Skip to main content

കാറഡുക്ക ആനപ്രതിരോധ പദ്ധതി; 9 കിലോമീറ്റര്‍ വേലി നിര്‍മാണം ഉദ്ഘാടനം ഏപ്രില്‍ നാലിന്  മന്ത്രി എ.കെ.ശശീന്ദ്രന്‍ നിര്‍വ്വഹിക്കും

 

 

കാറഡുക്ക ആനപ്രതിരോധ പദ്ധതി രണ്ടാം ഘട്ടത്തില്‍ നിര്‍മിക്കുന്ന 9 കിലോമീറ്റര്‍ തൂക്ക് വേലി നിര്‍മാണത്തിന്റെ ഉദ്ഘാടനം ഏപ്രില്‍ നാലിന് വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ നിര്‍വ്വഹിക്കും. മാര്‍ച്ച് 31ന് നിര്‍മ്മാണം പൂര്‍ത്തീകരിക്കും. തലപ്പച്ചേരി കര്‍ണാടക അതിര്‍ത്തി മുതല്‍ ബെള്ളക്കാന വരെ അഞ്ച് കിലോമീറ്ററും ചിക്കണ്ടമൂല മുതല്‍ അന്‍ചിനടുക്ക വരെ നാല് കിലോമീറ്റര്‍ ദൂരത്തിലാണ് വേലി നിര്‍മ്മിച്ചത്. കഴിഞ്ഞ നവംബറില്‍ പദ്ധതിയുടെ ആദ്യഘട്ടമായി ബെള്ളക്കാന മുതല്‍ ചിക്കണ്ടമൂല-പാലാര്‍ വരെ 8 കിമീ വേലി പൂര്‍ത്തിയായിരുന്നു. രണ്ടാം ഘട്ട നിര്‍മ്മാണം കൂടി പൂര്‍ത്തിയാകുന്നതോടെ 17 കിലോമീറ്റര്‍ തുടര്‍ച്ചയായ വേലിയാകും. ദേലംപാടിയിലെ പാണ്ടി വനമേഖലയോട് ചേര്‍ന്ന് നില്‍ക്കുന്ന ജനവാസകേന്ദ്രങ്ങള്‍, കാറഡുക്ക, മുളിയാര്‍, ബേഡഡുക്ക, കുറ്റിക്കോല്‍ പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലേക്കുള്ള രൂക്ഷമായ കാട്ടാനശല്യത്തിന് ഇതോടെ പരിഹാരമാകും.

 

സംഘാടക സമിതി യോഗം ചേര്‍ന്നു 

 

കാറഡുക്ക ആനപ്രതിരോധ പദ്ധതി വേലി നിര്‍മാണം ഉദ്ഘാടനത്തോട് അനുബന്ധിച്ച് സംഘാടക സമിതി യോഗം ചേര്‍ന്നു. ദേലംപാടി പഞ്ചായത്തില്‍ നടന്ന യോഗത്തില്‍ കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിജി മാത്യു അധ്യക്ഷനായി. ദേലമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എ.പി.ഉഷ, വൈസ് പ്രസിഡന്റ് ഡി.എ.അബ്ദുള്ളകുഞ്ഞി, സെക്രട്ടറി കെ.മൃദുല, കാസര്‍കോട് റേഞ്ച് വനംമേധാവി ടി.ജി.സോളമന്‍, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ബി.കെ.നാരായണന്‍, ബ്ലോക്ക് അംഗം ചാണിയ നായ്ക്, ആസൂത്രണ സമിതി ഉപദ്യക്ഷന്‍ എ.ചന്ദ്രശേഖര, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ബി.സുമ, ജനപ്രതിനിധികള്‍, ഫോറസ്റ്റ് ജീവനക്കാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സംബന്ധിച്ചു.

 

date