്തില്‍  റവന്യൂ, കൃഷി മന്ത്രിമാര്‍ കൂടി പങ്കെടുത്ത് യോഗം ചേരുമെന്നും മന്ത്രി പറഞ്ഞു.

 അയ്യന്തോള്‍ വില്ലേജില്‍ വ്യവസായ വാണിജ്യ ഡയറക്ടറേറ്റിന്റെ അധീനതയിലുള്ള 11.41 ഏക്കര്‍ ഭൂമിയില്‍ രണ്ട് ഘട്ടങ്ങളില്‍ ഏകദേശം 261530 ചതുരശ്ര അടിയില്‍ വ്യവസായ സമുച്ചയങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്. വ്യവസായ സമുച്ചയത്തിലെ അടിസ്ഥാന സൗകര്യങ്ങള്‍ 2 മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കും. ഇതിനു ശേഷം വ്യവസായ സമുച്ചയം സംരംഭകര്‍ക്ക് അനുവദിക്കാന്‍ കഴിയുന്ന തരത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തും.  

  മുളങ്കുന്നത്ത്കാവ് സ്ഥിതി ചെയ്യുന്ന കെല്‍ട്രോണ്‍ പവര്‍ ഡിവൈസസ് ലിമിറ്റ‍ഡിന്റെ പേരിലും  കെല്‍ട്രോണ്‍ റെക്ടിഫയേഴ്സ് ലിമിറ്റഡിന്റെ പേരിലും  ആസ്തി ബാധ്യത സംബന്ധിച്ച കേസുകൾ ഹൈക്കോടതിയിലുണ്ട്.  ഹൈക്കോടതി ഉത്തരവ് അനുസരിച്ച് ഹൈക്കോടതിയുടെ ഓഫീഷ്യല്‍ ലിക്വിഡേറ്റര്‍ ഈ കമ്പനികളുടെ ചുമതല ഏറ്റെടുക്കുകയും സ്ഥാവര ജംഗമ വസ്തുക്കളുടെ കൈവശാവകാശം ഏറ്റെടുക്കുകയും ചെയ്തു.  ഹൈക്കോടതിയുടെ ഒഫീഷ്യല്‍ ലിക്വിഡേറ്റര്‍ കൈവശാവകാശം കെല്‍ട്രോണിന് വിട്ടു നല്‍കിയാല്‍ മാത്രമേ ഈ കമ്പനികളുടെ വസ്തുവില്‍ പുതിയ വ്യവസായ സംരംഭങ്ങള്‍ തുടങ്ങാന്‍ കഴിയുകയുള്ളൂ.  

ജില്ലയില്‍ പ്രവര്‍ത്തിച്ചുവന്നിരുന്നതും 2013 ല്‍ പ്രവര്‍ത്തനം നിലച്ചിട്ടുള്ളതുമായ വൈഗ ത്രെഡ്സുമായി ബന്ധപ്പെട്ട് വിവിധ കോടതികളില്‍ കേസുകള്‍ നിലവിലുണ്ട്.  കര്‍ണ്ണാടക ഹൈക്കോടതിയുടെ  ഉത്തരവിന്റെ അടിസ്ഥാനത്തില്‍ “വൈഗ ത്രെഡ്സ് പോസസ്സേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്”  എന്ന സ്ഥാപനത്തിന്റെ അസെറ്റ്സ് ആന്റ് ഇഫക്ട്സ്, ഓഫീഷ്യല്‍ ലിക്വിഡേറ്റര്‍ ഓഫ് കര്‍ണ്ണാടകയുടെ സംരക്ഷണത്തില്‍ ആണെന്നും മന്ത്രി പറഞ്ഞു .

വൈഗ ത്രെഡ്സ് കമ്പനി ബഹു. ഹൈക്കോടതിയില്‍ ഫയല്‍ ചെയ്തിരുന്ന  വിവിധങ്ങളായ റിട്ട് പെറ്റീഷനുകള്‍ ഒന്നിച്ച് ഹൈക്കോടതി പരിഗണിക്കുകയും ഈ കേസുകളെല്ലാം തള്ളി കോടതി ഉത്തരവായിട്ടുമുണ്ട്. ഈ കേസുകളുടെ പൊതു വിധിന്യായത്തിന്റെ അടിസ്ഥാനത്തില്‍  സര്‍ക്കാര്‍ ഉത്തരവ് പ്രകാരം വൈഗ ത്രെഡ്സ് കമ്പനിയുടെ കൈവശത്തിലുള്ള അവശേഷിക്കുന്ന ഭൂമിയും തിരിച്ചെടുക്കുന്നതിനും കമ്പനിയുടെ പേരില്‍ നിലവിലുള്ള കുടിശ്ശികയും പിരിച്ചെടുക്കുന്നതിനും ഉത്തരവായിരുന്നു. ഈ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കമ്പനിയുടെ കൈവശത്തില്‍ അവശേഷിച്ചിരുന്ന 30.57 ഏക്കര്‍ ഭൂമിയും കൂടി 2017 ല്‍ റവന്യൂ വകുപ്പിലേയ്ക്ക് തിരികെ ഏറ്റെടുത്തിട്ടുണ്ട്.  

വൈഗ ത്രെഡ്സ് പ്രോസസേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ മുഴുവന്‍ അസെറ്റ്സ് ആന്റ് ഇഫക്ട്സ് കര്‍ണ്ണാടക ഹൈക്കോടതിയുടെ  കമ്പനി പെറ്റീഷന്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഒഫീഷ്യല്‍ ലിക്വിഡേറ്റര്‍ ഓഫ് ഹൈകോര്‍ട്ട് ഓഫ് കര്‍ണ്ണാടകയുടെ സംരക്ഷണയില്‍ ആയിട്ടുള്ള സാഹചര്യത്തില്‍ കമ്പനിയുടെ പേരില്‍ നിലവിലുള്ള കുടിശ്ശിക പിരിച്ചെടുക്കുന്നതിന് കര്‍ണ്ണാടക ഹൈക്കോടതിയില്‍ ക്ലെയിം പെറ്റീഷന്‍ ഫയല്‍ ചെയ്യുന്നതിന് നടപടി സ്വീകരിച്ചിട്ടുള്ളതും അതിന്റെ നടപടികള്‍ തുടര്‍ന്നു വരുന്നതുമാണ്.  

സ്റ്റീല്‍ ഇന്‍ഡസ്ട്രിയല്‍ കേരള ലിമിറ്റഡിന്റെ (സില്‍ക്ക്) അത്താണിയില്‍ കൈവശമുള്ള ഭൂമിയില്‍ ഒരു ഗാല്‍വനൈസിംഗ് പ്ലാന്റ് സ്ഥാപിക്കുന്നതിനും സില്‍ക്കിന്റെ കോര്‍പ്പറേറ്റ് ഓഫീസും പ്രൊജക്ട് ഡിവിഷനും നിര്‍മ്മിക്കുന്നതിനുള്ള തീരുമാനം ഈ പൊതുമേഖല സ്ഥാപനത്തിനായി ആവിഷ്കരിച്ച മാസ്റ്റര്‍ പ്ലാനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.   സര്‍ക്കാര്‍ തലത്തില്‍ വെഹിക്കിള്‍ സ്ക്രാപ്പിംഗ് പദ്ധതി കൊണ്ടുവരുന്നതിന്റെ ഭാഗമായി സില്‍ക്ക് വെഹിക്കിള്‍ സ്ക്രാപ്പിംഗ് സ്റ്റേഷന്‍, അത്താണിയിലെ ഭൂമി ഉപയോഗപ്പെടുത്തി സ്ഥാപിക്കുന്നതിനുള്ള നടപടിയും കൈക്കൊണ്ടുവരുന്നു.   

സിതാറാം മില്ലിനെപോലുള്ള സ്ഥാപനങ്ങളുടെ അധിക ഭൂമി വ്യവസായ പാര്‍ക്കുകളാക്കി മാറ്റാന്‍ കഴിയുമോയെന്ന കാര്യവും പരിശോധിച്ചുവരുന്നതായും മന്ത്രി വ്യക്തമാക്കി.

date