Skip to main content

ചെ. പ്പു. കോ. വെ: ഉദ്ഘാടനം 17ന് കലാമണ്ഡലം ഗോപി, തൃശ്ശൂരിനെ അറിയാൻ പൈതൃക നടത്തം

ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ ആസൂത്രണ സമിതിയുടെയും ആഭിമുഖ്യത്തിൽ ജില്ലാ പഞ്ചായത്തിന്റെയും കോർപ്പറേഷന്റെയും വാർഷിക പദ്ധതിയിലുൾപ്പെടുത്തി നടത്തുന്ന സാംസ്ക്കാരികോത്സവം ചെ. പ്പു. കോ. വെ മാർച്ച് 17ന് രാവിലെ 10 മണിക്ക് കേരള സംഗീത നാടക അക്കാദമി കെ ടി മുഹമ്മദ് സ്മാരക തിയ്യേറ്ററിൽ പദ്മശ്രീ കലാമണ്ഡലം ഗോപി ഉദ്ഘാടനം ചെയ്യുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഉദ്‌ഘാടന സെഷനിൽ പി കെ ഡേവിസ് മാസ്റ്റർ അധ്യക്ഷനാകും. മേയർ എം കെ വർഗീസ് മുഖ്യാതിഥിയും സംഗീത സംവിധായകൻ ഔസേപ്പച്ചൻ വിശിഷ്ടാതിഥിയുമാകും.

വൈകിട്ട് 5.30ന് വടക്കേച്ചിറയിൽ റവന്യു മന്ത്രി കെ രാജൻ വടക്കേച്ചിറ ഫെസ്റ്റ് ഉദ്‌ഘാടനം ചെയ്യും. മേയർ എം കെ വർഗീസ് അധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ മുഖ്യാതിഥിയും സിനിമ സംവിധായകൻ സത്യൻ അന്തിക്കാട് വിശിഷ്ടാതിഥിയുമാകും. കേരള സാഹിത്യ അക്കാദമി ചെയർമാൻ കെ സച്ചിദാനന്ദൻ, കേരള ലളിതകലാ അക്കാദമി ചെയർമാൻ മുരളി ചീരോത്ത് തുടങ്ങിയവർ പങ്കെടുക്കും. ഇതോടനുബന്ധിച്ച് തെക്കേഗോപുരന്ദ മുതൽ വടക്കേച്ചിറ വരെ പൈതൃക നടത്തവും സംഘടിപ്പിക്കുമെന്ന് പി കെ ഡേവിസ് മാസ്റ്റർ അറിയിച്ചു.

തൃശൂര്‍ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും INTACH തൃശൂരും സംയുക്തമായാണ് ഹെറിറ്റേജ് വാക്ക് സംഘടിപ്പിക്കുന്നത്. മാര്‍ച്ച് 17ന് വെള്ളിയാഴ്ച വൈകിട്ട് അഞ്ചു മണിക്ക് തെക്കേ ഗോപുരനട പരിസരത്ത് നിന്നാരംഭിച്ച് ആറു മണിയോടെ വടക്കേച്ചിറയില്‍ എത്തിച്ചേരുന്ന രീതിയിലായിരിക്കും പരിപാടി. സാംസ്‌കാരിക തലസ്ഥാനമായ തൃശൂരിലെ ഹെറിറ്റേജ് ടൂറിസം പ്രമോഷന്റെ ഭാഗമായി നടത്തുന്ന ഹെറിറ്റേജ് വാക്ക് രാമവര്‍മ സ്റ്റാച്യൂ, മോഡല്‍ ബോയ്‌സ് സ്‌കൂള്‍, താലൂക്ക് ഓഫീസ്, ടൗണ്‍ ഹാള്‍, രാമനിലയം, ശക്തന്‍ പാലസ് ഈസ്റ്റ് ഗേറ്റ് വഴി വടക്കേ ചിറയില്‍ സമാപിക്കും. ഹെറിറ്റേജ് വാക് അറ്റ് തൃശൂർ (Heritage Walk@Thrissur) എന്ന് പേര് നല്‍കിയിരിക്കുന്ന പരിപാടിയില്‍ ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന നൂറു പേര്‍ക്കാണ് അവസരം. രജിസ്‌ട്രേഷന് ഡിടിപിസി ഓഫീസില്‍ നേരിട്ടോ, 04872320800/ 9496101737 എന്ന നമ്പറിലോ ബന്ധപ്പെടാം. ചരിത്ര പ്രധാന സ്ഥലങ്ങളെക്കുറിച്ച് വിവരങ്ങള്‍ നല്‍കുന്ന ഗൈഡുമാരുടെ സേവനവും സൗജന്യ കിറ്റും ലഭിക്കും.

രണ്ടാം ദിവസത്തിലെ പരിപാടികൾ 18ന് രാവിലെ 10ന് കെ ടി മുഹമ്മദ് സ്മാരക തിയ്യേറ്ററിൽ ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ആർ ബിന്ദു ഉദ്‌ഘാടനം ചെയ്യും. മേയർ എം കെ വർഗീസ് അധ്യക്ഷനാകും. ജില്ലയിലെ എംപിമാർ, എംഎൽഎമാർ തുടങ്ങിയവർ പങ്കെടുക്കും.

രണ്ടു ദിവസം നീണ്ടുനിൽക്കുന്ന സാംസ്ക്കാരികോത്സവത്തിൽ വജ്രജൂബിലി ഫെലോഷിപ്പ് കലാകാരന്മാർ, വിവിധ അക്കാദമി കലാകാരന്മാർ, ഭിന്നശേഷിക്കാർ, വയോജനങ്ങൾ, ട്രാൻസ്ജെൻഡർ കലാപ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, പട്ടിക ജാതി-പട്ടിക വർഗ്ഗ കലാകാരന്മാർ തുടങ്ങി വിവിധ മേഖലയിലുള്ളവരുടെ കലാപരിപാടികൾ അരങ്ങേറും.

വലിയ പരിപാടികളിൽ ഇടം ലഭിക്കാത്തവർക്കുകൂടി വേദിയൊരുക്കുകയാണ് ലക്ഷ്യമെന്ന് ജില്ലാ കളക്ടർ ഹരിത വി കുമാർ പറഞ്ഞു. തൃശ്ശൂരിന്റെ വ്യാഴാഴ്ചകൾ സഞ്ചാരികളുടെയും ടൂറിസ്റ്റുകളുടെയും വിപണനക്കാരുടേതും കൂടിയായി മാറുമെന്ന് കളക്ടർ പറഞ്ഞു. വടക്കേച്ചിറ ഫെസ്റ്റിന്റെ തുടർച്ചയായി എല്ലാ വ്യാഴാഴ്ചകളിലും പ്രദർശന വിപണന മേള തുടരും. ജില്ലയിലെ കല - കരകൗശല തെരുവായി വടക്കേച്ചിറ മാറും. ഇത്തരത്തിൽ തൃശ്ശൂരിന്റെ ഒരു ആക്ടിവിറ്റി ഏരിയ ആയി മാറ്റാനാണ് ശ്രമമെന്നും കളക്ടർ പറഞ്ഞു.

വാർത്താ സമ്മേളനത്തിൽ അസിസ്റ്റന്റ് കളക്ടർ വി എം ജയകൃഷ്ണൻ, ജില്ലാ പ്ലാനിങ് ഓഫീസർ എൻ കെ ശ്രീലത, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ടി വി മദന്മോഹനൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ സി പി അബ്ദുൽ കരീം എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

date