Skip to main content

വൃത്തിയുള്ള കേരളം, വലിച്ചെറിയല്‍ മുക്ത കേരളം : ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു

നവ കേരളം വൃത്തിയുള്ള കേരളം, വലിച്ചെറിയല്‍ മുക്ത കേരളം ക്യാമ്പയ്ന്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്‍മാരുടെയും സെക്രട്ടറിമാരുടെയും യോഗം ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണിന്റെ അധ്യക്ഷതയില്‍ പെരിനാട് ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു.

2024 മാര്‍ച്ച് മാസത്തില്‍ സമ്പൂര്‍ണ മാലിന്യ മുക്ത സംസ്ഥാനമെന്ന നേട്ടം കൈവരിക്കുകയാണ് ക്യാമ്പയിന്റെ ലക്ഷ്യം. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, കുടുംബശ്രീ ഗ്രീന്‍ അംബാസിഡര്‍,ഹരിത കര്‍മ്മ സേന ആര്‍ പിമാര്‍,മെഡിക്കല്‍ ഓഫീസര്‍,ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍,ഹെല്‍ത്ത് സൂപ്പര്‍വൈസര്‍, ആശാവര്‍ക്കര്‍, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ്, എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍, എന്‍ എസ് എസ് വോളണ്ടിയേഴ്സ് എന്നിവര്‍ക്ക് കിലയുടെ സഹായത്തോടെ പ്രത്യേക പരിശീലനവും ആസൂത്രണം ചെയ്തിട്ടുണ്ട്.

മാലിന്യ പരിപാലന പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനായി എല്ലാ തദ്ദേശസ്ഥാപനങ്ങളിലും നോഡല്‍ ഓഫീസറെ നിയമിച്ചിട്ടുണ്ട്. മാലിന്യം പ്രശ്നങ്ങള്‍ക്ക് നിയമപരമായ നടപടി സ്വീകരിക്കുന്നതിനായി എല്ലാ പോലീസ് സ്റ്റേഷനുകളിലും പ്രത്യേകം ഓഫീസര്‍മാരെ നിയമിക്കാന്‍ യോഗം നിര്‍ദേശം നല്‍കി. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വിപുലമായ പരിപാടികള്‍ ക്യാമ്പയ്ന്റെ ഭാഗമായി സംഘടിപ്പിക്കും.

യോഗത്തില്‍ തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ഡി സാജു പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ അജയകുമാര്‍, നവകേരളം കര്‍മ പദ്ധതി ജില്ലാ കോര്‍ഡിനേറ്റര്‍ എസ് ഐസക്, ശുചിത്വ മിഷന്‍ കോര്‍ഡിനേറ്റര്‍ സൗമ്യ ഗോപാലകൃഷ്ണന്‍ ജില്ലാ ജനകീയാസൂത്രണ കില ഫെസിലിറ്റേറ്റര്‍ അനില്‍കുമാര്‍, ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷര്‍, സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date