Skip to main content
meeting

എന്റെ കേരളം രണ്ടാം എഡിഷന്‍: സംഘാടക സമിതി രൂപീകരിച്ചു 

സംസ്ഥാന സര്‍ക്കാരിന്റെ എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ രണ്ടാം എഡിഷന്‍ ഏപ്രില്‍ അവസാനത്തോടെ ജില്ലയില്‍ സംഘടിപ്പിക്കുന്നതിനുള്ള സംഘാടക സമിതി രൂപീകരണ യോഗം ചേര്‍ന്നു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ കൃഷി മന്ത്രി പി. പ്രസാദിന്റെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. ഫിഷറീസ,് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ യോഗത്തില്‍ ഓണ്‍ലൈനായി പങ്കെടുത്തു. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ആലപ്പുഴ ബീച്ചിലാണ് പ്രദര്‍ശന- വിപണന മേള നടക്കുക. യോഗത്തില്‍ എം.എല്‍.എമാരായ പി.പി. ചിത്തരഞ്ജന്‍, എച്ച്. സലാം, എം.എസ്. അരുണ്‍കുമാര്‍, തോമസ് കെ. തോമസ്, ജില്ല കളക്ടര്‍ ഹരിത വി.കുമാര്‍, നഗരസഭാധ്യക്ഷ സൗമ്യ രാജ് തുടങ്ങിയവര്‍ പങ്കെടുത്തു. മന്ത്രി പി. പ്രസാദ്, മന്ത്രി സജി ചെറിയാന്‍ എന്നിവര്‍ മുഖ്യരക്ഷാധികാരികളായുള്ള സംഘാടക സമിതിയും ഉപസംഘാടക സമിതികളും രൂപീകരിച്ചു. 

വിവിധ വകുപ്പുകളുടെ സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് ഏറ്റവും എളുപ്പത്തിലും കാര്യക്ഷമമായും നല്‍കുന്നതിന് ഊന്നല്‍ കൊടുത്താകണം സ്റ്റാളുകള്‍ ഒരുക്കാനെന്ന് മന്ത്രി പി. പ്രസാദ് നിര്‍ദേശിച്ചു. ജില്ലയിലെ സംരംഭകര്‍ക്ക് അവരുടെ ഉത്പന്നങ്ങളും സേവനങ്ങളും വിപണനം ചെയ്യാനുള്ള ബി 2 ബി കേന്ദ്രങ്ങള്‍ മേളയില്‍ ഉള്‍പ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു. സ്റ്റാളുകള്‍ വിപുലീകരിക്കാന്‍ എല്ലാ വകുപ്പുകളും ഏകോപനത്തോടെ പ്രവര്‍ത്തിക്കണമെന്ന് മന്ത്രി സജി ചെറിയാന്‍ യോഗത്തില്‍ നിര്‍ദേശിച്ചു. 

സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സമഗ്ര പദ്ധതി രൂപരേഖ (ഡി.പി.ആര്‍.) തയ്യാറാക്കാനായി ഡി.പി.ആര്‍. ക്ലിനിക്കുകളും മേളയില്‍ സജീകരിക്കും. വിനോദ സഞ്ചാരികള്‍, വിദ്യാര്‍ഥികള്‍, വ്യാപാരികള്‍ തുടങ്ങി ജില്ലയിലെ എല്ലാ വിഭാഗം ജനങ്ങളുടെയും കൂട്ടായ പങ്കാളിത്തം മേളയില്‍ ഉറപ്പാക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. 

സമ്പൂര്‍ണമായും ഹരിത പ്രോട്ടോകോള്‍ പാലിച്ചായിരിക്കും മേള. കിഫ്ബിയുടെ സഹായത്തോടെയാണ് പ്രദര്‍ശന വേദിയുടെ നിര്‍മാണം. സേവന- പ്രദര്‍ശന മേഖലയില്‍ സര്‍ക്കാര്‍- പൊതുമേഖല- സ്വകാര്യ സ്റ്റാളുകള്‍, ഫുഡ് കോര്‍ട്ട്, കുട്ടികള്‍ക്കുള്ള കളി സ്ഥലം, കലാപരിപാടികള്‍, സെമിനാറുകള്‍ എന്നിവയും മേളയില്‍ ഉണ്ടാകും.  

എ.ഡി.എം. എസ്. സന്തോഷ് കുമാര്‍, പി.ആര്‍.ഡി. മേഖല ഡെപ്യൂട്ടി ഡയറക്ടര്‍ ചന്ദ്രഹാസന്‍ വടുതല, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.എസ്. സുമേഷ്, വിവിധ വകുപ്പ് മേധാവികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.

date