Skip to main content

കാലിത്തീറ്റയുടെ ഗുണമേൻമ ഉറപ്പാക്കാൻ നിയമം കൊണ്ടുവരും: മന്ത്രി ജെ ചിഞ്ചുറാണി

ചെറ്റച്ചൽ ജഴ്സി ഫാമിലെ പുതിയ കന്നുകാലി ഭവനങ്ങൾ മന്ത്രി ഉദ്ഘാടനം ചെയ്തു

കാലിത്തീറ്റയുടെയും കോഴിത്തീറ്റയുടെയും ഗുണമേൻമ ഉറപ്പാക്കാൻ നിയമം കൊണ്ടുവരുമെന്ന് മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പു മന്ത്രി ജെ ചിഞ്ചുറാണി. ചെറ്റച്ചൽ ജഴ്സി ഫാമിൽ നിർമിച്ച പുതിയ കന്നുകാലി ഭവനങ്ങളുടെ ഉദ്ഘാടനവും ഹൈടെക് ഷെഡിന്റെ ശിലാസ്ഥാപനവും നിർവഹിക്കുകയായിരുന്നു മന്ത്രി. കാലിത്തീറ്റകളിൽ ചിലത് വിഷാംശം കലർന്നതായതിനാൽ കന്നുകാലികൾ അസുഖബാധിതരാവുകയും മരണപ്പെടുകയും ചെയ്യുന്നു എന്ന പരാതികൾ വരുന്നുണ്ട്. ഇതൊഴിവാക്കാനാണ് പുതിയ നിയമം കൊണ്ടുവരുന്നത്. തീറ്റകളിൽ വിഷാംശം ഉണ്ടെങ്കിൽ കണ്ടെത്തി ശിക്ഷാനടപടികൾ സ്വീകരിക്കും. ഇതിനോടകം ഈ നിയമം കൊണ്ടുവന്ന മൂന്ന് സംസ്ഥാനങ്ങൾ സന്ദർശിച്ച് ഇതേക്കുറിച്ച് പഠിക്കും. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെമ്പാടുമുള്ള കർഷകരുമായി കൂടിക്കാഴ്ച നടത്തുമെന്നും മന്ത്രി പറഞ്ഞു. കൂടുതൽ പാലുത്പാദനം ലക്ഷ്യമിട്ട് മിൽമയുടെ സമയം മാറ്റുന്നതും ആലോചനയിലുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇതനുസരിച്ച് രാവിലെ ആറിനും വൈകിട്ട് ആറിനുമാക്കി കറവയ്ക്കിടയിൽ 12 മണിക്കൂർ ഇടവേള നൽകുമെന്നും അതുവഴി കൂടുതൽ പാലുത്പാദിപ്പിക്കാൻ സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

മൃഗസംരക്ഷണ വകുപ്പിന്റെ പ്ലാൻ ഫണ്ടിൽ നിന്നും തുക ചെലവഴിച്ചാണ് ജഴ്സി ഫാമിൽ പുതിയ കന്നുകാലി ഭവനങ്ങൾ നിർമിച്ചത്. ആധുനിക സൌകര്യങ്ങളോടെയുള്ള, 26 കിടാരികളെ പാർപ്പിക്കാവുന്ന ഷെഡും നൂറോളം ആടുകളെ പാർപ്പിക്കാവുന്ന ഷെഡുമാണ് നിർമിച്ചത്. ഇതോടൊപ്പം പുതുതായി നിർമിക്കുന്ന 50 പശുക്കളെ പാർപ്പിക്കാവുന്ന ഓട്ടോമാറ്റിക് വാട്ടർ സംവിധാനം ഉൾപ്പെടയുള്ള ഹൈടെക് ഷെഡ്ഡിൻ്റെ ശിലാസ്ഥാപനവും മന്ത്രി നിർവഹിച്ചു. ചടങ്ങിൽ ജി സ്റ്റീഫൻ എം എൽ എ അധ്യക്ഷനായിരുന്നു. വിതുര ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. വി എസ് ബാബുരാജ് സ്വാഗതം പറഞ്ഞു. വിവിധ ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date