Skip to main content

മഴക്കാല പൂർവ്വ ശുചീകരണം തദ്ദേശസ്ഥാപനങ്ങൾ ഫലപ്രദമായി നടപ്പിലാക്കണം: ജില്ലാ കലക്ടർ

തദ്ദേശസ്ഥാപന തലത്തിൽ പ്രവർത്തന കലണ്ടർ
മഴക്കാല പൂർവ്വ ശുചീകരണം ജില്ലയിൽ സമയ ബന്ധിതമായി നടപ്പിലാക്കാൻ ജില്ലാ കലക്ടർ എസ് ചന്ദ്രശേഖറിന്റെ അധ്യക്ഷതയിൽ ചേർന്ന തദ്ദേശസ്ഥാപന അധ്യക്ഷൻമാരുടെ യോഗം തീരുമാനിച്ചു. വലിച്ചെറിയൽ മുക്ത കേരളം എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി നവകേരളം-വൃത്തിയുള്ള കേരളം ക്യാമ്പയിന്റെ ഭാഗമായാണ് ഈ പ്രവർത്തനം ആസൂത്രണം ചെയ്തിട്ടുളളത്. ഇതിന്റെ ഭാഗമായുള്ള അടിയന്തര പ്രവർത്തനങ്ങൾ ലോക പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് പൂർത്തിയാക്കും വിധമുള്ള പ്രവർത്തന കലണ്ടറും തയ്യാറാക്കിയിട്ടുണ്ട്്.
സർക്കാർ നിശ്ചയിച്ച പ്രവർത്തന കലണ്ടർ പ്രകാരം വാർഡ് തലത്തിൽ ഇതിനാവശ്യമായ നടപടികൾ കൈക്കൊള്ളണമെന്ന് കലക്ടർ നിർദേശിച്ചു. തദ്ദേശസ്ഥാപന തലത്തിൽ ഫലപ്രദമായ രീതിയിൽ ശുചീകരണവും മാലിന്യ നിർമാർജനവുമാണ് ലക്ഷ്യമിടുന്നത്. വിവിധ വിഭാഗം ജനങ്ങളുടെ സഹകരണവും പങ്കാളിത്തവും ഉറപ്പാക്കാൻ തദ്ദേശസ്ഥാപനങ്ങൾ ശ്രദ്ധിക്കണമെന്ന് കലക്ടർ നിർദേശിച്ചു. ഇതിനായി വിവിധ ആരാധനാലയങ്ങളുടെ ചുമതലക്കാർ, പുരോഹിതർ, മത-സാമുദായിക സംഘടനാ ഭാരവാഹികൾ, വ്യാപാരികൾ, പിടിഎ ഭാരവാഹികൾ, അധ്യാപകർ, കുടുംബശ്രീ, ഗ്രന്ഥശാലകൾ, ക്ലബ്ബുകൾ, കാറ്ററിംഗ് ജീവനക്കാർ തുടങ്ങി വിവിധ വിഭാഗങ്ങളുടെ യോഗങ്ങൾ വിളിച്ച് ശുചിത്വ  മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും അവ നടപ്പിൽ വരുന്നുണ്ടെന്ന  കാര്യം ഉറപ്പ് വരുത്തുകയും വേണം.
പുഴകളുടെയും തോടുകളുടെയും മറ്റ് ജലാശയങ്ങളുടെയും ശുചീകരണത്തോടൊപ്പം വാതിൽപ്പടി മാലിന്യ ശേഖരണം 100 ശതമാനമെന്ന ലക്ഷ്യവും കൈവരിക്കണം. ഇതിനായി ഹരിതകർമ്മസേനാംഗങ്ങളുടെ എണ്ണം വർധിപ്പിക്കണമെങ്കിൽ അതിനാവശ്യമായ നടപടികളും തദ്ദേശസ്ഥാപനങ്ങൾ സ്വീകരിക്കണം. മാലിന്യങ്ങൾ ഉറവിങ്ങളിൽ നിന്ന് തന്നെ തരംതിരിച്ച് ശേഖരിക്കുന്ന സംവിധാനം ഫലപ്രദമായി നടപ്പിലാക്കണം. പൊതുസ്ഥലം, റോഡരികുകൾ എന്നിവയും മാലിന്യ മുക്തമാക്കാൻ ശ്രദ്ധിക്കണം. നൂറിൽ കൂടുതൽ ആളുകൾ പങ്കെടുക്കുന്ന വിവാഹങ്ങൾ, ചടങ്ങുകൾ, മറ്റ് ആഘോഷ പരിപാടികൾ എന്നിവ തദ്ദേശസ്ഥാപനത്തിൽ രജിസ്റ്റർ ചെയ്യണമെന്ന നിർദേശം കർശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കണം. ഇവ ഹരിത ചട്ടപ്രകാരമാണ് നടക്കുന്നതെന്ന് നിരീക്ഷിച്ച് ആവശ്യമായ നടപടികൾ കൈക്കെള്ളണം. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിയന്ത്രിക്കാൻ ശക്തമായ നടപടികൾ ഉണ്ടാവണം. ഇക്കാര്യത്തിൽ കർശനമായ നിയന്ത്രണം ആവശ്യമാണെന്നാണ് ബ്രഹ്മപുരം അനുഭവം കാണിക്കുന്നത്. കോഴി മാലിന്യം, മുടി മാലിന്യം എന്നിവ ശാസ്ത്രീയമായി സംസ്‌ക്കരിക്കുന്നുവെന്ന് ഉറപ്പാക്കാൻ കഴിയണം. ജില്ലയിൽ കോഴി മാലിന്യം സംസ്‌ക്കരിക്കാൻ രണ്ട് റെൻഡറിങ്ങ് പ്ലാന്റ് പ്രവർത്തിക്കുന്നുണ്ട്. കോഴി മാലിന്യം ഇവിടേക്ക് എത്തുന്നുവെന്ന് ഉറപ്പാക്കാൻ വേണ്ട ഇടപെടൽ തദ്ദേശസ്ഥാപനങ്ങൾ നടത്തണം. ഇവ റോഡരികുകളിലും പുഴകളിലും നിക്ഷേപിക്കുന്നതിനെതിരെ കർശന നടപടി ഉണ്ടാവും. പൊലീസ്, റവന്യു വകുപ്പുകളുടെ കൂടി ഏകോപനത്തോടെ ഇക്കാര്യത്തിൽ നിരീക്ഷണവും പരിശോധനയും ശക്തമാക്കുമെന്ന് കലക്ടർ അറിയിച്ചു.
കൃത്യമായ നിർദേശങ്ങളോടെ സർക്കാർ ഇതിനായുള്ള ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. മാർച്ച് 31നകം എല്ലാ തദ്ദേശസ്ഥാപനങ്ങളും ഈ പ്രവർത്തനങ്ങൾ നടത്താനാവശ്യമായ മുന്നൊരുക്കം പൂർത്തിയാക്കണം. മാർച്ച് 25 നകം തദ്ദേശസ്ഥാപന തല ആരോഗ്യ ജാഗ്രത സമിതികൾ രൂപീകരിക്കണം. ശുചീകരണ, മാലിന്യ നിർമാർജന പ്രവർത്തനങ്ങൾക്ക് തദ്ദേശസ്ഥാപന തലത്തിൽ കർമപദ്ധതി തയ്യാറാക്കേണ്ടതുണ്ട്. ഓരോ വാർഡിലെയും മാലിന്യ സംസ്‌ക്കരണ സംവിധാനങ്ങളുടെ നിലവിലെ സ്ഥിതി, മാലിന്യ കൂനകൾ ഉണ്ടെങ്കിൽ അത്തരം വിവരങ്ങൾ, ജലാശയങ്ങളുടെ അവസ്ഥ, കൊതുകുകൾ വളരുന്ന സ്ഥലങ്ങൾ എന്നീ കാര്യങ്ങളെല്ലാം ഉൾപ്പെടുത്തി വാർഡ് തലത്തിൽ കർമ്മ പദ്ധതി ഉണ്ടാക്കണം. ഇവ ക്രോഡീകരിച്ചാണ് തദ്ദേശസ്ഥാപന കർമ്മ പദ്ധതി രൂപീകരിക്കേണ്ടത്. തദ്ദേശസ്ഥാപന തലത്തിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഒരു നോഡൽ ഓഫീസറെയും നിശ്ചയിക്കണം.
തുടർന്ന് ഏപ്രിൽ 30നകം ശുചീകരണ പ്രവർത്തനങ്ങൾ നടത്തണം. മാലിന്യ പരിപാലനം 100 ശതമാനവും ഉറപ്പാക്കുകയാണ് ശുചീകരണ ക്യാമ്പയിന്റെ ലക്ഷ്യം. ഇതിനായി എല്ലാ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും മാസത്തിൽ ഒരു തവണ മാലിന്യ ശേഖരണം നടത്തണം. ഇത് ഫലപ്രദമായി നടപ്പിലാക്കുന്നതിനാവശ്യമായ എണ്ണം ഹരിത കർമ്മ സേനാംഗങ്ങളെ തദ്ദേശസ്ഥാപനം ഉറപ്പാക്കണം. നിലവിലുള്ള എംസിഎഫ്, ആർആർഎഫ് എന്നിവിടങ്ങളിൽ പാഴ്വസ്തുക്കൾ കെട്ടിക്കിടക്കുന്നുണ്ടെങ്കിൽ അവ ഏപ്രിൽ അഞ്ചിനകം ബന്ധപ്പെട്ട തദ്ദേശസ്ഥാപനം നീക്കം ചെയ്യണം. മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾക്ക് പഞ്ചായത്ത്, നഗരസഭ വാർഡുകളിൽ 30,000 രൂപ വീതവും കോർപ്പറേഷൻ വാർഡിൽ 40,000 രൂപയും ചെലവഴിക്കാം. കൂടുതൽ തുക ആവശ്യമെങ്കിൽ തനത് ഫണ്ടിൽ നിന്നോ, പദ്ധതി ഫണ്ടിൽ നിന്നോ വിനിയോഗിക്കുന്നതിനും അനുമതി ഉണ്ട്.
പൊതുമരാമത്ത് റോഡുകളിലെ ഓടകളും മാലിന്യങ്ങളും ശുചീകരിക്കുന്നതിന് വകുപ്പിന് നിർദേശം നൽകണമെന്ന് പഞ്ചായത്ത് പ്രസിഡണ്ടുമാർ യോഗത്തിൽ ആവശ്യപ്പെട്ടു. ഇ വേസ്റ്റ്, വീടുകളിൽ ഉണ്ടാകുന്ന മെഡിക്കൽ വേസ്റ്റ് എന്നിവ ശേഖരിച്ച് സംസ്‌ക്കരിക്കുന്നതിനുള്ള ക്രമീകരണം ഉണ്ടാക്കുക, ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക്ക് നിയന്ത്രണ നടപടികളിൽ എല്ലാ തദ്ദേശസ്ഥാപന തലത്തിലും ഏകീകൃത സമീപനം ഉണ്ടാക്കുക തുടങ്ങിയ ആവശ്യങ്ങളും തദ്ദേശസ്ഥാപന പ്രതിനിധികൾ ഉന്നയിച്ചു. ഇക്കാര്യങ്ങളില ബന്ധപ്പെട്ട ഏജൻസികളുമായി ആലോചിച്ച് തീരുമാനം കൈക്കൊള്ളാമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. യോഗത്തിൽ പഞ്ചായത്ത്, നഗരസഭാ അധ്യക്ഷൻമാർ, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിൻറ് ഡയറക്ടർ ടി ജെ അരുൺ, ജില്ലാ ശുചിത്വ മിഷൻ കോ ഓർഡിനേറ്റർ കെ എം സുനിൽകുമാർ എന്നിവർ പങ്കെടുത്തു.

date