Skip to main content

കല്ലറ യു.ഐ.ടിക്ക് സ്വന്തം കെട്ടിടം, ഉദ്ഘാടനത്തിനൊരുങ്ങി ബഹുനില മന്ദിരം

ഡി.കെ മുരളി എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ നിന്നും 99 ലക്ഷം രൂപ വിനിയോഗിച്ച് കല്ലറ യു.ഐ.ടി സെന്ററിന് വേണ്ടി നിർമിച്ച ബഹുനില മന്ദിരം ഉദ്ഘാടനത്തിനൊരുങ്ങുന്നു. കല്ലറ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂളിന്റെ ശതാബ്ദിയാഘോഷങ്ങളുടെ ഭാഗമായി വാങ്ങിയ ഒരേക്കർ 40 സെന്റ് സ്ഥലത്തിൽ നിന്നും വിട്ടുനൽകിയ 35 സെന്റിലാണ് അത്യാധുനിക സംവിധാനങ്ങളോടെയുള്ള കെട്ടിടം പണിതത്. രണ്ട് നിലകളിലായി നാല് ക്ലാസ് മുറികൾ, സെമിനാർ ഹാൾ, ഓഫീസ്, രണ്ട് ടോയ്ലറ്റ് കോംപ്ലക്സുകൾ എന്നീ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. യു.ഐ.ടി സെന്ററിലേക്കുള്ള റോഡ് മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി 30 ലക്ഷത്തോളം രൂപ ചെലവഴിച്ച് ആധുനികരീതിയിൽ നവീകരിക്കുകയും ചെയ്തു. ബാക്കിയുള്ള പെയിന്റിംഗ് ജോലികൾ കൂടെ പൂർത്തിയാക്കി അടുത്ത അധ്യയന വർഷം തുടങ്ങുന്നതിന് മുമ്പ് തന്നെ ഉദ്ഘാടനം നടത്താനാകുമെന്നാണ് പ്രതീക്ഷ.

കേരള യൂണിവേഴ്സിറ്റിയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന സെൽഫ് ഫിനാൻസിംഗ് കോളേജായ കല്ലറ യു.ഐ.ടി സെന്റർ 2017 സെപ്തംബറിലാണ് പ്രവർത്തനമാരംഭിച്ചത്. ബി.കോം കോർപറേഷൻ, ബി.എ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ എന്നീ കോഴ്സുകളിലായി നൂറ്റിയിരുപതോളം കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്. വാടകകെട്ടിടത്തിലായിരുന്നു സെന്ററിന്റെ പ്രവർത്തനം. കല്ലറ ഗ്രാമപഞ്ചായത്തിലെ ആദ്യ ഉന്നത വിദ്യാഭ്യാസ കേന്ദ്രമായ യു.ഐ.ടിക്ക് പുത്തൻ കെട്ടിടം യാഥാർത്ഥ്യമാകുന്നതോടെ, മലയോര ഗ്രാമമായ കല്ലറയിലെയും പരിസര പ്രദേശത്തെയും ഉന്നത വിദ്യാഭ്യാസരംഗത്തിന് പുത്തനുണർവാകുമെന്നുറപ്പാണ്.

date