Skip to main content

തീരദേശത്തിന് പുതിയ പ്രതീക്ഷകൾ നൽകി വർക്കല തീരസദസ്സ്

*മാന്തറ, ഗ്രാലിക്കുന്ന് കോളനികൾ നവീകരിക്കും

വർക്കലയിലെ തീരദേശമേഖലയ്ക്ക് പുതിയ പ്രതീക്ഷകൾ നൽകി തിരുവനന്തപുരം ജില്ലയിലെ തീരസദസ്സിന് സമാപനം. വർക്കല മോഡൽ എച്ച്.എസ്.എസിൽ നടന്ന തീരസദസ് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. വർക്കലയിലെ മാന്തറ, ചിലവൂർ ഗ്രാലിക്കുന്ന് കോളനികളുടെ നവീകരണവും രണ്ടു മത്സ്യമാർക്കറ്റുകളുടെ നവീകരണവും ഈ വർഷം നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. പുന്നമൂട്,പുത്തൻചന്ത എന്നിവിടങ്ങളിലെ മത്സ്യ മാർക്കറ്റുകളാണ് നവീകരിക്കുന്നത്. വാസയോഗ്യമായ വീടിനായുള്ള അപേക്ഷകളും പട്ടയവുമായി ബന്ധപ്പെട്ട പരാതികളുമാണ്   തീരസദസുകളിൽ കൂടുതൽ ഉയർന്നു വന്നതെന്നതിനാൽ, ഇക്കാര്യങ്ങൾ പരിഗണിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദേശം നൽകി. മത്സ്യബന്ധന മേഖലയിലെ വനിതകളെ ശാക്തീകരിക്കുന്നതിനായി ഓൺലൈൻ മത്സ്യ വിപണനം ഉൾപ്പെടെ നൂതനസംരംഭങ്ങൾ ആരംഭിക്കുന്നത് സർക്കാർ പരിഗണനയിലാണെന്നും മന്ത്രി വ്യക്തമാക്കി.

വർക്കല മണ്ഡലവുമായി ബന്ധപ്പെട്ട് 93 പരാതികളാണ് തീരസദസ്സിൽ ലഭിച്ചത്. ഇതിൽ ഫിഷറീസ് വകുപ്പുമായി ബന്ധപ്പെട്ട് 86 പരാതികളാണുണ്ടായിരുന്നത്. ഭവന സംബന്ധമായ 23 അപേക്ഷകളാണ് ലഭിച്ചത്. ചിലക്കൂർ തീരത്ത് ഫിഷ് ലാൻഡിങ് സെന്റർ നിർമാണം, ഇടവ വറ്റക്കടയിൽ പുലിമുട്ട് നിർമാണം, മത്സ്യത്തൊഴിലാളികളുടെ മക്കൾക്കുള്ള വിദ്യാഭ്യാസ ധനസഹായം, ടോയ്‌ലറ്റ്, ഭവന അറ്റകുറ്റപ്പണി, മത്സ്യബന്ധന യാനങ്ങൾക്കുള്ള ഇൻഷുറൻസ്, മത്സ്യത്തൊഴിലാളി ക്ഷേമ നിധി ബോർഡ് വഴിയുള്ള ധനസഹായം, മണ്ണെണ്ണ പെർമിറ്റുമായി ബന്ധപ്പെട്ട പരാതികൾ എന്നിങ്ങനെയാണ് വർക്കല തീരസദസ്സിൽ മന്ത്രിക്ക് മുന്നിലെത്തിയ വിഷയങ്ങൾ. ഫിഷറീസ് വകുപ്പുമായി ബന്ധപ്പെട്ട അപേക്ഷകളിൽ തീരസദസ്സിൽ തന്നെ തീരുമാനമെടുത്തു. മറ്റ് അപേക്ഷകൾ തുടർനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്കും കൈമാറി. മരണാനന്തര ധനസഹായം, വിവാഹ ധനസഹായം, വനിതാ ഗ്രൂപ്പുകൾക്ക് സ്വയംതൊഴിൽ വായ്പാ ധനസഹായം ഉൾപ്പെടെ മൂന്ന്‌ലക്ഷത്തി ഇരുപതിനായിരത്തോളം രൂപയുടെ ധനസഹായവും നൽകി.

വി.ജോയ് എം.എൽ.എ അധ്യക്ഷത വഹിച്ച പരിപാടിയിൽ മത്സ്യത്തൊഴിലാളികളുടെ പങ്കാളിത്തവും ശ്രദ്ധേയമായി. തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര, കോവളം, നേമം, തിരുവനന്തപുരം, കഴക്കൂട്ടം, ചിറയിൻകീഴ്, വർക്കല തുടങ്ങി ഏഴ് തീരദേശമണ്ഡലങ്ങളിലാണ് തീരസദസ്സ് നടന്നത്.

date