Skip to main content
ചാലക്കുടി നഗരസഭ 2023 - 24 ലെ ബജറ്റ് വൈസ് ചെയർ പേഴ്സൺ ആലീസ് ഷിബു അവതരിപ്പിക്കുന്നു

ചാലക്കുടിയെ പൂർണ്ണ വികസനത്തിലേക്ക് നയിച്ച് ബജറ്റ് അവതരണം

2500 വീടുകളിൽ സൗജന്യ കുടിവെള്ള കണക്ഷൻ

മാലിന്യസംസ്ക്കരണത്തിനും ശുചിത്വത്തിനുമായി 2.55 കോടി

ജനങ്ങൾക്ക് ആശ്വാസമേകുന്ന വികസന പദ്ധതികളുമായി ചാലക്കുടി നഗരസഭ 2023 - 24 ലെ ബജറ്റ് നഗരസഭ വൈസ് ചെയർപേഴ്സൺ ആലീസ് ഷിബു അവതരിപ്പിച്ചു. അമൃത് സമ്പൂർണ്ണ കുടിവെള്ള പദ്ധതിക്കായി 12.98 കോടി രൂപ വകയിരുത്തി 2500 വീടുകളിൽ സൗജന്യ കുടിവെള്ള കണക്ഷനുകൾ ഒരുക്കും.

വയോജന സൗഹൃദ നഗരസഭക്കായ് സ്നേഹ സ്മൃതി പദ്ധതി, വിദ്യാർത്ഥികളിലെ പഠന വൈകല്യം പരിഹരിക്കാൻ ലേണിംഗ് ഡിസബിലിറ്റി സ്പെഷ്യൽ പ്രോഗ്രാം, വനിതകൾക്കായി നഗരസഭ ഓഫീസിൽ ജെന്റർ റിസോഴ്സ് സെന്റ്റർ, വനിത സ്വയം തൊഴിൽ സംരഭങ്ങൾ തുടങ്ങുന്നതിനുള്ള ധനസഹായം, എല്ലാ വാർഡിലും സേവാഗ്രാം ഗ്രാമകേന്ദ്രങ്ങൾ, തെരുവ് കച്ചവടക്കാർക്ക് പുനരധിവാസ പദ്ധതി, പ്രളയ സാധ്യത മുൻകൂട്ടി അറിയാൻ ഓട്ടോമാറ്റിക് വെതർ സ്റ്റേഷൻ, വീടുകളിലെ കക്കൂസ് മാലിന്യം സംസ്ക്കരിക്കാൻ മൊബൈൽ ഫീക്കൽ സ്ലഡ്ജ് ട്രീറ്റ്മെന്റ് പ്ലാന്റ്, കലാഭവൻ മണി പാർക്ക് നവീകരണ മാസ്റ്റർ പ്ലാൻ, രുചിയുടെ തെരുവോരമാക്കാൻ ഫുഡ് സ്ട്രീറ്റ് പദ്ധതികൾ, പൊതു ഗതാഗത സൗകര്യം കുറവുള്ള പ്രദേശങ്ങളിലേക്ക്  കെ എസ് ആർ ടി സിയുമായി സഹകരിച്ച് ഗ്രാമവണ്ടി പദ്ധതി തുടങ്ങീ ചാലക്കുടിയെ വികസനത്തിന്റെ സമ്പൂർണ കുതിപ്പിലേക്ക് മാറ്റുന്ന പദ്ധികളാണ് ബഡ്ജറ്റിൽ.

ഭവന നിർമ്മാണത്തിന് 1.5 കോടി, ഭവന പുനരുദ്ധാരണത്തിന് 50 ലക്ഷം, വിദ്യാഭ്യാസത്തിന് 1.26 കോടി, മാലിന്യ സംസ്ക്കരണത്തിനും ശുചിത്വത്തിനുമായി 2.55 കോടി, ഹരിത കർമ്മസേന ഒരുകോടി, കാർഷിക മേഖലക്ക് ഒരുകോടി, ചേരി പുനരധിവാസത്തിന് ഒരുകോടി, പൊതുഗതാഗത - റോഡ് നവീകരണത്തിന് 5.10 കോടി, ആരോഗ്യ മേഖലക്ക് 2.63 കോടി, കലാഭവൻ മണി പാർക്ക് മാസ്റ്റർ പ്ലാൻ -ഫുഡ് സ്ട്രീറ്റ് നിർമ്മാണത്തിന് 75 ലക്ഷം, ഇൻഡോർ സ്റ്റേഡിയം പൂർത്തീകരണം 40 ലക്ഷം, പട്ടികജാതി ക്ഷേമം 1.61 കോടി, നോർത്ത് ബസ് കം സ്റ്റാന്റ് ഷോപ്പിംഗ് കോംപ്ലക്സ് 75 ലക്ഷം, മൃഗസംരക്ഷണത്തിന് 25 ലക്ഷം, വയോജനങ്ങൾക്കായ് ഒരുക്കുന്ന സ്നേഹസ്മൃതി പദ്ധതിക്ക് 90 ലക്ഷം, ഇൻഡോർ സ്റ്റേഡിയം ഷോപ്പിംഗ് കോംപ്ലക്സിന് 1.5 കോടി, സുവർണ്ണ ഗൃഹം പദ്ധതിക്ക് ഒരുകോടി, പോട്ട കമ്മ്യൂണിറ്റി ഹാൾ കം ഷോപ്പിംഗ് കോംപ്ലക്സിന് ഒരു കോടി , ടൗൺഹാൾ തുടർ പ്രവർത്തനത്തിന് 50 ലക്ഷം, സുവർണ്ണ ജൂബിലി ഓഫീസ് അനക്സിന് ഒരു കോടി, തെരുവ് വിളക്കുകൾ സ്ഥാപിക്കൽ പരിപാലനം തുടങ്ങിയ പ്രവർത്തങ്ങൾക്ക് 60 ലക്ഷം, അയ്യൻങ്കാളി തൊഴിലുറപ്പ് പദ്ധതി 3.12 കോടി തുടങ്ങി വൈവിധ്യമാർന്ന പദ്ധതികൾക്ക് ബഡ്ജറ്റിൽ വകയിരുത്തിയിട്ടുണ്ട്.

 151,42,20,356 രൂപ വരവും 148,62,16,540/- രൂപ ചെലവും 2,80,03,816/- നീക്കിയിരിപ്പുമുള്ള ബജറ്റാണ് അവതരിപ്പിച്ചത്. ചെയർമാൻ എബി ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു.

date