Skip to main content

പായം പഞ്ചായത്തിൽ പന്നിപ്പനി സ്ഥിരീകരിച്ചു; മൂന്ന് ഫാമുകളിലെ പന്നികളെ ഉന്മൂലനം ചെയ്യും 

 

 

പായം ഗ്രാമ പഞ്ചായത്തിലെ നാട്ടേൽ നെല്ലിക്കുന്നേൽ ഹൗസ് സുനിൽ മാത്യുവിന്റെ പന്നി ഫാമിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചതിനാൽ ഈ ഫാമിന് ചുറ്റുമുള്ള ഒരു കിലോമീറ്റർ പ്രദേശം രോഗബാധിത പ്രദേശമായും 10 കിലോമീറ്റർ ചുറ്റളവ് രോഗ നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാനായ ജില്ലാ കളക്ടർ എസ് ചന്ദ്രശേഖർ ഉത്തരവിട്ടു. പന്നിപ്പനി സ്ഥിരീകരിച്ച ഫാമിലെ മുഴുവൻ പന്നികളെയും കൂടാതെ പ്രഭവകേന്ദ്രത്തിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള ആന്റണി, പുത്തേട് ഹൗസ്, നാട്ടേൽ, പായം ഗ്രാമപഞ്ചായത്ത്, കുര്യൻ ചെറുവള്ളിൽ, മുണ്ടയാംപറമ്പ് അയ്യൻകുന്ന് ഗ്രാമപഞ്ചായത്ത് എന്നീ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള രണ്ട് പന്നിഫാമുകളിലെ മുഴുവൻ പന്നികളെയും എല്ലാ വിധ പ്രോട്ടോക്കോളുകളും പാലിച്ച് ഉടൻ

പ്രാബല്യത്തോടെ ഉന്മൂലനം ചെയ്യാനും ഉത്തരവിട്ടു. ജഡങ്ങൾ മാനദണ്ഡങ്ങൾ പ്രകാരം സംസ്കരിക്കേണ്ടതാണ്.

ഈ പ്രദേശങ്ങളിൽ പന്നിമാംസം വിതരണം ചെയ്യുന്നതും വിതരണം ചെയ്യുന്ന കടകളുടെ പ്രവർത്തനവും പന്നികളെ ജില്ലയിലെ മറ്റ് പ്രദേശങ്ങളിലേക്ക് കൊണ്ടുപോകുന്നതും മറ്റ് പ്രദേശങ്ങളിൽ നിന്ന് നിരീക്ഷണ മേഖലയിലേക്ക് കൊണ്ടുവരുന്നതും മൂന്ന് മാസത്തേക്ക് നിരോധിച്ചു. രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി താഴെപ്പറയുന്ന മാർഗ നിർദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്.

പായം ഗ്രാമ പഞ്ചായത്തിലെ രോഗം സ്ഥിരീകരിച്ച പന്നി ഫാമിൽ നിന്നും മറ്റ് പന്നി ഫാമുകളിലേക്ക് കഴിഞ്ഞ രണ്ടു മാസങ്ങൾക്കുള്ളിൽ പന്നികളെ കൊണ്ടുപോയിട്ടുണ്ടോ എന്ന് പരിശോധിച്ചു അടിയന്തിര റിപ്പോർട്ട് സമർപ്പിക്കണം.

മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ജില്ലകളിൽ നിന്നും പന്നി മാംസവും പന്നികളെയും അനധികൃതമായി ജില്ലയിലേക്ക് കടത്താൻ സാധ്യതയുള്ളതിനാൽ ചെക്ക് പോസ്റ്റുകളിലും ജില്ലയിലേക്കുള്ള മറ്റ് പ്രവേശന മാർഗങ്ങളിലും പോലീസുമായും റോഡ് ട്രാൻസ്പോർട്ട് ഓഫീസറുമായും ചേർന്ന് മൃഗ സംരക്ഷണ വകുപ്പ് കർശനമായ പരിശോധന നടത്തണം. രോഗ വിമുക്ത മേഖലയിൽ നിന്നുള്ള പന്നികളെ മാത്രമേ ജില്ലയിലേക്ക് പ്രവേശിപ്പിക്കുന്നുള്ളൂ എന്ന് ഉറപ്പ് വരുത്തേണ്ടതാണ്. രോഗം സ്ഥിരീകരിച്ച തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിൽ പോലീസ് മൃഗസംരക്ഷണ വകുപ്പ്, ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥൻ, വില്ലേജ് ഓഫീസർ , കെ എസ് ഇ ബി എക്സിക്യൂട്ടീവ് എൻജിനീയർ എന്നിവരുൾപ്പെട്ട ടീം അടിയന്തരമായി രൂപീകരിച്ച് പ്രവർത്തനം ആരംഭിക്കുന്നതിനുള്ള നടപടി ജില്ലാ മൃഗസംരക്ഷണ ആപ്പീസർ, തദ്ദേശ സ്വയംഭരണ സെക്രട്ടറി എന്നിവർ ചേർന്ന് സ്വീകരിക്കേണ്ടതാണ്. പന്നികളെ ശാസ്ത്രീയമായി ഉന്മൂലനം ചെയ്ത് മറവ് ചെയ്യുന്നതിനാവശ്യമായ എല്ലാ സഹായവും ജില്ലാ ആരോഗ്യ വകുപ്പും കെ എസ് ഇ ബി അധികൃതരും നൽകേണ്ടതാണ്.

ജില്ലയിലെ മറ്റ് ഭാഗങ്ങളിൽ പന്നിപ്പനി വൈറസ് കണ്ടെത്തുന്ന പക്ഷം ബന്ധപ്പെട്ട തദ്ദേശ സ്വയം ഭരണ സ്ഥാപന അധികാരികൾ, വില്ലേജ് ഓഫീസർമാർ, റൂറൽ ഡയറി ഡെവലപ്മെന്റ് ഉദ്യോഗസ്ഥർ എന്നിവർ ബന്ധപ്പെട്ട വെറ്ററിനറി ഓഫീസറെ വിവരം അറിയിക്കണം. വെറ്ററിനറി ഓഫീസർ വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിനുള്ള തുടർനടപടികൾ സ്വീകരിക്കേണ്ടതുമാണ്. അണുനശീകരണത്തിനുശേഷം ഫാമിൽ ഫ്യുമിഗേഷൻ നടപടികൾ ഫയർ ആൻഡ് റെസ്ക്യു ഫോഴ്സിന്റെ നേതൃത്വത്തിൽ നടത്തേണ്ടതാണെന്നും ഉത്തരവിൽ വ്യക്തമാക്കി.

date