Skip to main content

താനൂര്‍ ഫിഷറീസ് സ്‌കൂളില്‍ വാനനിരീക്ഷണ കേന്ദ്രം; ധാരണാപത്രം ഒപ്പുവെച്ചു

വിദ്യാര്‍ഥികള്‍ക്ക് വാനനിരീക്ഷണത്തില്‍ അഭിരുചി വളര്‍ത്താന്‍ താനൂര്‍ ഗവ. റീജിയനല്‍ ഫിഷറീസ് ടെക്നിക്കല്‍ ഹൈസ്‌കൂളില്‍ വാനനിരീക്ഷണ കേന്ദ്രം സ്ഥാപിക്കുന്നു. കേന്ദ്രത്തിന്റെ നിര്‍മാണത്തിനുള്ള് ധാരണാ പത്രം ഒപ്പുവച്ചു. മലപ്പുറം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറും ദേശീയ ശാസ്ത്ര മ്യൂസിയത്തിന്റെ കീഴിലുള്ള വിശ്വേശ്വരയ്യ ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് ടെക്‌നോളജി മ്യൂസിയം ഡയറക്ടറും തമ്മിലാണ് ധാരണാപത്രം ഒപ്പുവച്ചത്. കായിക- ന്യൂനപക്ഷക്ഷേമ- വഖ്ഫ്- ഹജ്ജ് തീര്‍ത്ഥാടന- റെയില്‍വേ വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്റെ നിയോജക മണ്ഡലം ആസ്തിവികസന ഫണ്ടില്‍ നിന്നും 2.60 കോടി രൂപ ചെലവഴിച്ചാണ് അസ്ട്രോണമിക്കല്‍ ലാബ് ആന്‍ഡ് ഒബ്‌സര്‍വേറ്ററി സ്ഥാപിക്കുന്നത്. പദ്ധതി യാഥാര്‍ത്ഥ്യമാവുന്നതോടെ സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്കും വാനനിരീക്ഷണത്തില്‍ അഭിരുചി വളര്‍ത്താനും വിഷയത്തില്‍ കൂടുതല്‍ പഠനങ്ങള്‍ നടത്താനും കഴിയും. പൊതു ജനങ്ങള്‍ക്കും ജ്യോതിശാസ്ത്ര ഗവേഷകര്‍ക്കും ഒരുപോലെ പ്രയോജനപ്രദമാകും.

മംഗളൂരൂ സയന്‍സ് മ്യൂസിയം ഡയറക്ടര്‍ കെ എ സാധനയും സംഘവും പദ്ധതി പ്രദേശം സന്ദര്‍ശിച്ചു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ 18 മാസം കൊണ്ട് പൂര്‍ത്തിയാക്കുമെന്നും ഏറ്റവും അനുയോജ്യമായ സ്ഥലമാണ് ഇതിനായി തിരഞ്ഞെടുത്തതെന്നും പദ്ധതിക്ക് താത്പര്യം കാണിച്ച മന്ത്രി പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും അവര്‍ പറഞ്ഞു. താനൂര്‍ ഗവ. റീജിയനല്‍ ഫിഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ നടന്ന പരിപാടിയില്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ബേബി ഷീജ കോഹൂര്‍, റീജിയനല്‍ സയന്‍സ് സെന്റര്‍ ആന്‍ഡ് പ്ലാനറ്റോറിയം പ്രൊജക്ട് കോര്‍ഡിനേറ്റര്‍ ബിനോയ് കുമാര്‍ ദുബൈ, ടെക്നിക്കല്‍ ഓഫീസര്‍ ജയന്ത് ഗാംഗുലി, എഡ്യുക്കേഷന്‍ ഓഫീസര്‍ കെ.എം സുനില്‍, ടെക്നിക്കല്‍ അസിസ്റ്റന്റ് ഷിജി, അസിസ്റ്റന്റ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കെ.പി.ഒ അംജദ്, കൗണ്‍സിലര്‍ ആബിദ് വടക്കയില്‍, സ്‌കൂള്‍ പ്രധാനധ്യാപകന്‍ അബ്ദുല്‍ അസീസ്, പ്രിന്‍സിപ്പല്‍ മായ, പി.ടി.എ പ്രസിഡന്റ് ലത്തീഫ് തുടങ്ങിയവര്‍ പങ്കെടുത്തു

date