Skip to main content

നവകേരളം വൃത്തിയുള്ള കേരളം കാമ്പയിന്റെ ഭാഗമായിബാലസഭ കുട്ടികളും

സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന 'നവകേരളം വൃത്തിയുള്ള കേരളം' കാമ്പയിന്റെ ഭാഗമായി നടത്തി വരുന്ന വിവിധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി ബാലസഭ കുട്ടികള്‍. ഇതിന്റെ ഭാഗമായി കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തില്‍ വിവിധ സി.ഡി.എസുകളില്‍ ശുചിത്വോത്സവം, പ്ലോഗിംഗ് മാരത്തോണ്‍ എന്നിവ സംഘടിപ്പിച്ചു. ശുചിത്വ മാലിന്യ സംസ്‌കരണ  പരിപാടിയില്‍ കുട്ടികളിലൂടെ ബോധവല്‍ക്കരണം നടത്തുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ശുചിത്വോത്സവം പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം മലയാലപ്പുഴ ഗവ. സ്‌കൂള്‍ അങ്കണത്തില്‍ ജില്ലാ പഞ്ചായത്ത് അംഗം ജിജോ മോഡി നിര്‍വഹിച്ചു. മാലിന്യങ്ങളുടെ തരംതിരിക്കല്‍, വീടുകളില്‍ മാലിന്യം തരംതിരിക്കേണ്ട രീതി എന്നിവയെക്കുറിച്ച് ഹരിത കര്‍മ്മസേനയുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്ക് അവബോധം നല്‍കി. ബാലസഭ കുട്ടികളുടെ ഗൃഹ സന്ദര്‍ശനം, പോസ്റ്റര്‍ തയ്യാറാക്കല്‍, ക്ലിക്ക് ആന്റ് ലുക്ക് ഫോട്ടോഗ്രാഫി, ഹരിത സംവാദം, ഹരിത പാര്‍ലമെന്റ് എന്നിവയാണ് പ്രധാനമായും നടത്തുന്ന പരിപാടികള്‍. മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  പ്രീജ പി. നായര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബ്ലോക്ക് അംഗം സുജാത അനില്‍, വാര്‍ഡ് അംഗം സുമ രാജശേഖരന്‍,അസി. ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍  ബിന്ദുരേഖ, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍  ജലജ കുമാരി,  മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് അസി.സെക്രട്ടറി അജിത്, സോഷ്യല്‍ ഡവലപ്മെന്റ് ജില്ലാ പ്രോഗ്രാം മാനേജര്‍ ബി.എന്‍ ഷീബ,  കുടുംബശ്രീ അംഗങ്ങള്‍, ബാലസഭാംഗങ്ങള്‍, ജില്ലാമിഷന്‍ ഉദ്യോഗസ്ഥര്‍, ഹരിത കര്‍മ്മ സേനാംഗങ്ങള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. (പിഎന്‍പി 1293/23)

date