Skip to main content

മുതിർന്ന പൗരൻമാരുടെ ക്ഷേമം: നിയമസഭാ സമിതി സിറ്റിംഗ് നടത്തി

മുതിർന്ന പൗരൻമാരുടെ അവകാശങ്ങളും ആനുകൂല്യങ്ങളും നേടിയെടുക്കുന്നതിലുള്ള സാങ്കേതിക തടസ്സങ്ങൾ ലഘൂകരിക്കുന്നതിന് വേണ്ട നിർദേശങ്ങൾ നിയമസഭയ്ക്ക് മുമ്പാകെ സമർപ്പിക്കുമെന്ന് മുതിർന്ന പൗരൻമാരുടെ ക്ഷേമം സംബന്ധിച്ച നിയമസഭാ സമിതി ചെയർമാൻ കെ പി മോഹനൻ എംഎൽഎ പറഞ്ഞു. 80 വയസ്സിന് മുകളിലുള്ളവർക്ക് വീടുകളിൽചെന്ന് ക്ഷേമ പെൻഷൻ മസ്റ്ററിംഗ് നടത്താൻ ശുപാർശ നൽകുമെന്ന് സമിതി അറിയിച്ചു. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന സിറ്റിംഗിൽ സമിതി അംഗങ്ങളായ രാമചന്ദ്രൻ കടന്നപ്പള്ളി, കെ പി കുഞ്ഞഹമ്മദ് കുട്ടി, ജോബ് മൈക്കിൾ, വാഴൂർ സോമൻ എന്നീ എംഎൽഎമാരും പങ്കെടുത്തു. പന്ത്രണ്ടോളം നിവേദനങ്ങളും നിർദേശങ്ങളും സമിതി സ്വീകരിച്ചു.

ക്ഷേമ പെൻഷൻ മസ്റ്ററിംഗിന് ജൂൺ 30 വരെ സമയം അനുവദിച്ചതായും കിടപ്പുരോഗികൾക്ക് വീടുകളിൽ ചെന്ന് മസ്റ്ററിംഗ് നടത്തുന്നായും തദ്ദേശ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ പി എം ധനീഷ് അറിയിച്ചു. ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും പാലിയേറ്റീവ് മരുന്നുകൾ ആശുപത്രികൾ വഴി നൽകുന്നതായി ഡെപ്യൂട്ടി ഡിഎംഒ ഡോ. എം പി ജീജ അറിയിച്ചു. ഈ വർഷം ജില്ലാ പഞ്ചായത്ത് ഇതിനായി ഒരു കോടി രൂപ നീക്കി വെച്ചിട്ടുണ്ട്. മുതിർന്ന പൗരൻമാർക്ക് പ്രത്യേക ജെറിയാട്രിക് വാർഡുകൾ ഇല്ലെങ്കിലും വാർഡുകളിൽ ഏതാനും വാർഡുകൾ മുതിർന്നവർക്കായി നീക്കിവെച്ചിട്ടുണ്ട്. സർക്കാർ ആശുപത്രികളിലെ ഒപിയിൽ മുതിർന്ന പൗരൻമാർക്ക് ക്യൂ ആവശ്യമില്ല. കണ്ണൂർ ഗവ. ആയുർവേദ മെഡിക്കൽ കോളജിൽ ജെറിയാട്രിക് വാർഡ് പ്രവർത്തിക്കുന്നതായി കോളജിന്റെ പ്രതിനിധി അറിയിച്ചു.
ജില്ലയിൽ അഴീക്കോട്ടെ സർക്കാർ വൃദ്ധസദനം, എൻജിഒകൾ നടത്തുന്ന 64 വൃദ്ധ സദനം എന്നിവയിലായി 1517 അന്തേവാസികൾ ഉണ്ടെന്ന് ജില്ലാ സാമൂഹിക നീതി ഓഫീസർ അഞ്ജു മോഹൻ പറഞ്ഞു. ഗവ. വൃദ്ധ സദനത്തിൽ വയോ അമൃതം പദ്ധതി നടപ്പിലാക്കുന്നു.
ജില്ലയിലെ എല്ലാ പോലീസ് സ്‌റ്റേഷനുകളിലും മുതിർന്ന പൗരൻമാർക്കായി പ്രശാന്തി സീനിയർ ഹെൽപ് ഡെസ്‌ക് പ്രവർത്തിക്കുന്നതായി കണ്ണൂർ സിറ്റി അഡീഷനൽ എസ്പി എ വി പ്രദീപ് അറിയിച്ചു. സീനിയർ സിറ്റിസൻ നോഡൽ ഓഫീസറുമുണ്ട്. ഒറ്റപ്പെട്ട മുതിർന്ന പൗരൻമാർക്കായി റെഡ് ബട്ടൻ കാളിംഗ് ബെൽ പദ്ധതി നടപ്പിലാക്കി വരുന്നു.
കേരള സീനിയർ സിറ്റിസൻ ഫോറം ജനറൽ സെക്രട്ടറി പി കുമാരൻ, സി വി കുഞ്ഞിക്കണ്ണൻ (സീനിയർ സിറ്റിസൻ വെൽഫെയർ അസോസിയേഷൻ), ടി വി രാഘവൻ (സീനിയർ സിറ്റിസൻ സർവീസ് കൗൺസിൽ), സീനിയർ ജേണലിസ്റ്റ് യൂനിയൻ ജില്ലാ സെക്രട്ടറി രഞ്ജിത്ത് ബാബു, ഫാദർ സണ്ണി എന്നിവർ പരാതികൾ ഉന്നയിച്ചു.
തുടർന്ന് കണ്ണൂർ ജില്ലാ ആശുപത്രി സന്ദർശിച്ച സമിതി ആശുപത്രിയിൽ വയോജനങ്ങൾക്കായി നടപ്പിലാക്കിയ സൗകര്യങ്ങളിൽ തൃപ്തി രേഖപ്പെടുത്തി. അത്യാഹിത വിഭാഗം, പുതിയ കെട്ടിടത്തിലെ പുരുഷൻമാരുടെ വാർഡുകൾ എന്നിവ സന്ദർശിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. പ്രീത, എൻഎച്ച്എം ഡിപിഎം ഡോ. പി കെ അനിൽകുമാർ എന്നിവർ സ്വീകരിച്ചു.

date