Skip to main content
കുന്നംകുളം നിലാവെട്ടം 2023 ഉദ്ഘാടനം മന്ത്രി ശ്രീ.കെ രാധാകൃഷ്ണൻ നിർവഹിച്ചു.

"നിലാവെട്ടം മിഴി തുറന്നു " കുന്നംകുളത്തിന് ഇനി ആഘോഷരാവുകൾ

സാമ്പത്തിക മുന്നേറ്റത്തിനൊപ്പം കലാ  പ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകണം : മന്ത്രി കെ രാധാകൃഷ്ണൻ

കുന്നംകുളത്തിന്റെ ആഘോഷ രാവുകൾക്ക് വർണ്ണപ്പകിട്ടേകി നിലാവെട്ടം മിഴി തുറന്നു . കുന്നംകുളം ചെറുവത്തൂർ ഗ്രൗണ്ടിൽ ഏപ്രിൽ 30 വരെ നീളുന്ന ആഘോഷ  പരിപാടി വിഷു - റംസാൻ വേനലവധി ആഘോഷമായാണ് നിലാവെട്ടം സംഘടിപ്പിച്ചിരിക്കുന്നത്. പ്രധാന വേദിയിൽ ദേവസ്വം പട്ടികജാതി-പട്ടികവര്‍ഗ്ഗ, പിന്നോക്ക ക്ഷേമ, പാര്‍ലിമെന്ററികാര്യ വകുപ്പ് മന്ത്രി നിലാവെട്ടം കെ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സാമ്പത്തിക മുന്നേറ്റത്തിനൊപ്പം നാടിന്റെ വികസനത്തിന് കലാ
 സാംസ്കാരിക പ്രവർത്തനങ്ങൾ അനിവാര്യമായ കാലഘട്ടമാണിതെന്ന് മന്ത്രി പറഞ്ഞു. കലയെ കൂടുതൽ ജനകീയ വത്കരിക്കുന്നതിന് കേരള കലാമണ്ഡലത്തിന്റെ നേതൃത്വത്തിൽ സബ്ബ് സെന്ററുകൾ ആരംഭിക്കുന്നതിനുള്ള ആലോചനകൾ നടത്തുമെന്നും മന്ത്രി അറിയിച്ചു.നിലാവെട്ടം പോലുള്ള കലാ സാംസ്കാരിക പ്രവർത്തനങ്ങിലൂടെ സമൂഹത്തിൽ ഒത്തൊരുമ വളർത്തിയെടുക്കാൻ കഴിയണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

എ സി മൊയ്തീൻ എം എൽ എ അധ്യക്ഷനായി.കലാമണ്ഡലം നിർവ്വാഹക സമിതി അംഗവും നിലാവെട്ടം പ്രോഗ്രാം കമ്മിറ്റി ചെയർമാനുമായ ടി കെ വാസു പരിപാടി വിശദീകരിച്ചു. നടൻ വി കെ ശ്രീരാമൻ, എഴുത്തുകാരൻ ഡോ. ഹരികൃഷ്ണൻ തുടങ്ങിയവർ വിശിഷ്ടാതിഥിയായി. നഗരസഭാ ചെയർപേഴ്സൺ സീത രവീന്ദ്രൻ , ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആൻസി വില്യംസ്, പ്രോഗ്രാം കമ്മിറ്റി സെക്രട്ടറി കെ എ അസി , പഞ്ചായത്ത് പ്രസിഡന്റ്മാരായ പി ഐ രാജേന്ദ്രൻ , അഡ്വ. കെ രാമകൃഷ്ണൻ ,ടി ആർ ഷോബി, ചിത്ര വിനോഭാജി, എസ്  ബസന്ത് ലാൽ ,ഇ എസ് രേഷ്മ, മീന സാജൻ, വാർഡ് കൗൺസിലർ റീന സലിൽ ,എസിപി ടി എസ് സിനോജ് ,ജില്ലാ - ബ്ലോക്ക് -പഞ്ചായത്ത് അംഗങ്ങൾ, നഗരസഭാംഗങ്ങൾ, ജനപ്രതിനിധികൾ,സാമൂഹ്യ സാംസ്കാരിക  പ്രമുഖര്‍, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.

ഉദ്ഘാടനത്തിന് മുന്നോടിയായി കുന്നംകുളം നഗരത്തിന്റെ സാംസ്കാരിക പ്രൗഢി വിളിച്ചോതി വർണ്ണാഭമായ ഘോഷയാത്രയും സംഘടിപ്പിച്ചു.  തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വിവിധ ക്ലബ്ബുകൾ, സംഘടനകൾ എന്നിവയുടെ നേതൃത്വത്തിലും അണിനിരന്ന കലാ രൂപങ്ങളും വാദ്യഘോഷങ്ങളും ഘോഷയാത്രയ്ക്ക്  പകിട്ടേകി.കേരളത്തിന്റെ സാംസ്കാരിക പ്രതീകങ്ങളായ ഭരതനാട്യം, മോഹിനിയാട്ടം, കഥകളി
കളരിപ്പയറ്റ്, തെയ്യം, തിറ, തുടങ്ങീ വേഷങ്ങൾക്കൊപ്പം കരാട്ടെ, സ്ക്കേറ്റിംഗ്, നിശ്ചല ദൃശ്യങ്ങൾ, വനിതകളുടെ ശിങ്കാരിമേളം എന്നിവ ഘോഷയാത്രയിൽ കൗതുകകാഴ്ചയൊരുക്കി.

കൂടാതെ ബുള്ളറ്റ് റോയൽ  എൻഫീൽഡ് റാലി , സൈക്കിൾ റാലി ,താലൂക്ക് ആശുപത്രിയുടെ നേതൃത്വത്തിൽ ടേബ്ളോ, എന്നിവയ്ക്കൊപ്പം മുത്തുക്കുടയും പഞ്ചവാദ്യവും കാവടിയും അണിനിരന്നപ്പോൾ ഘോഷയാത്ര പ്രൗഢ ഗംഭീരമായി. ആയിരങ്ങൾ അണിനിരന്ന് കുന്നംകുളം ടൗൺ ഹാളിൽ നിന്ന് ആരംഭിച്ച ഘോഷയാത്ര നിലാവെട്ടം വേദിയായ ചെറുവത്തൂർ മൈതാനിയിൽ സമാപിച്ചു.ഉദ്ഘാടനത്തിനു ശേഷം അരങ്ങേറിയ കലാമണ്ഡലം  നൃത്ത വിദ്യാര്‍ത്ഥികളുടെ നിലാവെട്ടം സ്വാഗതഗാനനൃത്തം,പത്മശ്രീ ശോഭനയും സംഘവും അവതരിപ്പിച്ച  'നടനം ശോഭനം എന്നിവ കാണികളുടെ മനം കവർന്നു.

രണ്ടാം ദിനമായ ഇന്ന് (ഏപ്രിൽ 14 )വൈകുന്നേരം 5 മണിക്ക് പ്രാദേശിക പരിപാടികൾ, 6.30 ന് കാണിപ്പയ്യൂർ കൈക്കൊട്ടിക്കളി സംഘത്തിന്റെ തിരുവാതിര, 7.30 ന് മട്ടന്നൂർ ശങ്കരൻകുട്ടി, പ്രകാശ് വെള്ളരി എന്നിവരുടെ നേതൃത്വത്തിൽ നടക്കുന്ന മെഗാ ഫ്യൂഷൻ തുടങ്ങിയ കലാപരിപാടികൾ  ഉണ്ടായിരിക്കും.

ഏപ്രിൽ 30 വരെ നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടിയിൽ രുചി വൈവിധ്യ കലവറയൊരുക്കി കുടുംബശ്രീ ഫുഡ് കോർട്ട്,വിവിധ അമ്യൂസ്മെന്‍റ്  റൈഡുകള്‍, ഇന്ത്യന്‍ വിദേശ അലങ്കാര മത്സ്യങ്ങളുടേയും അലങ്കാര പക്ഷികളുടേയും പ്രദര്‍ശനം, വിവിധ
രാജ്യങ്ങളില്‍ നിന്നുമുള്ള വര്‍ണ്ണ മത്സ്യ പ്രദർശനം, വര്‍ണ്ണപ്പൂക്കളാല്‍ വസന്തോദ്യാനം തീര്‍ക്കുന്ന ഫ്ലവര്‍ഷോ, വിവിധ ഉല്പാദകരുടേയും വിതരണക്കാരുടേയും സേവന ദാതാക്കളുടേയും വാണിജ്യ വിപണന സ്റ്റാളുകള്‍, ഓട്ടോ എക്സ്പോ തുടങ്ങിയവ ഉണ്ടായിരിക്കും.

date