Skip to main content

പത്തനാപുരം കെ എസ് ആര്‍ ടി സി ഡിപ്പോയ്ക്ക് സ്ഥലം അനുവദിക്കുന്നത് പരിഗണിക്കും : മന്ത്രി എ കെ ശശീന്ദ്രന്‍

അതിര്‍ത്തി നിര്‍ണയം പൂര്‍ത്തിയാക്കി പത്തനാപുരം കെ എസ് ആര്‍ ടി സി ഡിപ്പോയുടെ വിപുലീകരണത്തിനായി സ്ഥലം അനുവദിക്കുന്നകാര്യം പരിഗണനയിലാണെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. ഏറെ സങ്കീര്‍ണതകള്‍ നിറഞ്ഞതാണ് വനംഭൂമിയിലെ അതിര്‍ത്തി നിര്‍ണയമെന്നും ഇത് ലഘൂകരിച്ച് എത്രയും വേഗം ഡിപ്പോയ്ക്ക് സ്ഥലം ലഭ്യാക്കാന്‍ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു. പത്തനാപുരം സെന്റ് സ്റ്റീഫന്‍സ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന വനസൗഹൃദ സദസ്സില്‍ അധ്യക്ഷത വഹിച്ച കെ ബി ഗണേഷ് കുമാര്‍ എം എല്‍ യുടെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

അര്‍ഹരായവര്‍ക്ക് പട്ടയം നല്‍കുന്നതിന് അടിയന്തര നടപടി സ്വീകരിക്കും. ഇതിനായി ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ഉന്നതതല സമിതിയെ നിയോഗിച്ചിട്ടുണ്ട്. വനം, റവന്യൂ, എസ് സി/ എസ് ടി വകുപ്പുകളുടെ ഉദ്യോഗസ്ഥരടങ്ങുന്ന സമിതി പട്ടയവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പരിഗണിക്കും. ജില്ലാകലക്ടറെ ഈ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

വന്യജീവികളുടെ ആക്രമണവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അതിവേഗ നടപടി സ്വീകരിക്കും. ജനത്തെ മറന്നുകൊണ്ടുള്ള വനസംരക്ഷണമോ വനത്തെയും വന്യമൃഗങ്ങളെയും മറന്നുകൊണ്ടുള്ള മനുഷ്യസംരക്ഷണമോ സര്‍ക്കാര്‍ നയമല്ല. വന്യജീവി ആക്രമണത്തിന് ഇരയായവര്‍ക്കുള്ള നഷ്ടപരിഹാരം അതിവേഗം ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കും. നഷ്ടപരിഹാരതുക വര്‍ധിപ്പിക്കുന്നതിനായി മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണ്. കാട്ടിനുള്ളില്‍ ആവശ്യത്തിന് ഭക്ഷണവും വെള്ളവും ഉറപ്പു വരുത്തി വന്യജീവികള്‍ ജനവാസ കേന്ദ്രങ്ങളിലേക്കുള്ള വരവ് തടയും. ഇതിനായി കൂടുതല്‍ തടയണകള്‍ നിര്‍മിക്കുന്നതും കാടിനുള്ളില്‍ ഫലവൃക്ഷങ്ങള്‍ വച്ചുപിടിക്കുന്നകാര്യവും പരിഗണനയിലാണ്.

ആദിവാസി സെറ്റില്‍മെന്റ് ഏരിയയിലേക്കുള്ള റോഡിന്റെ നവീകരണത്തിനും നിര്‍മാണത്തിനും യാതൊരുവിധ തടസ്സവുമുണ്ടാവില്ല. 1980 ന് മുന്‍പ് തദ്ദേശസ്ഥാപനങ്ങളുടെ പണമുപയോഗിച്ച് നിര്‍മിച്ച റോഡുകളുടെ നവീകരണത്തിനും തടസ്സങ്ങളില്ലെന്നും എന്നാല്‍ അതിന് ശേഷമുണ്ടായിട്ടുള്ള റോഡുകളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ അനുമതി നേടേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. മന്ത്രി ജെ ചിഞ്ചുറാണി മുഖ്യാതിഥിയായി.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപന്‍, പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി ആനന്ദവല്ലി, പത്തനാപുരം ഗ്രാമപഞ്ചായത്ത് പ്രിസിഡന്റ് എസ് തുളസി, പിറവന്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍ ജയന്‍, അലയമണ്‍ ഗ്രാമപഞ്ചായത്ത് പ്രിസിഡന്റ് അസീന മനാഫ്, ജില്ലാ പഞ്ചായത്ത അംഗം സുനിതാ രാജേഷ്, അഡീഷണല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പ്രമോദ് ജ കൃഷ്ണന്‍, ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ എ ഷാനവാസ് തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ കൊച്ചരിപ്പ-ഇടപ്പണ, വഞ്ചിയോട്, മാമ്പഴത്തറി ഊരുകൂട്ടങ്ങളുടെ സാമൂഹിക വനാവകാശ രേഖകളുടെ വിതരണം, വന്യജീവി ആക്രമണം നേരിട്ടവര്‍ക്കുള്ള നഷ്ട പരിഹാര വിതരണം, ഊരുമൂപ്പന്‍മാരെ ആദരിക്കല്‍ എന്നിവ നടന്നു.

date