Skip to main content

കുടുംബശ്രീ രജതജൂബിലി  'മുദ്രഗീതം' ഒരുക്കാൻ   അയൽക്കൂട്ട വനിതകൾക്ക് രചനാ മത്സരം

തിരുവനന്തപുരം: രജതജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് കുടുംബശ്രീ 'മുദ്രഗീതം'-തീം സോങ്ങ് ഒരുക്കുന്നു. കുടുംബശ്രീ അംഗങ്ങളിൽനിന്നു തന്നെ തീം സോങ്ങ് കണ്ടെത്തുന്നതിനാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി അയൽക്കൂട്ട വനിതകൾക്കായി 'മുദ്രഗീതം' തീം സോങ്ങ് രചനാ മത്സരം സംഘടിപ്പിക്കുന്നു. മികച്ച രചനയ്ക്ക് പതിനായിരം രൂപയും ഫലകവും സമ്മാനം ലഭിക്കും. വിദഗ്ധർ ഉൾപ്പെടുന്ന ജൂറിയാണ് മികച്ച രചന തിരഞ്ഞെടുക്കുക. മെയ് 17 ന് നടക്കുന്ന കുടുംബശ്രീ വാർഷിക ദിനാഘോഷ പരിപാടിയിൽ സമ്മാനം വിതരണം ചെയ്യും.  

കാൽ നൂറ്റാണ്ടിനിടയിൽ കുടുംബശ്രീയുടെ സമഗ്ര സംഭാവനകളുടെ സംക്ഷിപ്തമാണ് ഗാനത്തിൽ പ്രതിഫലിക്കേണ്ടത്. ലിംഗാധിഷ്ഠിതമല്ലാത്ത പ്രമേയമായിരിക്കണം ഗാനത്തിന്റെ ഉള്ളടക്കം. കൂടാതെ മതനിരപേക്ഷ ജീവിത വീക്ഷണത്തിന് ഇണങ്ങി നിൽക്കുന്നതും ആത്മവിശ്വാസം, സ്‌നേഹം, സഹകരണ മനോഭാവം എന്നിവ ആർജിക്കാൻ പ്രചോദനം നൽകുന്നതുമായിരിക്കണം. 16 വരിയിൽ കൂടാൻ പാടില്ല. രചനകൾ മലയാളത്തിലായിരിക്കണം. തിരഞ്ഞെടുക്കുന്ന രചന സംഗീതം നൽകി കുടുംബശ്രീയുടെ തീം സോങ്ങായി ഉപയോഗിക്കും.
രചനകൾ 2023 ഏപ്രിൽ 15നകം എക്‌സിക്യൂട്ടീവ് ഡയറക്ടർ, കുടുംബശ്രീ സംസ്ഥാന ദാരിദ്ര്യ നിർമാർജന മിഷൻ, ട്രിഡ ബിൽഡിങ്ങ്. മെഡിക്കൽ കോളജ് പി.ഒ, തിരുവനന്തപുരം-695 011 എന്ന വിലാസത്തിൽ ലഭിക്കണം.

date